ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ ആകാശപരിധി ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീട്ടി പാക്കിസ്ഥാൻ. 2026 മേയ് 24 വരെയാണ് നിയന്ത്ര...
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ ആകാശപരിധി ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീട്ടി പാക്കിസ്ഥാൻ. 2026 മേയ് 24 വരെയാണ് നിയന്ത്രണം നീട്ടിയിരിക്കുന്നത്. ഇതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യോമപാത അടച്ചിടൽ ഒന്നാം വർഷത്തിലേക്ക് കടക്കുകയാണ്. പാക് സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച പുതിയ വ്യോമയാന അറിയിപ്പ് പ്രകാരം മേയ് 24 പുലർച്ചെ 5 മണി വരെയാണ് വിലക്ക് ബാധകമാവുക.
പാക് വ്യോമപാത അടഞ്ഞുകിടക്കുന്നത് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് കനത്ത സാമ്പത്തിക ആഘാതമാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഏകദേശം 18,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനികൾക്കുണ്ടായതെന്ന് വ്യവസായ മേഖലയിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ പാക്കിസ്ഥാനെ ചുറ്റിക്കറങ്ങി പോകേണ്ടി വരുന്നത് ഇന്ധനച്ചെലവ് ക്രമാതീതമായി വർധിപ്പിച്ചു.
വ്യോമപാതയിലെ മാറ്റം കാരണം യാത്രാസമയം ഒന്നര മണിക്കൂർ വരെയാണ് വർധിച്ചിരിക്കുന്നത്. ഇത് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നതിനും ഇടയാക്കി. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
2025 ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെയാണ് പാക്കിസ്ഥാൻ വ്യോമപാത അടച്ചത്. ഇതിന് പിന്നാലെ പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമപാത ഉപയോഗിക്കുന്നതിനും ഇന്ത്യയും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതിർത്തിയിലെ സംഘർഷാവസ്ഥ അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന്റെ ഈ പുതിയ നടപടി.
Key Words : Pakistan, Airspace Closed

COMMENTS