തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. പത്തനംതിട്ടയില്‍ വൃദ്ധ ദമ്പതികൾക്ക് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 1.4...
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. പത്തനംതിട്ടയില്‍ വൃദ്ധ ദമ്പതികൾക്ക് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 1.4 കോടി നഷ്ടമായി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളാണ് ദമ്പതികൾ. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സംഭവമുണ്ടായത്.
മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഇവര്‍ക്ക് ഒരു ഫോണ്‍കോള്‍ വന്നതാണ് തട്ടിപ്പിന്റെ ആരംഭം. ഭാര്യയുടെ ഫോണ്‍ നമ്പറിലേക്കാണ് കോള്‍ വന്നത്.
കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തില്‍ ഇവരുടെ മൊബൈല്‍ നമ്പർ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരന്‍ പറഞ്ഞത്.
ഇതിന്റെ ഭാഗമായി അക്കൗണ്ടിലെ പണം പരിശോധിക്കണമെന്നും നിര്‍ദേശിക്കുന്ന അക്കൗണ്ടിലേക്ക് പണം കൈമാറണമെന്നും വിളിച്ചയാള്‍ ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കിന്റെ പരിശോധനയ്ക്കായാണ് ഇത് കൈമാറുന്നത്. പരിശോധന പൂര്‍ത്തിയായി കഴിഞ്ഞാല്‍ പണം തിരികെ നല്‍കുമെന്നും പറഞ്ഞു.
ഇതോടെ സ്ത്രീ തന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന 90 ലക്ഷം രൂപ കൈമാറി. ഭര്‍ത്താവിന്റെ അക്കൗണ്ടിലെ പണവും സമാനരീതിയില്‍ നല്‍കി. മൊത്തം 1.40 കോടി രൂപയാണ് ദമ്പതികൾ കൈമാറിയത്. അതേസമയം പണം തിരികെ ലഭിക്കാതെ വന്നതോടെ സംഭവം തട്ടിപ്പാണെന്ന് ഇവര്‍ക്ക് ബോധ്യമായി.
തുടര്‍ന്ന് ബന്ധു മുഖേന ദമ്പതികൾ പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Key Words : Digital Arrest Scam


COMMENTS