തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് മുന്നോട്ട് വെച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് മുന്നോട്ട് വെച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര' നടപ്പിലാക്കാൻ വൈകുന്നതിനെതിരെ ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോർച്ച സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാക്കി. ബസിനുള്ളിൽ കയറി ഇരുന്നും ടിക്കറ്റെടുക്കാൻ വിസമ്മതിച്ചുമാണ് മഹിളാ മോർച്ച പ്രവർത്തകർ വേറിട്ട രീതിയിൽ സമരം നടത്തിയത്. മെയ് 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് നേതാക്കൾ ജനങ്ങൾക്ക് നൽകിയ ഉറപ്പ്. എന്നാൽ ഈ തീയതി കഴിഞ്ഞിട്ടും വാഗ്ദാനം പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് മഹിളാ മോർച്ച പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കാസർകോട് ഉൾപ്പെടെയുള്ള പ്രധാന ഡിപ്പോകളിൽ പ്രവർത്തകർ കെഎസ്ആർടിസി ബസുകൾക്കുള്ളിൽ കയറി ഇരുന്ന് പ്രതിഷേധിച്ചു.
ചിലയിടങ്ങളിൽ ടിക്കറ്റെടുക്കാൻ വിസമ്മതിച്ച പ്രവർത്തകരും ബസ് ജീവനക്കാരും തമ്മിൽ ശക്തമായ തർക്കമുണ്ടായി. തുടർന്ന് കാസർകോട് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ബിജെപി ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ ബസ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വോട്ട് നേടി ജയിച്ച ശേഷം ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് യുഡിഎഫിന്റേതെന്നും ഗ്രൂപ്പ് തർക്കങ്ങൾ കാരണം മന്ത്രിസഭാ രൂപീകരണം വൈകുന്നത് ഭരണസ്തംഭനത്തിന് കാരണമാകുന്നുവെന്നും മഹിളാ മോർച്ച നേതാക്കൾ ആരോപിച്ചു.
അതേസമയം, പുതിയ സർക്കാർ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുൻപുള്ള ഈ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ പ്രതികരിച്ചു. നിലവിൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ യാത്രാ നിരക്ക് കണക്കാക്കുന്നതിനുള്ള 'ജെൻഡർ ടിക്കറ്റിംഗ്' സംവിധാനം ആരംഭിച്ചിട്ടുണ്ടെന്നും ഔദ്യോഗിക ഉത്തരവ് വരുന്നതോടെ വാഗ്ദാനം നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Key Words: Mahila Morcha, BJP, Protest

COMMENTS