ഭുവനേശ്വർ: ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ തോക്കുധാരികളായ കവർച്ചാ സംഘം ബാങ്ക് കൊള്ളയടിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ബാർബിൽ ശാഖയിലാണ് പട്ടാപ്പകൽ...
ഭുവനേശ്വർ: ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ തോക്കുധാരികളായ കവർച്ചാ സംഘം ബാങ്ക് കൊള്ളയടിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ബാർബിൽ ശാഖയിലാണ് പട്ടാപ്പകൽ സിനിമ സ്റ്റൈലിൽ കവർച്ച നടന്നത്. അഞ്ചു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും അഞ്ചു ലക്ഷം രൂപയും കൊള്ളസംഘം അപഹരിച്ചതായാണ് വിവരം.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1:55-നും 2:15-നും ഇടയിലുള്ള പ്രവൃത്തി സമയത്തായിരുന്നു സംഭവം. അഞ്ചോ ആറോ പേരടങ്ങുന്ന ആയുധധാരികളായ സംഘം ബാങ്കിലേക്ക് അതിക്രമിച്ചു കയറി ജീവനക്കാരെയും ഇടപാടുകാരെയും തോക്കിനു മുന്നിൽ നിർത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബാങ്ക് മാനേജർ പങ്കജ് കുമാർ ബർൺവാളിന്റെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ലോക്കർ റൂമിന്റെ താക്കോൽ കൈക്കലാക്കിയത്.
ഏകദേശം 3.7 കിലോഗ്രാം സ്വർണാഭരണങ്ങളാണ് ലോക്കറിൽ നിന്ന് കൊള്ളയടിക്കപ്പെട്ടത്. വെറും 20 മിനിറ്റിനുള്ളിൽ കൃത്യം നിർവ്വഹിച്ച സംഘം ബൈക്കുകളിൽ രക്ഷപ്പെട്ടു. പ്രധാനമായും സ്വർണ്ണപ്പണയ ഇടപാടുകൾ നടത്തുന്ന ശാഖയിൽ രണ്ടു ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിൽ ഹെഡ് ഓഫീസാണ് തീരുമാനമെടുക്കേണ്ടതെന്ന് മാനേജർ വ്യക്തമാക്കി.
കവർച്ചയുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിക്കാതിരിക്കാൻ ബാങ്കിലെ സിസിടിവി ഡിജിറ്റൽ വീഡിയോ റെക്കോർഡറും സംഘം കൊണ്ടുപോയി. അക്രമികൾ ഹിന്ദിയിലും ഒഡിയയിലുമാണ് സംസാരിച്ചിരുന്നതെന്ന് ജീവനക്കാർ പൊലീസിനോട് പറഞ്ഞു. പ്രതികൾ അയൽസംസ്ഥാനങ്ങളായ ജാർഖണ്ഡ്, ബിഹാർ സ്വദേശികളാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ സംശയം. ബാങ്കിനെക്കുറിച്ചും അവിടുത്തെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുള്ളവരാണ് കവർച്ചയ്ക്ക് പിന്നിലെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Key Words : Bank Robbery, Odisha, Gold Oornament


COMMENTS