കണ്ണൂർ: സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുതിർന്ന നേതാവുമായ ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തളിപ്പറമ്പ് നിയമ...
കണ്ണൂർ: സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുതിർന്ന നേതാവുമായ ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടി തീരുമാനത്തെ പരസ്യമായി വെല്ലുവിളിച്ചതിനെത്തുടർന്നാണ് അടിയന്തര അച്ചടക്ക നടപടി. ചൊവ്വാഴ്ച വൈകിട്ട് കണ്ണൂരിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് പുറത്താക്കൽ വിവരം അറിയിച്ചത്.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ടി.കെ. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. പാർട്ടി തീരുമാനം തിരുത്തണമെന്ന തന്റെ ആവശ്യം തള്ളിയതോടെ, പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആറര പതിറ്റാണ്ടോളം നീണ്ട പാർട്ടി ബന്ധം അവസാനിപ്പിച്ചാണ് അദ്ദേഹം മത്സരരംഗത്തിറങ്ങുന്നത്.
ടി.കെ. ഗോവിന്ദന്റേത് "രാഷ്ട്രീയ വഞ്ചനയും അധികാരഭ്രമവുമാണെന്ന്" കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി. അദ്ദേഹം യു.ഡി.എഫിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും പാർട്ടി വിരുദ്ധ പ്രവർത്തനം വെച്ചുപൊറുപ്പിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.
അതേസമയം, പാർട്ടിക്കുള്ളിലെ ജനാധിപത്യം തകർന്നുവെന്നും താൻ ഉയർത്തുന്ന പ്രതിഷേധം അണികളുടെ വികാരമാണെന്നുമാണ് ടി.കെ. ഗോവിന്ദന്റെ പ്രതികരണം. മുതിർന്ന നേതാവിന്റെ ഈ ചുവടുമാറ്റം തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തെ പ്രവചനാതീതമാക്കിയിരിക്കുകയാണ്.
Key Words : CPI(M), TK Govindan

COMMENTS