കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഞ്ജലി നായർ (അഞ്ജലി പി.വി.) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. വോട്ടിം...
കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഞ്ജലി നായർ (അഞ്ജലി പി.വി.) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. വോട്ടിംഗ് മെഷീനിലും സ്ഥാനാർത്ഥി പട്ടികയിലും തന്റെ പേര് 'അഞ്ജലി നായർ' എന്ന് രേഖപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് ഹർജി. നിലവിൽ 'അഞ്ജലി പി.വി.' എന്നാണ് കമ്മീഷൻ നൽകിയിരിക്കുന്ന പേര്.
പൊതുജനങ്ങൾക്കിടയിൽ താൻ 'അഞ്ജലി നായർ' എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിലും മറ്റും ഇതേ പേരാണ് ഉപയോഗിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വോട്ടിംഗ് മെഷീനിൽ മറ്റൊരു പേര് വരുന്നത് വോട്ടർമാർക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഇത് തന്റെ വിജയസാധ്യതയെ ബാധിക്കുമെന്നും അഞ്ജലി പറയുന്നു.
ആവശ്യപ്പെട്ട പേര് അനുവദിക്കണമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ അത് നിരാകരിക്കുകയായിരുന്നു. തുടർന്നാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ്ഥാനാർത്ഥി കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ഹൈക്കോടതി വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിട്ടുണ്ട്.
ട്വന്റി 20 സ്ഥാനാർത്ഥിയായി തൃപ്പൂണിത്തുറയിൽ മത്സരിക്കുന്ന അഞ്ജലി നായർക്ക് എൻ.ഡി.എ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എൽ.ഡി.എഫിലെ കെ.എൻ. ഉണ്ണികൃഷ്ണനും യു.ഡി.എഫിലെ ദീപക് ജോയിയുമാണ് മണ്ഡലത്തിലെ മറ്റ് പ്രധാന സ്ഥാനാർത്ഥികൾ.
Key Words : Tripunithura Candidate Anjali Nair, High Court, Election Commission

COMMENTS