ന്യൂഡൽഹി: അസമിലെ ദിബ്രുഗഡ് ജില്ലയിലുള്ള മോറാൻ ബൈപാസിൽ (ദേശീയപാത 37/127) വ്യോമസേനയുടെ C-130J സൂപ്പർ ഹെർക്കുലീസ് വിമാനമിറങ്ങി പ്രധാനമന്ത്രി നര...
ന്യൂഡൽഹി: അസമിലെ ദിബ്രുഗഡ് ജില്ലയിലുള്ള മോറാൻ ബൈപാസിൽ (ദേശീയപാത 37/127) വ്യോമസേനയുടെ C-130J സൂപ്പർ ഹെർക്കുലീസ് വിമാനമിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രം സൃഷ്ടിച്ചു. വടക്കുകിഴക്കൻ ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ എമർജൻസി ലാൻഡിങ് ഫെസിലിറ്റി (ELF) അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു.
ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖയിൽ (LAC) നിന്ന് ഏകദേശം 300 കിലോമീറ്ററിൽ താഴെ മാത്രം ദൂരത്തിലാണ് ഈ ലാൻഡിങ് സ്ട്രിപ്പ് സ്ഥിതി ചെയ്യുന്നത്.
ഏകദേശം 100 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ റൺവേയ്ക്ക് 4.2 കിലോമീറ്റർ നീളമുണ്ട്. യുദ്ധവിമാനങ്ങൾക്കും വലിയ ചരക്കുവിമാനങ്ങൾക്കും സുരക്ഷിതമായി ഇറങ്ങാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. ഉദ്ഘാടനത്തിന് പിന്നാലെ സുഖോയ് (Su-30MKI), റഫാൽ തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങൾ ഈ പാതയിൽ ലാൻഡിങ്ങും ടേക്ക് ഓഫും നടത്തി തങ്ങളുടെ കരുത്ത് തെളിയിച്ചു.
യുദ്ധസാഹചര്യങ്ങളിലോ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോഴോ വിമാനത്താവളങ്ങൾക്ക് പകരമായി ഉപയോഗിക്കാനും അതിർത്തി മേഖലകളിൽ സൈന്യത്തിന് വേഗത്തിൽ എത്തിച്ചേരാനും ഈ സംവിധാനം സഹായിക്കും.
ഇന്ത്യൻ വായുസേനയുടെ സഹകരണത്തോടെ നാഷണൽ ഹൈവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (NHIDCL) ആണ് ഈ പദ്ധതി പൂർത്തിയാക്കിയത്.
Key Words : PM Modi, Assam, Indian Air Force, China


COMMENTS