തിരുവനന്തപുരം: കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ, കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വസതിയിലെത്തി സന്ദർശിച്ചു. തിരുവനന്തപുരം ബേക്...
തിരുവനന്തപുരം: കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ, കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വസതിയിലെത്തി സന്ദർശിച്ചു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ബേക്കറി ജംക്‌ഷനിലെ പിണറായിയുടെ വാടക വീട്ടിൽ സതീശനെത്തിയത്.
പിണറായി, ഭാര്യ കമല, മകൾ വീണ തുടങ്ങിയവർ പുറത്തെത്തി സതീശനെ സ്വീകരിച്ചു. പിണറായി ഹസ്തദാനം നൽകിയാണ് നിയുക്ത മുഖ്യമന്ത്രിയെ വീടിനുള്ളിലേക്കു ക്ഷണിച്ചത്. ചായ നൽകി സൽക്കരിക്കുകയും ചെയ്തു. വരാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിച്ചതായി വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണം എന്നത് ഒരു തുടർച്ചയാണെന്നും മുൻ സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ പുതിയ സർക്കാർ നിർത്തിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മുൻപ് തങ്ങൾ വിമർശിച്ച ചില കാര്യങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയൻ ഭരണപരിചയമുള്ള മുതിർന്ന നേതാവാണെന്നും പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തെ നേരിൽ കണ്ട് പിന്തുണ തേടിയതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. കേരള രാഷ്ട്രീയത്തിലെ ആരോഗ്യകരമായ ജനാധിപത്യ മര്യാദകളുടെ പ്രതീകമായി ഈ കൂടിക്കാഴ്ച മാറി.
Key Words : V.D. Satheesan, Pinarayi Vijayan

COMMENTS