IndiGo Airlines has refunded tickets worth Rs 610 crore to customers whose travel was disrupted due to flight cancellations and service interruptions
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : വിമാനങ്ങള്‍ റദ്ദാക്കിയതുമായും ജീവനക്കാരുടെ കൂട്ട അവധിയെ തുടര്‍ന്നുള്ള സര്‍വ്വീസ് തടസ്സവുമായും ബന്ധപ്പെട്ട് യാത്ര മുടങ്ങിയ ഉപഭോക്താക്കള്‍ക്ക് 610 കോടി രൂപയുടെ ടിക്കറ്റ് തുക ഇന്‍ഡിഗോ എയര്‍ലൈന്‍സ് തിരികെ നല്‍കി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ഈ ഭീമമായ തുക റീഫണ്ട് നല്‍കേണ്ടി വന്നത് ഇന്‍ഡിഗോയ്ക്ക് കനത്ത തിരിച്ചടിയാണ്.
കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി യാത്രക്കാര്‍ ദുരിതത്തിലായിരുന്നു. ജീവനക്കാരുടെ കൂട്ട അവധിയും പുതിയ ഡ്യൂട്ടി സമയ ചട്ടങ്ങള്‍ നടപ്പാക്കുന്നതിലെ പാളിച്ചകളും സാങ്കേതിക പ്രശ്‌നങ്ങളും ഇന്‍ഡിഗോയുടെ നിരവധി ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിരുന്നു. യാത്ര മുടങ്ങിയതിന്റെ പേരില്‍, ടിക്കറ്റ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഏകദേശം 610 കോടി രൂപയാണ് എയര്‍ലൈന്‍സ് തിരികെ നല്‍കിയത്.
പ്രതിസന്ധി രൂക്ഷമായതോടെ, ഡിസംബര്‍ 5-ന് ഇന്‍ഡിഗോയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാപ്പ് പറയുകയും റദ്ദാക്കിയ എല്ലാ ടിക്കറ്റുകള്‍ക്കും ഉടന്‍ റീഫണ്ട് നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഈ ഉറപ്പ് പാലിച്ചുകൊണ്ടാണ് ഭീമമായ തുക റീഫണ്ട് ചെയ്തത്.
വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് ജീവനക്കാര്‍ക്ക് ലഭിച്ച ഒരു രഹസ്യ കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വിമാനക്കമ്പനിയുടെ ആസൂത്രണത്തിലെ പാളിച്ചകളും മോശം മാനേജ്‌മെന്റുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും കമ്പനിയില്‍ മതിയായ ജീവനക്കാരില്ലെന്നും കത്തില്‍ ആരോപിച്ചിരുന്നു.
ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ ആഭ്യന്തര ഇന്‍ഡിഗോ വിമാന സര്‍വീസുകളും ഡിസംബര്‍ പകുതി വരെ റദ്ദാക്കിയതായി കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതാണ് രാജ്യവ്യാപകമായി ഏറ്റവും കൂടുതല്‍ യാത്രക്കാരെ ബാധിച്ച തീരുമാനം.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും യാത്രാ സുരക്ഷ ഉറപ്പുവരുത്തുന്നതിലും ഇന്‍ഡിഗോ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി വ്യോമയാന റെഗുലേറ്ററി ബോഡി കടുത്ത നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയതോടെയാണ് കമ്പനി റീഫണ്ടുകള്‍ വേഗത്തിലാക്കിയത്.
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഉപഭോക്താക്കള്‍ക്ക് റീഫണ്ട് നല്‍കിയതിലൂടെ, യാത്രക്കാരുടെ വിശ്വാസം വീണ്ടെടുക്കാനും വരാനിരിക്കുന്ന നിയമ നടപടികളെ മറികടക്കാനും ഇന്‍ഡിഗോ ശ്രമിക്കുമെന്നാണ് വ്യവസായ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഇന്‍ഡിഗോ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്; ഇന്ന് 1500-ല്‍ അധികം വിമാനങ്ങള്‍
രാജ്യവ്യാപകമായി ആറുദിവസത്തോളം നീണ്ടുനിന്ന പ്രതിസന്ധിക്കു ശേഷം, ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഇന്ന് (ഡിസംബര്‍ 7, 2025) വൈകുന്നേരത്തോടെ 1500-ല്‍ അധികം വിമാനങ്ങള്‍ സര്‍വീസ് നടത്തിയെന്നും നെറ്റ്വര്‍ക്കിന്റെ 95 ശതമാനത്തിലധികം പുനഃസ്ഥാപിച്ചതായും കമ്പനി അറിയിച്ചു.
രാജ്യത്തെ 138 ലക്ഷ്യസ്ഥാനങ്ങളില്‍ 135 ഇടങ്ങളിലേക്കും സര്‍വീസുകള്‍ പുനരാരംഭിച്ചു. ശനിയാഴ്ച 700-ല്‍ അധികം വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തിയതെങ്കില്‍, ഞായറാഴ്ച ഇത് 1500-ല്‍ അധികം ആയി ഉയര്‍ത്തി.
നിലവിലെ പ്രതിസന്ധി ഡിസംബര്‍ 10-ഓടെ പൂര്‍ണ്ണമായും പരിഹരിച്ച് സര്‍വീസുകള്‍ സ്ഥിരപ്പെടുത്താന്‍ കഴിയുമെന്നാണ് ഇന്‍ഡിഗോയുടെ പ്രതീക്ഷ. തുടര്‍ച്ചയായ പ്രവര്‍ത്തന തകരാറുകള്‍ കാരണം യാത്രക്കാര്‍ വലഞ്ഞതോടെ വ്യോമയാന റെഗുലേറ്ററി ബോഡി (ഡിജിസിഎ) കര്‍ശനമായ നിലപാട് സ്വീകരിച്ചിരുന്നു. പ്രവര്‍ത്തനപരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഡിജിസിഎ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനും ഉത്തരവാദിത്തപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഷോക്കോസ് നോട്ടീസ് അയച്ചു.
വിമാന നിരക്കുകള്‍ കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിരക്ക് പരിധി ഏര്‍പ്പെടുത്തി. ഡ്യൂട്ടി സമയ ചട്ടങ്ങള്‍ സംബന്ധിച്ച ചില വ്യവസ്ഥകളില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കാന്‍ ഡിജിസിഎ ഇന്‍ഡിഗോയ്ക്ക് താല്‍ക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്.
സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് വരുന്നുണ്ടെങ്കിലും, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളില്‍ ഇന്നും (ഡിസംബര്‍ 7) നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. യാത്ര ചെയ്യുന്നതിന് മുന്‍പ് ഉപഭോക്താക്കള്‍ വെബ്‌സൈറ്റ് വഴി ഫ്‌ലൈറ്റ് സ്റ്റാറ്റസ് ഉറപ്പാക്കണമെന്ന് ഇന്‍ഡിഗോ അഭ്യര്‍ത്ഥിച്ചു.
Summary: IndiGo Airlines has refunded tickets worth Rs 610 crore to customers whose travel was disrupted due to flight cancellations and service interruptions following mass leave by staff. Having to issue this huge refund, despite the airline's financial difficulties, is considered a major setback for IndiGo.
Passengers across the country were left stranded after IndiGo flights were cancelled en masse over the past few weeks. Numerous domestic IndiGo services were cancelled or delayed due to a mass leave by staff, lapses in implementing new duty time regulations, and technical issues. The airline refunded approximately Rs 610 crore to customers who had booked tickets but whose journeys were disrupted.



COMMENTS