തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയ്ക്കിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം (സംഘഗാന...
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയ്ക്കിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം (സംഘഗാനം) പാടിപ്പിച്ച സംഭവം വിവാദമായതിനെ തുടർന്ന്, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
വിദ്യാർത്ഥികളെ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനവും പ്രതിഷേധാർഹവുമാണെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.
എറണാകുളം-ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക യാത്രയിലാണ് സ്കൂൾ വിദ്യാർത്ഥികൾ ഗണഗീതം ആലപിച്ചത്.
കുട്ടികൾ ഗാനം ആലപിക്കുന്നതിന്റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ 'ദേശഭക്തി ഗാനം' എന്ന തലക്കെട്ടോടെ പങ്കുവെച്ചിരുന്നു.
ആർ.എസ്.എസുമായി ബന്ധമുള്ള ഗാനം ഔദ്യോഗിക സർക്കാർ പരിപാടിയിൽ ഉൾപ്പെടുത്തിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി രാഷ്ട്രീയ നേതാക്കൾ ശക്തമായ പ്രതിഷേധം അറിയിച്ചതോടെ ദക്ഷിണ റെയിൽവേ ഈ പോസ്റ്റ് പിൻവലിച്ചു.
സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നത് അനുവദിക്കാനാകില്ലെന്നും, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.


COMMENTS