തൃശ്ശൂർ: മുണ്ടത്തിക്കോട്ട് തൃശ്ശൂർ പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്കപ്പുരയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചതായി...
തൃശ്ശൂർ: മുണ്ടത്തിക്കോട്ട് തൃശ്ശൂർ പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്കപ്പുരയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ വെടിക്കെട്ട് തൊഴിലാളികളും ഉൾപ്പെടുന്നു. നാൽപ്പതിലധികം പേർക്ക് പരിക്കേറ്റതായും ഇതിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണെന്നും പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.
തൃശ്ശൂർ മുണ്ടത്തിക്കോടുള്ള സതീശന്റെ ഉടമസ്ഥതയിലുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം നടന്നത്. തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന കേന്ദ്രമാണിത്.
പൂരത്തിന് മുന്നോടിയായുള്ള വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണത്തിനിടെയാണ് വൻ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകളോളം ദൂരെ വരെ അനുഭവപ്പെട്ടു. അപകടസ്ഥലത്തേക്ക് റോഡ് സൗകര്യം കുറവായതിനാൽ ഫയർ ഫോഴ്സിനും രക്ഷാപ്രവർത്തകർക്കും എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിട്ടു. സമീപത്തെ മതിൽ തകർത്താണ് ഫയർ എൻജിനുകൾ സംഭവസ്ഥലത്തേക്ക് എത്തിയത്. പ്രദേശത്ത് വീണ്ടും സ്ഫോടനങ്ങൾ നടക്കുന്നത് രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കുന്നു. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏപ്രിൽ 24-ന് നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിനായുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്. രക്ഷാപ്രവർത്തനത്തിനായി പോലീസും ഫയർഫോഴ്സും ആംബുലൻസുകളും സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും തീ അണയ്ക്കാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Key Words : Explosion, Fireworks, Mundathikkot, Thrissur, Death

COMMENTS