തിരുവനന്തപുരം : ലൈഫ് മിഷന്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ വ...
തിരുവനന്തപുരം : ലൈഫ് മിഷന്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ വിജയന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമന്‍സ് അയച്ച വിവരം രഹസ്യമാക്കിവച്ചത് സിപിഎമ്മിലും അമര്‍ഷത്തിനിടയാക്കുന്നു. ശബരിമല സ്വര്‍ണം കൊള്ളക്കേസില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായി നില്‍ക്കെ, പിണറായിയുടെ മകന്റെ കേസ് കൂടി പുറത്തു വരുന്നതോടെ സര്‍ക്കാരും പാര്‍ട്ടിയും മുന്നണിയും ഒന്നാകെ പ്രതിരോധത്തിലാണ്.
ശബരിമല വിഷയത്തില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തപ്പോള്‍ അന്നത്തെ ദേവസ്വം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ സുരക്ഷിതരാക്കിക്കൊണ്ട് ഉദ്യോഗസ്ഥരെ മാത്രം പ്രതികളാക്കിയാണ് രക്ഷപ്പെട്ടത്. ഇതില്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ അമര്‍ഷത്തിലാണ്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മകന്റെ കേസ് പൊന്തിവന്നിരിക്കുന്നത്.
നേരത്തേ തന്നെ മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനം ചെയ്യാത്ത ജോലിക്കു പണം വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണവും കേസുമെല്ലാം നിലനില്‍ക്കുകയാണ്. ഇതിനു പുറമേയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മകനും പ്രതിക്കൂട്ടിലായിരിക്കുന്നത്.
2023 ഫെബ്രുവരി 14-ന് ഇ.ഡി.യുടെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് വിവേക് കിരണിന് സമന്‍സ് അയച്ചത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ് ളാറ്റ് നിര്‍മ്മാണത്തിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.
വിവേക് കിരണ്‍ ഇ.ഡി.ക്ക് മുന്നില്‍ ഹാജരായില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ചോദ്യം ചെയ്യലിനൊടുവില്‍ ഇ.ഡി. അറസ്റ്റ് ചെയ്ത അതേ സമയത്തായിരുന്നു ഈ സമന്‍സ്. വിവേക് കിരണ്‍ ഹാജരാകാതിരുന്നിട്ടും ഇ.ഡി. പിന്നീട് ഈ വിഷയത്തില്‍ കാര്യമായ തുടര്‍നടപടികള്‍ എടുത്തില്ല. മുഖ്യമന്ത്രിയുടെ മകനെതിരായ കേസില്‍ ഇ.ഡി. തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് കേന്ദ്ര-സംസ്ഥാന ഭരണ നേതൃത്വങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ 'ഒത്തുതീര്‍പ്പിന്റെ' ഭാഗമാണെന്ന് യു ഡി എഫ് ആരോപിക്കുന്നു. കേന്ദ്ര ഏജന്‍സികള്‍ കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
വിവേക് കിരണ്‍ നിലവില്‍ അബുദാബിയിലെ ഒരു ബാങ്കിന്റെ ഉദ്യോഗസ്ഥനാണ്. ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകന്റെ പങ്ക് സംബന്ധിച്ച ദുരൂഹത നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
വിവേക് കിരണ്‍ വിജയനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരം മുഖ്യമന്ത്രി സി.പി.എമ്മിന്റെ നേതൃയോഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തില്ല എന്നതാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തെയും അണികളെയും രോഷാകുലരാക്കുന്നത്.
ലൈഫ് മിഷന്‍ കേസില്‍ പ്രതികളായ സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് വിവേക് കിരണിന് ഇ.ഡി. സമന്‍സ് അയച്ചത്. വിവേകിന് കേസുമായി ബന്ധമുണ്ടെന്ന് മൊഴികള്‍ സൂചന നല്‍കുന്നുണ്ടായിരുന്നു.
ലൈഫ് മിഷന്‍ കേസില്‍ മകന്‍ വിവേക് കിരണിനെ ഇ.ഡി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എമ്മിന്റെ കേരളത്തിലെ നേതൃഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ വിശദീകരിക്കുകയോ ചെയ്തിട്ടില്ല. മകള്‍ വീണാ വിജയനെതിരെയുള്ള കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളെക്കുറിച്ചും അദ്ദേഹം പാര്‍ട്ടിയോട് വിശദീകരിച്ചിരുന്നില്ല.
പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ വാര്‍ത്തയെക്കുറിച്ച് മനസ്സിലാക്കിയിട്ടില്ലെന്നും പ്രതികരിക്കാനില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. ചില മന്ത്രിമാര്‍ പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.
നേതാക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ എതിരെ ആരോപണങ്ങള്‍ ഉണ്ടായാല്‍, പരാതി, ആരെങ്കിലും വിഷയം ഉന്നയിക്കല്‍, നേതാവ് സ്വയം വിശദീകരണം നല്‍കല്‍ എന്നിങ്ങനെയുള്ള മൂന്ന് വഴികളിലൂടെയാണ് പാര്‍ട്ടി കമ്മിറ്റികളില്‍ സാധാരണ ചര്‍ച്ചയാവാറ്. എന്നാല്‍ മുഖ്യമന്ത്രിയുടെ മക്കളുടെ വിഷയത്തില്‍ ഇത് മൂന്നും സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ വിലാസത്തിലാണ് സമന്‍സ് അയച്ചത്.


COMMENTS