സ്വന്തം ലേഖകന്‍ കോട്ടയം: കാണക്കാരി സ്വദേശിനി ജെസ്സിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സാം ജോര്‍ജ് അറസ്റ്റിലായതിന് പിന്നില്‍ ബന്ധുക്കള്‍ നല...
സ്വന്തം ലേഖകന്‍
കോട്ടയം: കാണക്കാരി സ്വദേശിനി ജെസ്സിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സാം ജോര്‍ജ് അറസ്റ്റിലായതിന് പിന്നില്‍ ബന്ധുക്കള്‍ നല്‍കിയ പരാതി നിര്‍ണായകമായി. ജെസ്സിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചതാണ് കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കാനും പ്രതിയെ കുടുക്കാനും വഴിയൊരുക്കിയത്.
ജെസ്സിയെ സാം ജോര്‍ജ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊക്കയിലേക്ക് തള്ളുകയായിരുന്നു. കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
സാം ജോര്‍ജിന് വിദേശവനിതകളുമായി ഉള്‍പ്പെടെ അവിഹിത ബന്ധങ്ങളുണ്ടായിരുന്നു. ജെസ്സി ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണം.
ജെസ്സിയുടെ മരണം അപകടമരണമായി ചിത്രീകരിക്കാനാണ് സാം ശ്രമിച്ചത്. എന്നാല്‍, ബന്ധുക്കളുടെ നിരന്തരമായ സമ്മര്‍ദ്ദവും പരാതിയും കാരണം പോലീസ് വിശദമായ അന്വേഷണം നടത്തുകയും തുടര്‍ന്ന് സാം ജോര്‍ജ് കുറ്റം സമ്മതിക്കുകയും അറസ്റ്റിലാവുകയും ചെയ്യുകയായിരുന്നു.
സാം കെ. ജോര്‍ജിന്റെ കാണക്കാരിയിലെ കപ്പടക്കുന്നേല്‍ വീട് നിഗൂഢതയുടെ വലയത്തിലാണ്. വീടിനെ മറച്ചുകൊണ്ട് വലിയ മരങ്ങളും ചെടികളും വളര്‍ന്നുനില്‍ക്കുന്നു. മുറ്റം നിറയെ വള്ളിപ്പടര്‍പ്പുകളും ഗേറ്റിന് മറയായി അലങ്കാരച്ചെടികളുമുണ്ട്. വലിയ മരങ്ങളും ചെടികളും ഉള്ളതുകൊണ്ട് ഇവിടെ ഒരു വീടുണ്ടെന്ന് പെട്ടെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല.
കാട് വെട്ടിത്തെളിക്കാനോ പരിസരം വൃത്തിയാക്കാനോ സാം ആരെയും അനുവദിച്ചിരുന്നില്ല. അയല്‍ക്കാരോ ബന്ധുക്കളോ നാട്ടിലെ സുഹൃത്തുക്കളോ ആരും ഇയാളുടെ വീട്ടില്‍ വരാറുണ്ടായിരുന്നില്ല. സിറ്റൗട്ടില്‍ വെച്ച് ഭാര്യയുമായി പിടിവലിയുണ്ടാവുകയും കൊലപാതകം നടക്കുകയും ചെയ്തിട്ടും പുറത്താരും അറിയാതിരുന്നതും ഇതുകൊണ്ടാണ്.
സാമിന് മറ്റ് സ്ത്രീകളുമായുള്ള അവിഹിത ബന്ധങ്ങള്‍ ജെസ്സി ചോദ്യം ചെയ്തതും, ജെസിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ വിധി പ്രതികൂലമാകുമെന്നും സ്വത്തുക്കള്‍ നഷ്ടമാകുമെന്നും സാം ഭയപ്പെട്ടതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് നിഗമനം. ഇവരുടെ വിവാഹമോചന കേസ് കോടതിയില്‍ നടക്കുകയാണ്. ജീവനാംശം നല്‍കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്ന സാം, തനിക്കെതിരെ കോടതിയില്‍നിന്ന് വിധി വന്നേക്കുമെന്നും സ്വത്തുക്കള്‍ നഷ്ടമാകുമെന്നും കരുതിയാണ് കൊലപാതകം നടത്തിയത്.
ഒക്ടോബര്‍ 26-ന് രാത്രി കാണക്കാരിയിലെ വീട്ടിലെ സിറ്റൗട്ടില്‍ വെച്ച് തര്‍ക്കമുണ്ടാവുകയും സാം കയ്യില്‍ കരുതിയിരുന്ന മുളക് സ്‌പ്രേ ജെസിക്കുനേരെ പ്രയോഗിക്കുകയും ചെയ്തു. പിന്നീട് കിടപ്പുമുറിയില്‍ വലിച്ചിഴച്ചു കൊണ്ടുപോയി തോര്‍ത്ത് ഉപയോഗിച്ച് മൂക്കും വായും അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.
രാത്രി ഒരു മണിയോടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി ഇടുക്കി ഉടുമ്പന്നൂരിലെ ചെപ്പുകുളം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് 50 അടി താഴ്ചയിലേക്ക് തള്ളി.
കൊലപാതകത്തിനുശേഷം മൈസൂരുവിലേക്ക് കടന്ന സാമിനെ അവിടെവച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം പിടിയിലായ ഇറാനിയന്‍ യുവതിയെ പിന്നീട് വിട്ടയച്ചു. ഐടി പ്രൊഫഷണലായ സാം എംജി യൂണിവേഴ്‌സിറ്റിയില്‍ ടൂറിസം കോഴ്‌സിന് പഠിച്ചിരുന്നു, അവിടെ സഹപാഠിയാണ് ഈ യുവതി.
ജെസ്സിയെകൊലപ്പെടുത്തിയത് ആസൂത്രിതമായി തന്നെയെന്ന് പോലീസ് ഉറപ്പിച്ചു. മൃതദേഹം തള്ളാനായി 60 കിലോമീറ്റര്‍ അകലെയുള്ള ഇടുക്കി ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്തെ കൊക്കയുടെ പരിസരം പ്രതി മുന്‍കൂട്ടി സന്ദര്‍ശിച്ച് സ്ഥലം കണ്ടുവെച്ചിരുന്നു.
കൊലപാതകത്തിന് ശേഷം മണിക്കൂറുകളോളം മൃതദേഹം വീട്ടില്‍ സൂക്ഷിക്കുകയും, പുലര്‍ച്ചെ ഒരു മണിയോടെ കാറില്‍ കൊണ്ടുപോയി കൊക്കയില്‍ തള്ളുകയുമായിരുന്നു.
സാമിന്റെ സ്വഭാവം നിമിത്തം മൂന്നു മക്കള്‍ക്കും ഇയാളോട് വലിയ അടുപ്പമില്ലായിരുന്നു. സാം നേരത്തേ മറ്റൊരു വിവാഹം കഴിച്ചിരുന്നു. അതിലും ഒരു കുട്ടിയുണ്ട്. ഇയാളുടെ പരസ്ത്രീ ബന്ധങ്ങളാണ് വീട്ടില്‍ എപ്പോഴും കലഹത്തിനു പ്രധാന കാരണമായിരുന്നത്.


COMMENTS