Iran to Shift Capital from Tehran to Gulf Coast; President Masoud Pezeshkian Cites Water Scarcity as the Reason
എന്‍ പ്രഭാകരന്‍
ദുബായ് : ടെഹ്റാനില്‍ നിന്ന് തലസ്ഥാനം തെക്കോട്ടേക്ക് മാറ്റുകയല്ലാതെ ഇറാനു മുന്നില്‍ മറ്റ് വഴികളില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഇറാന്‍ പ്രസിഡന്റിനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
ഹോര്‍മോസ്ഗാന്‍ പ്രവിശ്യ സന്ദര്‍ശിക്കുന്നതിനിടെയാണ് നഗരത്തിലെ അമിത വികസനവും ജലക്ഷാമവുമാണ് തലസ്ഥാനം മാറ്റുന്നതിനുള്ള കാരണങ്ങളെന്ന് പെസഷ്‌കിയാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പരെമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുമായി താന്‍ തലസ്ഥാന മാറ്റത്തെക്കുറിച്ചു സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലസ്ഥാനം മാറ്റുന്നതിനായി ഹോര്‍മോസ്ഗാന്‍ പ്രവിശ്യയെയാണ് പെസഷ്‌കിയാന്‍ നിര്‍ദ്ദേശിച്ചത്. 'ഈ പ്രദേശം പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് തുറന്ന കടലുകളിലേക്കും വ്യാപാര-സാമ്പത്തിക ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനും നേരിട്ടുള്ള പ്രവേശനം നല്‍കുന്നു,' അദ്ദേഹം വിശദീകരിച്ചു. ഈ പ്രദേശത്തിന് 'വളരെ സമൃദ്ധവും വികസിതവുമായ പ്രദേശമായി' മാറാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസ്പിയന്‍ കടല്‍ത്തീരത്താണ് ടെഹ്‌റാന്‍ സ്ഥിതിചെയ്യുന്നത്. എന്നാല്‍, അറബിക്കടലില്‍ യു എ ഇക്ക് അഭിമുഖമായി പേര്‍ഷ്യന്‍ ഗള്‍ഫ് തീരത്താണ് ഹോര്‍മോസ്ഗാന്‍ പ്രവിശ്യ. ഈ പ്രദേശത്തുനിന്ന് അധികം അകലെയല്ലാതെയാണ് ഇറാനില്‍ ഇന്ത്യ ചബാഹര്‍ തുറമുഖം വികസിപ്പിച്ചുകൊണ്ടിരിക്കുന്നതും.
രാജ്യത്തെ മൊത്തം ജലവിതരണത്തിന്റെ ഏകദേശം 25 ശതമാനം ടെഹ്റാന്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ മഴയുടെ അളവ് കുറഞ്ഞതിനെക്കുറിച്ചും പെസഷ്‌കിയാന്‍ സംസാരിച്ചു. രാജ്യത്തെ സാധാരണ മഴയുടെ അളവ് 260 മില്ലിമീറ്റര്‍ ആയിരിക്കുമ്പോള്‍, ഈ വര്‍ഷത്തെ കണക്കനുസരിച്ച് മഴയുടെ അളവ് 100 മില്ലിമീറ്ററില്‍ താഴെയായി കുറഞ്ഞതായി അദ്ദേഹം പറഞ്ഞു.
ടെഹ്റാനിലെ ജലാവശ്യത്തിന്റെ ഏകദേശം 70 ശതമാനം സംഭാവന ചെയ്തിരുന്നത് അണക്കെട്ടുകളായിരുന്നു. എന്നാല്‍, 'കുറഞ്ഞ മഴയും വര്‍ധിച്ച ബാഷ്പീകരണവും അണക്കെട്ടുകളുടെ വിഹിതം കുറയ്ക്കുകയും ഭൂഗര്‍ഭജലത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു' എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
![]() |
| ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ |
ജലസംരക്ഷണത്തിനായി ജൂലയില്‍ ഇറാനിയന്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ''ജലമേഖലയില്‍, മാനേജ്മെന്റിനും ആസൂത്രണത്തിനും അപ്പുറം, അമിതമായ ഉപഭോഗത്തെയും നാം അഭിമുഖീകരിക്കേണ്ടതുണ്ട്,'' ജൂലയിലെ കാബിനറ്റ് മീറ്റിംഗില്‍ പെസഷ്‌കിയാന്‍ പറഞ്ഞിരുന്നു.
'ഇപ്പോള്‍ അടിയന്തര നടപടി എടുത്തില്ലെങ്കില്‍, ഭാവിയില്‍ ഒരു പ്രതിവിധിയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തെ നാം അഭിമുഖീകരിക്കും.'
ഓഗസ്റ്റില്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. നിലവിലെ ഭരണകൂടത്തില്‍ നിന്ന് സ്വതന്ത്രമായാല്‍, ഇറാനിലെ കടുത്ത ജലക്ഷാമം പരിഹരിക്കാന്‍ ഇസ്രായേല്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇസ്രായേല്‍ തങ്ങളുടെ മലിനജലത്തിന്റെ 90 ശതമാനം പുനരുപയോഗിക്കുന്ന ജലശുദ്ധീകരണ സാങ്കേതികവിദ്യയില്‍ ആഗോളതലത്തില്‍ മുന്‍നിരയിലാണ്.നിങ്ങളുടെ രാജ്യം സ്വതന്ത്രമാകുന്ന നിമിഷം, ഇസ്രായേലിലെ മികച്ച ജല വിദഗ്ധര്‍ അത്യാധുനിക സാങ്കേതികവിദ്യകളും അറിവും കൊണ്ടുവന്ന് എല്ലാ ഇറാനിയന്‍ നഗരങ്ങളിലേക്കും ജലം ഒഴുക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ വാഗ്ദാനം.
2,300 കിലോമീറ്റര്‍ പറന്നു ചെന്ന് ഇറാനിയന്‍ റിഫ്യൂവലിംഗ് വിമാനം ഇസ്രായേല്‍ തകര്‍ത്തു, ഖമേനിയെ വധിക്കാനുള്ള ഇസ്രായല്‍ പദ്ധതി ട്രംപ് തടഞ്ഞു
Summary: Iran to Shift Capital from Tehran to Gulf Coast; President Masoud Pezeshkian Cites Water Scarcity as the Reason





COMMENTS