തൃശൂർ: "13 വർഷമായി സതീശൻ ഈ പണി തുടങ്ങിയിട്ട്. ഇനി ഇത് നിർത്തുകയാണെന്ന് കഴിഞ്ഞദിവസവും അവൻ പറഞ്ഞിരുന്നു..." വെടിക്കെട്ട് ഒരുക്കുന്ന ...
തൃശൂർ: "13 വർഷമായി സതീശൻ ഈ പണി തുടങ്ങിയിട്ട്. ഇനി ഇത് നിർത്തുകയാണെന്ന് കഴിഞ്ഞദിവസവും അവൻ പറഞ്ഞിരുന്നു..." വെടിക്കെട്ട് ഒരുക്കുന്ന സതീശൻ്റെ സുഹൃത്തിന്റെ ഈ വാക്കുകൾ മുണ്ടത്തിക്കോട്ട് തകർന്നുവീണ ഓരോ കരിമരുന്നുപുരയുടെയും തേങ്ങലായി മാറുകയാണ്. സതീശനെ രക്ഷപ്പെടുത്തിയോ എന്ന് പോലുമറിയാതെ വിതുമ്പുന്ന ആ സുഹൃത്തിന്റെ നിലവിളി ഒരു നാടിന്റെയാകെ നോവായി മാറിയിരിക്കുന്നു.
രണ്ടര ഏക്കറിലായി പടർന്നു കിടന്നിരുന്ന 12 താൽക്കാലിക വെടിക്കെട്ട് പുരകളാണ് നിമിഷനേരം കൊണ്ട് അഗ്നിക്കിരയായത്. ഒരു ഭൂകമ്പം വന്ന പ്രതീതിയായിരുന്നു സ്ഫോടന സമയത്തെന്ന് പ്രദേശവാസികൾ ഭീതിയോടെ ഓർക്കുന്നു. "ഫോർച്യൂണർ വണ്ടി പോലും വല്ലാതെ കുലുങ്ങിപ്പോയി, അത്രമേൽ ഭയാനകമായിരുന്നു ആ ശബ്ദം," ഒരു ദൃക്സാക്ഷി പറഞ്ഞു. വീടുകളുടെ ജനാലകളും വാതിലുകളും വിറയ്ക്കുന്ന കാഴ്ചയായിരുന്നു ചുറ്റിലും.
സ്ഫോടനത്തിന് തൊട്ടുപിന്നാലെ ഓടിയെത്തിയവർ കണ്ടത് കത്തിയെരിയുന്ന വെടിപ്പുരകളാണ്. പ്രദേശം മുഴുവൻ കറുത്ത പുകയാൽ മൂടിയിരുന്നു. സമീപത്തെ മരങ്ങളിലേക്ക് തീ പടരുകയും, അമിട്ടുകളും കുഴിമിന്നലുകളും ഇടതടവില്ലാതെ പൊട്ടിത്തെറിക്കുകയും ചെയ്തതോടെ രക്ഷാപ്രവർത്തകർ പോലും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു.
അപകടത്തിന് തൊട്ടുമുൻപ് 'നോ എൻട്രി' ബോർഡിന് പിന്നിൽ ആവേശത്തോടെ ജോലി ചെയ്തിരുന്ന പ്രായമായവരടക്കമുള്ള തൊഴിലാളികളുടെ ദൃശ്യങ്ങൾ ഇപ്പോൾ നൊമ്പരമായി മാറുകയാണ്. ആ ആവേശം സെക്കൻഡുകൾക്കുള്ളിൽ വലിയൊരു ദുരന്തത്തിലേക്ക് വഴിമാറുമെന്ന് ആരും കരുതിയിരുന്നില്ല.
തീ അണയ്ക്കാൻ റോബോട്ടുകളും നിരീക്ഷണത്തിന് ഡ്രോണുകളും എത്തുമ്പോഴും, ഉറ്റവർക്കായി കാത്തിരിക്കുന്നവരുടെ കണ്ണീർ മുണ്ടത്തിക്കോടിനെ ശരിക്കും വിറങ്ങലിപ്പിച്ചിരിക്കുകയാണ്.
Key Words : Blast, Disaster, Firecracker Unit Explosion

COMMENTS