Anti-government protests against the Islamic Republic of Iran spread to more cities on Friday night and Saturday
എന്‍ പ്രഭാകരന്‍
ദുബായ്: ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ പ്രതിഷേധം വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിച്ചു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി ഈ ജനകീയ പ്രക്ഷോഭം മാറിക്കഴിഞ്ഞു. ഇന്റര്‍നെറ്റ് പൂര്‍ണ്ണമായും വിച്ഛേദിച്ചുകൊണ്ട് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
ശനിയാഴ്ച ടൈം മാഗസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ടെഹ്റാനിലെ ആറ് ആശുപത്രികളില്‍ മാത്രം 217 പ്രതിഷേധക്കാരുടെ മൃതദേഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും വെടിയേറ്റാണ് മരിച്ചത്.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി. സൈന്യത്തെയും റെവല്യൂഷണറി ഗാര്‍ഡിനെയും അതീവ ജാഗ്രതയിലാക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. അധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.
കഴിഞ്ഞ 36 മണിക്കൂറിലേറെയായി ഇറാനില്‍ ഇന്റര്‍നെറ്റ് പൂര്‍ണ്ണമായും നിശ്ചലമാണ്. ഇത് പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിന്റെ തെളിവുകള്‍ പുറംലോകം അറിയാതിരിക്കാനുള്ള തന്ത്രമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിച്ചു. സ്റ്റാര്‍ലിങ്ക് വഴിയാണ് പലരും വിവരങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നത്.
വിദേശ ഭീഷണികള്‍ നേരിടാനായി തങ്ങളുടെ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കിയതായി ഇറാന്‍ പ്രഖ്യാപിച്ചു.
ടെഹ്റാനിലെ സആദതാബാദ് ജില്ലയില്‍ ജനങ്ങള്‍ പാത്രങ്ങള്‍ കൂട്ടിമുട്ടിച്ചും 'ഖമേനിക്ക് മരണം' എന്ന് മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. മഷാദ്, തബ്രിസ്, ഖോം തുടങ്ങിയ പവിത്ര നഗരങ്ങളിലും പ്രതിഷേധം ആളിപ്പടരുകയാണ്. ഹമദാന്‍ നഗരത്തില്‍ ഇറാനിലെ പഴയ രാജഭരണകാലത്തെ (ഷാ ഭരണകാലം) പതാക ഉയര്‍ത്തിക്കൊണ്ടാണ് പ്രതിഷേധക്കാര്‍ നൃത്തം ചെയ്തത്.
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം തുടരുന്നതിനിടെ, പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞതായി ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും വെളിപ്പെടുത്തി. പ്രതിഷേധക്കാര്‍ക്ക് ഇറാന്‍ അധികൃതര്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തല്‍. പരിക്കേറ്റവരുടെ എണ്ണം വര്‍ധിച്ചതോടെ ശസ്ത്രക്രിയാ വിദഗ്ധരുടെ കുറവുണ്ടെന്ന് മറ്റൊരു ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ വാര്‍ത്താ ഏജന്‍സികള്‍ക്കു സന്ദേശമയച്ചു.
ടെഹ്റാനിലെ ഫറാബി ആശുപത്രിയില്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. പരിക്കേറ്റവരില്‍ പലര്‍ക്കും തലയ്ക്കും കണ്ണിനുമാണ് വെടിയേറ്റിരിക്കുന്നത്. ഏകദേശം 2,311-ലധികം ആളുകള്‍ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടതായി എച്ച്ആര്‍എഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ വലിയ കുഴപ്പത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്‍ ഭരണകൂടത്തിന് കര്‍ശന മുന്നറിയിപ്പ് നല്‍കി. 'നിങ്ങള്‍ ആളുകളെ കൊല്ലാന്‍ തുടങ്ങിയാല്‍ ഞങ്ങള്‍ വെറുതെയിരിക്കില്ല. ശക്തമായ തിരിച്ചടിയുണ്ടാകും' എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് കരസേനയെ ഇറക്കലല്ല, മറിച്ച് ഇറാനെ സാമ്പത്തികമായും തന്ത്രപരമായും തകര്‍ക്കുന്ന നീക്കങ്ങളായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍, ജനങ്ങളെ സംരക്ഷിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം നല്‍കാനും ഇറാന്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഇറാനിലെ ജീവഹാനിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ആശങ്ക രേഖപ്പെടുത്തി.
പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വ്യക്തമാക്കി. 'നാശകാരികളായ ഘടകങ്ങളെ' നേരിടുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രേരണയാല്‍ നടക്കുന്നതാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ആരോപിച്ചു.
പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുമെന്ന് ഇറാന്റെ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് മൊവാഹെദി ആസാദ് മുന്നറിയിപ്പ് നല്‍കി. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ 'ദൈവത്തിന്റെ ശത്രുക്കള്‍' ആയി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാര്‍ക്ക് മാത്രമല്ല, അവര്‍ക്ക് സഹായം നല്‍കുന്നവര്‍ക്കും ഈ കുറ്റം ചുമത്തുമെന്ന് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 'പ്രതിഷേധക്കാര്‍ക്കെതിരെയുള്ള നിയമനടപടികള്‍ യാതൊരുവിധ ദയയോ കരുണയോ ഇല്ലാതെ വേഗത്തില്‍ പൂര്‍ത്തിയാക്കണം' എന്ന് അദ്ദേഹം പ്രോസിക്യൂട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് വാഷിംഗ്ടണ്‍ ശ്രമിക്കുന്നതെന്ന് ഇറാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കിയ കത്തില്‍ കുറ്റപ്പെടുത്തി.
'എക്‌സില്‍' ഇറാന്റെ പതാക മാറ്റി
പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ്, ഇറാന്റെ നിലവിലെ ഔദ്യോഗിക പതാകയ്ക്ക് പകരം പഴയ ഷാ ഭരണകാലത്തെ പതാക (സിംഹവും സൂര്യനും അടയാളപ്പെടുത്തിയ പതാക) ഇമോജിയായി ഉള്‍പ്പെടുത്തി.
ഒരു എക്‌സ് ഉപയോക്താവിന്റെ അഭ്യര്‍ത്ഥന പ്രകാരം കമ്പനി എക്‌സിക്യൂട്ടീവ് നികിത ബിയര്‍ ആണ് ഈ മാറ്റം വരുത്തിയത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സൈറ്റിലെ ഇറാന്‍ പതാകയുടെ ഇമോജി മാറി.മുന്‍കാല പോസ്റ്റുകളിലെ ഇമോജികളും മാറിയതോടെ, ഇറാന്റെ ഔദ്യോഗിക ഗവണ്‍മെന്റ് അക്കൗണ്ടുകളുടെ പേരിനൊപ്പവും പഴയ ഭരണകാലത്തെ പതാക പ്രത്യക്ഷപ്പെട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇറാന്‍ അധികൃതര്‍ തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് പതാക ഇമോജി നീക്കം ചെയ്യുകയും ദേശീയ മുദ്ര പകരം ചേര്‍ക്കുകയും ചെയ്തു.
നിലവിലെ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഷാ ഭരണകാലത്തെ പതാകയാണ് തങ്ങളുടെ പ്രതീകമായി ഉപയോഗിക്കുന്നത്. മുന്‍ ഷായുടെ മകന്‍ റെസ പഹ്ലവി പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയ സാഹചര്യത്തിലാണ് ഈ മാറ്റം ശ്രദ്ധേയമാകുന്നത്. അമേരിക്കയില്‍ കഴിയുന്ന മുന്‍ ഷായുടെ മകന്‍ റെസ പഹ്ലവി, പ്രതിഷേധക്കാര്‍ നഗരകേന്ദ്രങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. താന്‍ ഉടന്‍ തന്നെ ജന്മനാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.








COMMENTS