പയ്യന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെതിരെ മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ സ്വത...
പയ്യന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെതിരെ മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കും. തിങ്കളാഴ്ച വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കുഞ്ഞികൃഷ്ണൻ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന വ്യക്തിയെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ ഇടതുപക്ഷം തയ്യാറാകില്ലെന്ന വിശ്വാസത്തിലായിരുന്നു ഇതുവരെ നിലപാട് വ്യക്തമാക്കാതിരുന്നതെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. എന്നാൽ പാർട്ടി വീണ്ടും മധുസൂദനനെ തന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെ, തന്റെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാൻ സ്വതന്ത്രനായി മത്സരിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പോരാട്ടം ഇടതുപക്ഷത്തിന് എതിരല്ലെന്നും മറിച്ച് അഴിമതിക്കെതിരെയാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഇടതുപക്ഷം നിലനിൽക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്, എന്നാൽ പയ്യന്നൂരിലെ ഔദ്യോഗിക സ്ഥാനാർത്ഥിയെ ഒരു ഇടതുപക്ഷക്കാരനായി കാണാൻ കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിലും രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിനായുള്ള ഫണ്ടിലും ക്രമക്കേട് നടന്നതായി ആരോപണമുന്നയിച്ചതിനെത്തുടർന്നാണ് കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്. ഈ വിഷയത്തിൽ അദ്ദേഹം ഒരു പുസ്തകവും പുറത്തിറക്കിയിരുന്നു.
കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പയ്യന്നൂരിലെ സ്ഥാനാർത്ഥിയായി ടി.ഐ മധുസൂദനനെ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
ഫണ്ട് വിവാദത്തിൽ പാർട്ടി നടപടി നേരിടേണ്ടി വന്ന കുഞ്ഞികൃഷ്ണൻ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നതോടെ പയ്യന്നൂർ മണ്ഡലത്തിൽ പോരാട്ടം ശക്തമാകുമെന്ന് ഉറപ്പായി.
Key Words : Kerala Election, V. Kunhikrishnan , T.I. Madhusudhanan, Payyannur

COMMENTS