തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കേരളം സന്ദർശിക്കു...
തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കേരളം സന്ദർശിക്കും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഫുൾ ബെഞ്ച് ഫെബ്രുവരി അവസാന വാരത്തോടെ കേരളം സന്ദർശിക്കും.
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
സന്ദർശനത്തിന് മുന്നോടിയായി ഫെബ്രുവരി 21, 22 തീയതികളിൽ കേന്ദ്ര ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ കേരളത്തിലെത്തും. ഇദ്ദേഹം സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ, ചീഫ് സെക്രട്ടറി, ഡിജിപി, ജില്ലാ കളക്ടർമാർ എന്നിവരുമായി ചർച്ച നടത്തും.
ഏപ്രിൽ രണ്ടാം വാരത്തോടെ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. മാർച്ച് ആദ്യ വാരത്തോടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ സാധ്യതയുണ്ട്.
സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും. ഇതുവരെ നടന്ന പരിശോധനകളിൽ അനർഹരായ ഏകദേശം 40,000 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ വിന്യാസം, ഇവിഎം (EVM) പരിശോധന, പോളിംഗ് ബൂത്തുകളുടെ ക്രമീകരണം എന്നിവയിൽ ഈ സന്ദർശനത്തിന് ശേഷം അന്തിമ തീരുമാനമുണ്ടാകും.
കേരളത്തിന് പുറമെ തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലും ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഒരൊറ്റ ഘട്ടമായിട്ടായിരിക്കും കേരളത്തിൽ വോട്ടെടുപ്പ് നടക്കുക എന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


COMMENTS