തൃശൂർ: മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. തൃശൂർ പൂരത്തിൻ്റെ തിരുവമ്പാടി വിഭ...
തൃശൂർ: മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. തൃശൂർ പൂരത്തിൻ്റെ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന പുരയിലാണ് ഇന്ന് വൈകുന്നേരത്തോടെ അപകടമുണ്ടായത്.
ഏപ്രിൽ 24-ന് നടക്കാനിരിക്കുന്ന സാമ്പിൾ വെടിക്കെട്ടിനായുള്ള ഒരുക്കങ്ങൾക്കിടെയാണ് സ്ഫോടനം നടന്നത്. അപകടസമയത്ത് അൻപതോളം തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ നാൽപ്പതോളം പേരെ തൃശൂർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നു. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അപകടകാരണം വ്യക്തമല്ലെങ്കിലും വെടിക്കെട്ട് മരുന്നിന് തീപിടിച്ചതാകാം ദുരന്തത്തിന് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് പൂരപ്രേമികളും നാട്ടുകാരും വലിയ ഞെട്ടലിലാണ്.
തീയണയ്ക്കാൻ റോബോട്ടിനെ ഇറക്കും; ഡ്രോൺ നിരീക്ഷണവും ആരംഭിച്ചു
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനത്തിന് അത്യാധുനിക സംവിധാനങ്ങൾ ഒരുക്കി അഗ്നിരക്ഷാസേനയും പോലീസും. തുടർച്ചയായ സ്ഫോടനങ്ങൾ കാരണം അപകടസ്ഥലത്തേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, തീയണയ്ക്കാൻ റോബോട്ടിനെ ഉപയോഗിക്കുമെന്ന് സംസ്ഥാന ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ അറിയിച്ചു.
റോബോട്ട് എത്തുന്നതോടെ അപകടസ്ഥലത്തിന് കൂടുതൽ അടുത്തേക്ക് ചെന്ന് വെള്ളം പമ്പ് ചെയ്യാനും തീ നിയന്ത്രണവിധേയമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തിന്റെ തീവ്രത വിലയിരുത്തുന്നതിനും തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്ന് കണ്ടെത്തുന്നതിനുമായി പോലീസിന്റെ സഹായത്തോടെ ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. നിലവിൽ എട്ടു പേരുടെ മരണം സ്ഥിരീകരിച്ച ഈ ദുരന്തത്തിൽ, കൂടുതൽ ആളപായം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.
"13 വർഷമായി സതീശൻ ഈ പണി തുടങ്ങിയിട്ട്. ഇനി ഇത് നിർത്തുകയാണെന്ന് കഴിഞ്ഞദിവസവും അവൻ പറഞ്ഞിരുന്നു..." സുഹൃത്തിന്റെ ഈ വാക്കുകൾ മുണ്ടത്തിക്കോട്ട് തകർന്നുവീണ ഓരോ കരിമരുന്നുപുരയുടെയും തേങ്ങലായി മാറുകയാണ്. സതീശനെ രക്ഷപ്പെടുത്തിയോ എന്ന് പോലുമറിയാതെ വിതുമ്പുന്ന ആ സുഹൃത്തിന്റെ നിലവിളി ഒരു നാടിന്റെയാകെ നോവായി മാറിയിരിക്കുന്നു.
രണ്ടര ഏക്കറിലായി പടർന്നു കിടന്നിരുന്ന 12 താൽക്കാലിക വെടിക്കെട്ട് പുരകളാണ് നിമിഷനേരം കൊണ്ട് അഗ്നിക്കിരയായത്. ഒരു ഭൂകമ്പം വന്ന പ്രതീതിയായിരുന്നു സ്ഫോടന സമയത്തെന്ന് പ്രദേശവാസികൾ ഭീതിയോടെ ഓർക്കുന്നു. "ഫോർച്യൂണർ വണ്ടി പോലും വല്ലാതെ കുലുങ്ങിപ്പോയി, അത്രമേൽ ഭയാനകമായിരുന്നു ആ ശബ്ദം," ഒരു ദൃക്സാക്ഷി പറഞ്ഞു. വീടുകളുടെ ജനാലകളും വാതിലുകളും വിറയ്ക്കുന്ന കാഴ്ചയായിരുന്നു ചുറ്റിലും.
സ്ഫോടനത്തിന് തൊട്ടുപിന്നാലെ ഓടിയെത്തിയവർ കണ്ടത് കത്തിയെരിയുന്ന വെടിപ്പുരകളാണ്. പ്രദേശം മുഴുവൻ കറുത്ത പുകയാൽ മൂടിയിരുന്നു. സമീപത്തെ മരങ്ങളിലേക്ക് തീ പടരുകയും, അമിട്ടുകളും കുഴിമിന്നലുകളും ഇടതടവില്ലാതെ പൊട്ടിത്തെറിക്കുകയും ചെയ്തതോടെ രക്ഷാപ്രവർത്തകർ പോലും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു.
അപകടത്തിന് തൊട്ടുമുൻപ് 'നോ എൻട്രി' ബോർഡിന് പിന്നിൽ ആവേശത്തോടെ ജോലി ചെയ്തിരുന്ന പ്രായമായവരടക്കമുള്ള തൊഴിലാളികളുടെ ദൃശ്യങ്ങൾ ഇപ്പോൾ നൊമ്പരമായി മാറുകയാണ്. ആ ആവേശം സെക്കൻഡുകൾക്കുള്ളിൽ വലിയൊരു ദുരന്തത്തിലേക്ക് വഴിമാറുമെന്ന് ആരും കരുതിയിരുന്നില്ല.
തീ അണയ്ക്കാൻ റോബോട്ടുകളും നിരീക്ഷണത്തിന് ഡ്രോണുകളും എത്തുമ്പോഴും, ഉറ്റവർക്കായി കാത്തിരിക്കുന്നവരുടെ കണ്ണീർ മുണ്ടത്തിക്കോടിനെ ശരിക്കും വിറങ്ങലിപ്പിച്ചിരിക്കുകയാണ്.
Key Words : Explosion, Mundathikode, Thrissur, Death

COMMENTS