തിരുവനന്തപുരം : പതിനാറാം കേരള നിയമസഭയിലെ പുതിയ അംഗങ്ങൾ പ്രോടെം സ്പീക്കർ ജി. സുധാകരന് മുന്നിൽ സത്യവാചകം ചൊല്ലി ചുമതലയേറ്റു. അക്ഷരമാലാ ക്രമത...
തിരുവനന്തപുരം : പതിനാറാം കേരള നിയമസഭയിലെ പുതിയ അംഗങ്ങൾ പ്രോടെം സ്പീക്കർ ജി. സുധാകരന് മുന്നിൽ സത്യവാചകം ചൊല്ലി ചുമതലയേറ്റു.
അക്ഷരമാലാ ക്രമത്തിലായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ.
ഭൂരിഭാഗം അംഗങ്ങളും മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ചില അംഗങ്ങൾ ഇംഗ്ലീഷിലും കന്നഡയിലും സത്യവാചകം ചൊല്ലി. കാസർകോട് നിന്നുള്ള എംഎൽഎ എ.കെ.എം. അഷറഫ് കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
കോഴിക്കോട് സൗത്ത് എംഎൽഎ ഫൈസൽ ബാബു, പാലാ എംഎൽഎ മാണി സി.കാപ്പൻ എന്നിവർ ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലി.
അംഗങ്ങളിൽ ചിലർ ദൈവനാമത്തിലും മറ്റു ചിലർ സഗൗരവ പ്രതിജ്ഞയിലൂടെയുമാണ് നിയമസഭാംഗങ്ങളായി ചുമതലയേറ്റത്.
രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറമുള്ള ചില അപൂർവ്വ സൗഹൃദക്കാഴ്ചകൾക്കും നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചു. സിപിഎം വിട്ട് തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ടി.കെ. ഗോവിന്ദൻ സത്യവാചകം ചൊല്ലുന്നതിന് തൊട്ടുമുൻപ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്തെത്തി ഹസ്തദാനം നൽകിയത് ഭരണപക്ഷ ബെഞ്ചുകളിൽ വലിയ കയ്യടിയോടെയാണ് സ്വീകരിക്കപ്പെട്ടത്.
പയ്യന്നൂരിൽ നിന്ന് ജനവിധി നേടി വിജയിച്ച വി. കുഞ്ഞിക്കൃഷ്ണൻ എംഎൽഎയും സത്യപ്രതിജ്ഞയ്ക്ക് ശേഷം പിണറായി വിജയനെ അഭിവാദ്യം ചെയ്ത ശേഷമാണ് മടങ്ങിയത്. കൂടാതെ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള ഇടതുപക്ഷ എംഎൽഎമാർ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോടെം സ്പീക്കർ ജി. സുധാകരനെ സ്പീക്കറുടെ ഡയസിലെത്തി അഭിവാദ്യം ചെയ്തതും ശ്രദ്ധേയമായി.
മേയ് 18-ന് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചിരിക്കുന്നത്. നാളെ (മേയ് 22) നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. യുഡിഎഫ് മുന്നണിയുടെ സ്പീക്കർ സ്ഥാനാർത്ഥിയായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് മത്സരിക്കുന്നത്.


COMMENTS