US President Donald Trump has invited India to join the 'Board of Peace,' a committee formed to oversee the governance and reconstruction of Gaza
![]() | |
| ഒക്ടോബറില്‍ ഈജിപ്തില്‍ നടന്ന ഗാസ സമാധാന സമ്മേളനത്തില്‍ ട്രംപ് |
ദുബായ്: യുദ്ധാനന്തര ഗാസയിലെ ഭരണവും പുനര്‍നിര്‍മ്മാണവും മേല്‍നോട്ടം വഹിക്കുന്നതിനായി രൂപീകരിച്ച 'ബോര്‍ഡ് ഒഫ് പീസ്'എന്ന സമിതിയിലേക്ക് ഇന്ത്യയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ക്ഷണിച്ചു.
ട്രംപ് തന്നെ അധ്യക്ഷനായ ഒരു പ്രധാന ബോര്‍ഡ്, ഗാസയുടെ ഭരണം നിയന്ത്രിക്കാന്‍ പലസ്തീനിയന്‍ സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന സമിതി, ഉപദേശക സ്വഭാവമുള്ള രണ്ടാമതൊരു 'എക്‌സിക്യൂട്ടീവ് ബോര്‍ഡ്' എന്നിവ അടങ്ങുന്നതാണ് ഈ പദ്ധതിയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പാകിസ്ഥാനെയും ഈ സമിതിയിലേക്ക് ട്രംപ് ക്ഷണിച്ചിട്ടുണ്ട്.
ഇസ്രായേലുമായും പലസ്തീനുമായും ചരിത്രപരമായ ബന്ധമുള്ളതിനാല്‍ ഇരുപക്ഷത്തിനും സ്വീകാര്യമായ രാജ്യമാണ് ഇന്ത്യ. ഇസ്രായേലുമായി തന്ത്രപരമായ പങ്കാളിത്തം പുലര്‍ത്തുന്നതോടൊപ്പം പലസ്തീന് കൃത്യമായി മാനുഷിക സഹായങ്ങള്‍ ഇന്ത്യ നല്‍കാറുമുണ്ട്. നിലവിലെ സംഘര്‍ഷം ആരംഭിച്ചപ്പോള്‍ ഈജിപ്ത് വഴി ഗാസയിലേക്ക് ആദ്യമായി സഹായമെത്തിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആഗോള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ഇന്നത്തെ ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രധാന പങ്കും സ്ഥാനവും അടിവരയിടുന്നതാണ് ട്രംപിന്റെ ക്ഷണം.
ബോര്‍ഡിലേക്കു ട്രംപിന്റെ ക്ഷണം ലഭിച്ചുവെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലാത്ത പാകിസ്ഥാന്‍, ഗാസയിലെ സൈനിക നടപടികളെ 'വംശഹത്യ' എന്ന് വിശേഷിപ്പിച്ച് ശക്തമായി എതിര്‍ത്തിരുന്നു. അങ്ങനെ ഒരു രാജ്യം സമിതിയില്‍ വേണ്ടെന്ന കര്‍ശന നിലപാടിലാണ് നെതന്യാഹു. നേരത്തേ ഹമാസ് ഭീകരരെ പാക് അധിനിവേശ കശ്മീരിലേക്കു പാക് പട്ടാളത്തലവന്‍ അസിം മുനീര്‍ സ്വീകരിച്ചു കൊണ്ടുപോയതും മറ്റും ഇസ്രയേല്‍ ആശങ്കയോടെയാണ് കാണുന്നത്. ഗാസയുടെ ഭാവി കാര്യങ്ങളില്‍ പാകിസ്ഥാന്റെ പങ്ക് ഇസ്രായേലിന് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി റൂവന്‍ അസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ജനുവരി 15-ന് ട്രംപ് പ്രഖ്യാപിച്ച 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായാണ് ഈ ബോര്‍ഡ് രൂപീകരിച്ചത്. ഭാവിയില്‍ മറ്റ് ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാനും ഈ സംവിധാനം ഉപയോഗിച്ചേക്കാം. എന്നാല്‍, ട്രംപിന്റെ ഈ നീക്കം ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് നയതന്ത്രജ്ഞര്‍ ആശങ്ക പ്രകടിപ്പിച്ചു. ട്രംപ് ഭരണകൂടത്തിന്റെ ഫണ്ട് വെട്ടിക്കുറയ്ക്കലും മറ്റും കാരണം യുഎന്നിന്റെ സ്വാധീനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണിത്. എന്നാല്‍, ഗാസ സമാധാനത്തിനായുള്ള യുഎസിന്റെ 20 ഇന പദ്ധതിയെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നേരത്തെ അംഗീകരിച്ചിരുന്നു.
ട്രംപിന്റെ സഖ്യകക്ഷിയായ ഹംഗറി മാത്രമാണ് നിലവില്‍ ക്ഷണം പൂര്‍ണ്ണമായി സ്വീകരിച്ചത്. കാനഡയുടെ മാര്‍ക്ക് കാര്‍ണി ക്ഷണം തത്വത്തില്‍ സ്വീകരിച്ചു. ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയും ക്ഷണം സ്വീകരിക്കുന്ന കാര്യത്തില്‍ നിയമപരമായ പരിശോധനകള്‍ നടത്തിവരികയാണ്. ഏകദേശം 60 രാജ്യങ്ങള്‍ക്കാണ് ട്രംപ് കത്തയച്ചിരിക്കുന്നത്. ഭൂരിഭാഗം രാജ്യങ്ങളും പരസ്യമായ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ പ്രസക്തി കുറയുമോ എന്ന ആശങ്ക പല ഉദ്യോഗസ്ഥരും രഹസ്യമായി പങ്കുവയ്ക്കുന്നു.
11 അംഗ 'ഗാസ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ' ഘടനയെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വിമര്‍ശിച്ചു. തുര്‍ക്കി വിദേശകാര്യമന്ത്രി ഹകന്‍ ഫിദാന്‍ സമിതിയിലുള്ളതാണ് ഇസ്രായേലിനെ ചൊടിപ്പിക്കുന്നത്. ഇസ്രായേലിന്റെ കടുത്ത വിമര്‍ശകനാണ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍.
![]() |
അമേരിക്കയുടെ മറുപടി: 'ഇത് ഞങ്ങളുടെ പരിപാടിയാണ്, അദ്ദേഹത്തിന്റേതല്ല (നെതന്യാഹുവിന്റേതല്ല). ഗാസയുടെ കാര്യത്തില്‍ ഞങ്ങള്‍ ഇടപെടണമെന്നുണ്ടെങ്കില്‍ അത് ഞങ്ങളുടെ രീതിയിലായിരിക്കും.'
ഗാസ ബോര്‍ഡിനെയും ട്രംപ് കച്ചവടമാക്കുന്നുണ്ട്. ട്രംപ് നയിക്കുന്ന ഈ ബോര്‍ഡില്‍ സ്ഥിരം അംഗത്വം ലഭിക്കുന്നതിന് ഒരു ബില്യണ്‍ ഡോളര്‍ (ഏകദേശം 8,300 കോടി രൂപ) സംഭാവന നല്‍കണം. എന്നാല്‍ മൂന്ന് വര്‍ഷത്തെ താല്‍ക്കാലിക നിയമനങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയില്ല. ഈ സംരംഭത്തിലൂടെ സമാഹരിക്കുന്ന പണം ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി വിനിയോഗിക്കുമെന്നാണ് ട്രംപ് പറയുന്നത്.
ബോര്‍ഡിന്റെ ചുമതലകള്‍:
ഒക്ടോബര്‍ 10-ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഗാസയിലെ സംഭവവികാസങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക എന്നതാണ് ഈ ബോര്‍ഡിന്റെ ലക്ഷ്യം.
ലക്ഷ്യങ്ങള്‍
ഗാസയില്‍ പുതിയ പലസ്തീന്‍ കമ്മിറ്റി രൂപീകരിക്കുന്നത് നിരീക്ഷിക്കുക.
അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുക.
ഹമാസിനെ നിരായുധീകരിക്കുക.
യുദ്ധത്തില്‍ തകര്‍ന്ന ഗാസയുടെ പുനര്‍നിര്‍മ്മാണം.
തുര്‍ക്കിയെയും ഖത്തറിനെയും ഉള്‍പ്പെടുത്തുന്നതിനെ ഇസ്രായേല്‍ എതിര്‍ത്തുവെങ്കിലും, ഒക്ടോബറില്‍ ഹമാസിനെ വെടിനിര്‍ത്തലിന് സമ്മതിപ്പിക്കുന്നതില്‍ ഈ രാജ്യങ്ങള്‍ വഹിച്ച പങ്കിനെ ട്രംപ് പ്രശംസിച്ചു. ഗാസയുടെ യുദ്ധാനന്തര മാനേജ്മെന്റില്‍ തുര്‍ക്കിയുടെയും ഖത്തറിന്റെയും സാന്നിധ്യം അനിവാര്യമാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
എക്‌സിക്യൂട്ടീവ് ബോര്‍ഡ്:
അജയ് ബംഗ (ലോകബാങ്ക് പ്രസിഡന്റ്)
തുര്‍ക്കി വിദേശകാര്യ മന്ത്രി ഹക്കാന്‍ ഫിദാന്‍.
ഖത്തര്‍ പ്രതിനിധി അലി അല്‍ തവാദി.
ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് മേധാവി ഹസ്സന്‍ റഷാദ്.
ടോണി ബ്ലെയര്‍ (മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി).
ജാരെഡ് കുഷ്‌നര്‍, സ്റ്റീവ് വിറ്റ്കോഫ് (യുഎസ്).
യാക്കിര്‍ ഗബായ് (ഇസ്രായേലി-സൈപ്രിയറ്റ് വ്യവസായി).
സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ബുധനാഴ്ച ഈ സമാധാന ബോര്‍ഡിന്റെ ആദ്യ യോഗം ചേരുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ 2027 അവസാനം വരെയാണ് ഈ ബോര്‍ഡിന് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.ഗാസയില്‍ സേനയെ അയയ്ക്കണമെന്ന് അമേരിക്ക, അയച്ചാല്‍ കലാപമെന്നു രാജ്യത്തെ പ്രതിപക്ഷം, അയച്ചില്ലെങ്കില്‍ ട്രംപ് കോപിക്കും, എന്തുചെയ്യണമെന്നറിയാതെ പാകിസ്ഥാന്‍ പട്ടാളത്തലവന്‍
Summary: US President Donald Trump has invited India to join the 'Board of Peace,' a committee formed to oversee the governance and reconstruction of post-war Gaza, says reports.
The White House stated that the plan includes a main board chaired by Trump himself, a committee of Palestinian technocrats to govern the war-torn territory, and a second 'Executive Board' designed to serve in an advisory role. Pakistan has also been invited by Trump to join this committee.
India is considered a country acceptable to both sides due to its historic ties with both Israel and Palestine. In addition to maintaining a strategic partnership with Israel, India has consistently provided humanitarian aid and assistance to Palestine. India was among the first countries to send humanitarian aid to Gaza via Egypt after the current conflict began.





COMMENTS