കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിനായി ബൂത്തുകൾ സജ്ജമായി. രാവിലെ പോളിങ് ആരംഭിക്കുന്നതിന് മുന്നോടിയായി, വോട്ടിങ് മെഷീനുകളുടെ കൃത്യ...
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിനായി ബൂത്തുകൾ സജ്ജമായി. രാവിലെ പോളിങ് ആരംഭിക്കുന്നതിന് മുന്നോടിയായി, വോട്ടിങ് മെഷീനുകളുടെ കൃത്യത ഉറപ്പാക്കാൻ പ്രിസൈഡിങ് ഓഫീസറുടെ നേതൃത്വത്തിൽ മോക് പോൾ ആരംഭിക്കും. തുടർന്നാണ് രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിക്കുക.
മെഷീനിൽ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് തെളിയിച്ച ശേഷം ഏതാനും വോട്ടുകൾ രേഖപ്പെടുത്തിയാണ് മോക് പോൾ നടത്തുന്നത്. മത്സരിക്കുന്ന ഓരോ സ്ഥാനാർഥിക്കും പോളിങ് ഏജൻ്റുമാർ വോട്ട് രേഖപ്പെടുത്തിക്കൊണ്ടാണ് മോക്പോൾ നടത്തുക. ഏതെങ്കിലും സ്ഥാനാർഥിയുടെ പോളിങ് ഏജൻ്റ് മോക് പോൾ സമയത്ത് ബൂത്തിൽ ഇല്ലെങ്കിൽ പോളിങ് ഓഫീസർമാരിൽ ആരെങ്കിലുമോ അല്ലെങ്കിൽ ആ സമയത്ത് പോളിങ് ബൂത്തിലുള്ള പോളിങ് ഏജൻ്റുമാരിൽ ആരെങ്കിലുമോ പ്രസ്തുത സ്ഥാനാർഥിക്കുവേണ്ടി മോക് പോളിൽ വോട്ട് രേഖപ്പെടുത്തണം. മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികൾക്കും വേണ്ടി മോക് പോളിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വോട്ടിങ് കമ്പാർട്ട്മെൻ്റിലുള്ള പോളിങ് ഓഫീസർ ഉറപ്പുവരുത്തും.
സ്ഥാനാർഥികളുടെ പോളിങ് ഏജൻ്റുമാരൊന്നും മോക് പോൾ സമയത്ത് പോളിങ് ബൂത്തിൽ ഹാജരായില്ലെങ്കിലും പ്രിസൈഡിങ് ഓഫീസർ മോക് പോൾ അക്കാരണത്താൽ മാറ്റിവെക്കില്ല. അതുപോലെ ഏതെങ്കിലും പോളിങ് ഏജൻ്റുമാർ വൈകി പോളിങ് ബൂത്തിൽ ഹാജരായാലും മോക് പോളുമായി ബന്ധപ്പെട്ട് പ്രിസൈഡിങ് ഓഫീസർ നടപടിക്രമങ്ങൾ അതുവരെ നടത്തിയവ ആവർത്തിക്കില്ല. പകരം തുടർന്നുവരുന്ന നടപടിക്രമങ്ങൾ നിരീക്ഷിക്കുന്നതിന് അനുവദിക്കും.
Key Words : Local Body Election


COMMENTS