Two suspects have been arrested in connection with the theft of precious jewellery from the Louvre Museum in Paris, the news agency AFP reported
പാരീസ് : പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ നടന്ന അമൂല്യ ആഭരണ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികള്‍ അറസ്റ്റിലായതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. കേസുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
പ്രതികളിലൊരാള്‍ ശനിയാഴ്ച രാത്രി 10 മണിയോടെ പാരീസ്-ചാള്‍സ് ഡി ഗോള്‍ എയര്‍പോര്‍ട്ടില്‍ വച്ച് വിദേശത്തേക്ക് വിമാനം കയറാന്‍ ഒരുങ്ങുന്നതിനിടെയാണ് പിടിയിലായത്. രണ്ടാമത്തെയാള്‍ തൊട്ടുപിന്നാലെ പാരീസ് മേഖലയില്‍ നിന്ന് അറസ്റ്റിലായി.
ലോകത്തിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ലൂവ്ര് മ്യൂസിയത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അമൂല്യ രത്‌നങ്ങള്‍ കവര്‍ന്നത്. മ്യൂസിയം തുറന്നിരിക്കുന്ന സമയത്ത് ഒരു ക്രെയ്ന്‍ ഉപയോഗിച്ച് മുകളിലത്തെ നിലയിലെ ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഏകദേശം 102 ദശലക്ഷം ഡോളര്‍ (ഏകദേശം 840 കോടി രൂപ) വിലമതിക്കുന്ന എട്ട് അമൂല്യ വസ്തുക്കളാണ് ഇവര്‍ മോഷ്ടിച്ചത്.
ശേഷം മോട്ടോര്‍ സൈക്കിളുകളില്‍ രക്ഷപ്പെട്ട ഇവരെ കണ്ടെത്താന്‍ ഫ്രാന്‍സ് മുഴുവന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് രക്ഷപ്പെടുന്ന കവര്‍ച്ചക്കാരുടെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ ഈ ആഴ്ച ആദ്യം പുറത്തുവന്നിരുന്നു. മോഷ്ടാക്കള്‍ നിര്‍മ്മാണത്തൊഴിലാളികളുടെ വേഷമാണ് ധരിച്ചിരുന്നത്.
നേരത്തെ പുറത്തുവന്ന മറ്റൊരു വീഡിയോയില്‍, സന്ദര്‍ശകര്‍ നടന്നുപോകുന്നതിനിടെ മോഷ്ടാക്കളില്‍ ഒരാള്‍ ഒരു ഗ്ലാസ് ഡിസ്പ്ലേ കട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു.
ഈ ഹൈ-പ്രൊഫൈല്‍ കവര്‍ച്ചയുടെ അന്വേഷണം പാരീസ് പ്രോസിക്യൂട്ടര്‍മാര്‍ ബി.ആര്‍.ബി എന്ന പ്രത്യേക പോലീസ് യൂണിറ്റിനെയാണ് ഏല്‍പ്പിച്ചിരുന്നത്.
ലൂവ്ര് കവര്‍ച്ചയില്‍ നഷ്ടപ്പെട്ട 8 ചരിത്ര പ്രധാന വസ്തുക്കള്‍
മോഷണം പോയ എട്ട് ആഭരണങ്ങള്‍ ഫ്രാന്‍സിലെ രാജ്ഞിമാരുടെയും ചക്രവര്‍ത്തിനിമാരുടെയും ഉടമസ്ഥതയിലുള്ളതും രണ്ട് നൂറ്റാണ്ടിന്റെ ചരിത്രമുള്ളതുമാണ്.
1853-ല്‍ നെപ്പോളിയന്‍ മൂന്നാമനുമായുള്ള വിവാഹത്തിന് തൊട്ടുപിന്നാലെ വിഖ്യാത ആഭരണ നിര്‍മ്മാതാവായ അലക്സാണ്ടര്‍-ഗബ്രിയേല്‍ ലെമോണിയര്‍ നിര്‍മ്മിച്ച ചക്രവര്‍ത്തിനി യൂജെനിയുടെ തിയറയും കിരീടവും മോഷ്ടിക്കപ്പെട്ടു. എന്നാല്‍, കിരീടം മോഷ്ടാക്കള്‍ രക്ഷപ്പെടുന്നതിനിടെ ഉപേക്ഷിച്ചിരുന്നു.
കൂടാതെ, 1830 മുതല്‍ 1848 വരെ ഫ്രഞ്ച് രാജാവായിരുന്ന ലൂയിസ്-ഫിലിപ്പിന്റെ ഭാര്യ ക്വീന്‍ മേരി അമേലി, നെപ്പോളിയന്‍ മൂന്നാമന്റെ അമ്മയായ ക്വീന്‍ ഹോര്‍ട്ടെന്‍സ് എന്നിവര്‍ അണിഞ്ഞിരുന്ന നെക്ലേസും കമ്മലും ഉള്‍പ്പെടുന്ന സഫയര്‍ ആഭരണ സെറ്റും മോഷണം പോയി.
നെപ്പോളിയന്‍ ഒന്നാമന്‍ തന്റെ രണ്ടാമത്തെ ഭാര്യയായ ചക്രവര്‍ത്തിനി മേരി ലൂയിസിന് വിവാഹ സമ്മാനമായി നല്‍കിയതും അവരുടെ ഔദ്യോഗിക ജ്വല്ലറി നിര്‍മ്മാതാവായ ഫ്രാങ്കോയിസ്-റെഗ്നോള്‍ട്ട് നിറ്റോട്ട് നിര്‍മ്മിച്ചതുമായ നെക്ലേസും ഒരു ജോടി മരതക കമ്മലുകളും കവര്‍ന്നു.
മോഷ്ടിക്കപ്പെട്ട എട്ട് ഇനങ്ങളില്‍ ഏഴെണ്ണവും കഴിഞ്ഞ നാല് പതിറ്റാണ്ടിനുള്ളില്‍ ശേഖരിച്ചവയാണ്. ഈ ആഭരണങ്ങള്‍ക്ക് 'വിലമതിക്കാനാവാത്ത പൈതൃക മൂല്യമാണ്' ഉള്ളതെന്ന് ഫ്രാന്‍സിലെ സാംസ്‌കാരിക മന്ത്രാലയം അഭിപ്രായപ്പെട്ടു. 'പൈതൃകത്തിന്റെ കാര്യത്തില്‍ അവ അമൂല്യമാണ്,' എന്ന് റിക്‌നര്‍ പറഞ്ഞു.
ലൂവ്ര് മ്യൂസിയം
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയമാണ് ലൂവ്ര്. പ്രതിദിനം 30,000 സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്. പുരാതന വസ്തുക്കള്‍, ശില്‍പങ്ങള്‍, പെയിന്റിംഗുകള്‍ എന്നിവയുള്‍പ്പെടെ 33,000-ത്തിലധികം കലാസൃഷ്ടികള്‍ ഇവിടെയുണ്ട്.
ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന കലാസൃഷ്ടിയായ മോണാലിസ, വീനസ് ഡി മിലോ, വിംഗ്ഡ് വിക്ടറി ഓഫ് സമോത്രേസ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.
Summary: Two suspects have been arrested in connection with the theft of precious jewellery from the Louvre Museum in Paris, the news agency AFP reported, citing sources close to the case.
One of the suspects was detained around 10 pm on Saturday at Paris-Charles de Gaulle Airport as he was about to board a plane abroad, while the second was arrested not long after in the Paris region.


COMMENTS