ന്യൂഡൽഹി: ആഗോള വിപണിയിലെ ഇന്ധന അനിശ്ചിതത്വങ്ങൾക്കിടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ശക്തമാക്കി ഇന്ത്യ. റഷ്യയിൽ നിന്നുള്ള ക്രൂഡോയിലുമായി മൂ...
ന്യൂഡൽഹി: ആഗോള വിപണിയിലെ ഇന്ധന അനിശ്ചിതത്വങ്ങൾക്കിടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ശക്തമാക്കി ഇന്ത്യ. റഷ്യയിൽ നിന്നുള്ള ക്രൂഡോയിലുമായി മൂന്ന് കൂറ്റൻ കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നതായാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ ചൈനയിലേക്കും സിംഗപ്പൂരിലേക്കും പോകാനിരുന്ന കപ്പലുകളാണ് ഇന്ത്യയിലേക്ക് ഗതിമാറ്റി വിട്ടിരിക്കുന്നത്.
കടലിൽ കുടുങ്ങിക്കിടക്കുന്ന ഈ റഷ്യൻ എണ്ണ വാങ്ങുന്നതിനായി അമേരിക്ക ഇന്ത്യയ്ക്ക് 30 ദിവസത്തെ പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് തടയാനാണ് യുഎസ് ഈ നീക്കം നടത്തിയത്. ഒഡ്യൂൺ, മാതാരി, ഇന്ദ്രി എന്നീ മൂന്ന് ടാങ്കറുകളിലായി ഏകദേശം 21.6 ലക്ഷം ബാരൽ ക്രൂഡോയിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
എൽഎൻജി ഇറക്കുമതിയും വർദ്ധിപ്പിക്കും
ക്രൂഡോയിലിന് പുറമെ റഷ്യയിൽ നിന്ന് കൂടുതൽ ദ്രവീകൃത പ്രകൃതിവാതകം (LNG) വാങ്ങാനും ഇന്ത്യ തീരുമാനിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഗ്യാസ് വിതരണത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതൽ. ആഭ്യന്തര വിപണിയിൽ ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി റഷ്യൻ കമ്പനികളുമായി ഇന്ത്യൻ ഇന്ധന കമ്പനികൾ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.
Key Words : Russia, India, Crude Oil, Indian coast

COMMENTS