തൃശൂർ: മുണ്ടത്തിക്കോട്ടെ പടക്കനിർമ്മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിന് കാരണം അന്തരീക്ഷത്തിലെ കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേ...
തൃശൂർ: മുണ്ടത്തിക്കോട്ടെ പടക്കനിർമ്മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിന് കാരണം അന്തരീക്ഷത്തിലെ കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) വ്യക്തമാക്കി. സ്ഫോടനത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഈ നിഗമനത്തിൽ എത്തിയത്.
വേനൽചൂട് വർധിച്ചത് കൊണ്ട് മാത്രം വെടിമരുന്നിന് സ്ഫോടനം സംഭവിക്കില്ലെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. അപകടത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യതയാണ് നിലവിൽ പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ നടപടികൾ പൂർത്തിയായിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അനുമതിയില്ലാത്ത സ്ഥലത്തുമാണ് പടക്ക നിർമ്മാണം നടന്നതെന്ന് മുൻ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
തൃശൂർ പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് മുണ്ടത്തിക്കോട് വൻ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഇതുവരെ 14 പേർ മരിച്ചതായാണ് സ്ഥിരീകരണം. മരിച്ചവരിൽ ഭൂരിഭാഗം പേരെയും തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമായി വന്നിട്ടുണ്ട്. പരിക്കേറ്റ 23 ഓളം പേർ തൃശൂർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
അപകടത്തെക്കുറിച്ച് സമഗ്രമായ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും അന്തിമ റിപ്പോർട്ടുകൾ ലഭിക്കുന്നതോടെ സ്ഫോടനത്തിന്റെ കൃത്യമായ കാരണം വ്യക്തമാകും.
Key Words : Thrissur firework explosion, PESO , Short circuit

COMMENTS