അമരാവതി: സംസ്ഥാനത്ത് കുറഞ്ഞുവരുന്ന ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിനായി വിപ്ലവകരമായ പുതിയ ജനസംഖ്യാ നയം പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്ര...
അമരാവതി: സംസ്ഥാനത്ത് കുറഞ്ഞുവരുന്ന ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിനായി വിപ്ലവകരമായ പുതിയ ജനസംഖ്യാ നയം പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക സഹായം നൽകുന്നതാണ് പുതിയ പദ്ധതി.ശ്രീകാകുളം ജില്ലയിലെ നർസന്നപേട്ടയിൽ നടന്ന പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി ഈ നിർണായക പ്രഖ്യാപനം നടത്തിയത്.
പദ്ധതി പ്രകാരം രണ്ടാമത്തെ കുട്ടി ജനിക്കുന്ന കുടുംബങ്ങൾക്ക് 25,000 രൂപയും, മൂന്നാമത്തെ കുട്ടിക്ക് 30,000 രൂപയും, നാലാമത്തെ കുട്ടിക്ക് 40,000 രൂപയും സർക്കാർ ധനസഹായമായി നൽകും.സംസ്ഥാനത്തെ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ചത്. നിലവിലെ സാഹചര്യം തുടർന്നാൽ 2047-ഓടെ ആന്ധ്രപ്രദേശിലെ ജനസംഖ്യയുടെ 23 ശതമാനവും പ്രായമായവരായി മാറുമെന്ന് ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി.
യുവാക്കളുടെ എണ്ണം കുറയുന്നത് സംസ്ഥാനത്തിന്റെ വികസനത്തെ ബാധിക്കുമെന്നതിനാലാണ് ജനനനിരക്ക് ഉയർത്താൻ സർക്കാർ നേരിട്ട് ഇടപെടുന്നത്.കുട്ടികൾ രാജ്യത്തിന് ഭാരമല്ല, മറിച്ച് വലിയ സമ്പത്താണെന്നാണ് പുതിയ നയത്തിലൂടെ സർക്കാർ വ്യക്തമാക്കുന്നത്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങളും അർഹതയ്ക്കുള്ള മാനദണ്ഡങ്ങളും അടങ്ങിയ ഔദ്യോഗിക ഉത്തരവ് ഒരു മാസത്തിനകം സർക്കാർ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Key Words : Financial Assistance, Andhra Government, Population Policy

COMMENTS