പാലക്കാട് : വാളയാറിൽ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ചത്തീസ്ഗഡ‍് സ്വദേശി രാംനാരായണന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്...
പാലക്കാട് : വാളയാറിൽ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ചത്തീസ്ഗഡ‍് സ്വദേശി രാംനാരായണന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 30 ലക്ഷം രൂപ സഹായം നൽകാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ കള്ളൻ എന്ന് ആരോപിച്ച് ആൾക്കൂട്ടം മണിക്കൂറുകളോളം ക്രൂരമായി മർദിച്ചത്. അവശനിലയിലായ രാംനാരായണനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് രാത്രിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ച് മരണപ്പെടുകയും ചെയ്തു.
ഛത്തീസ്ഗഡ് സർക്കാരും രാംനാരായണന്‍റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രാം നാരായണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പാലക്കാട് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. കേസിന്റെ വിശദംശങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്. കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകും. കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവർത്തിയാണ് നടന്നതെന്നും. ഇത്തരം പ്രവർത്തികൾ ഒരിക്കലും അംഗീകരിക്കാം കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ആദ്യം തന്നെ വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ആദ്യഘട്ടത്തിൽ ചുമത്തിയിരുന്നില്ല. ഒടുവിൽ രാഷ്ട്രീയ സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസമായ ഇന്നലെയാണ് ഗുരുതര വകുപ്പുകൾ പോലീസ് ചുമത്തിയത്. എസ്‍ സി – എസ്‍ ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം (ഭാരതീയ ന്യായ സംഹിത 103 (2)) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ഇന്നലെ ചുമത്തിയത്. കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, ആദ്യ ദിവസങ്ങളിൽ കൂടുതൽ പ്രതികളെ പിടികൂടാനും മൊബൈൽ ഫോൺ ദൃശ്യങ്ങൾ ശേഖരിക്കുന്നതിലും പോലീസിന് വീഴ്ച സംഭവിച്ചതായി വിമർശനം ഉയര്‍ന്നു. കൂടുതൽ പേർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നെങ്കിലും അത് ശേഖരിക്കാനും പോലീസിന് കഴിഞ്ഞില്ല. രണ്ട് ദിവസത്തിനുശേഷം മർദ്ദനത്തിൽ പങ്കെടുത്തവർ നാടുവിട്ടു. ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. ആദ്യ മണിക്കൂറുകളിൽ ഉണ്ടായ അനാസ്ഥ കാരണം തെളിവുകൾ ശേഖരിക്കുന്നതിലും അന്വേഷണ സംഘത്തിന് പരിമിതിയുണ്ട്. ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ നശിപ്പിച്ചതായിട്ടാണ് വിലയിരുത്തൽ.
എന്നാൽ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ നടപടി സ്വീകരിക്കുമെന്നും കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്നും ഡി ജി പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡി ജി പി അറിയിച്ചു.
Key Words : Walayar Mob Attack, Government, Ramnarayanan


COMMENTS