ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശനത്തിനിടെ അഫ്ഗാനിസ്താന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വനിത...
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശനത്തിനിടെ അഫ്ഗാനിസ്താന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയത് വിവാദമായതോടെ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍.
വനിതാ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാത്തതില്‍ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുംബൈയിലെ അഫ്ഗാനിസ്താന്‍ കോണ്‍സല്‍ ജനറല്‍ ആണ് തിരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകരെ വാര്‍ത്താ സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്നും ഇത് തങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരെ വിലക്കിയ സംഭവത്തെ വിമര്‍ശിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം.
വെള്ളിയാഴ്ച അഫ്ഗാന്‍ എംബസിയില്‍ പുരുഷ മാധ്യമപ്രവര്‍ത്തകരെ മാത്രം പങ്കെടുപ്പിച്ച് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനമാണ് വിവാദമായത്. വാര്‍ത്താസമ്മേളനത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞതായി ചില വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. വാര്‍ത്താ സമ്മേളനം പൂര്‍ത്തിയായതിന് ശേഷം പല മാധ്യമപ്രവര്‍ത്തകരും എതിര്‍പ്പ് അറിയിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പ്രതികരിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും വിമര്‍ശനം ഉന്നയിച്ചു.
Key Words: Taliban Press Conference Controversy


COMMENTS