In response to the PM Shri project controversy, the CPI has decided not to soften its stance, creating a serious crisis in the ruling front (LDF)
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : ഭരണ മുന്നണിയില്‍ ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട്, പി.എം. ശ്രീ പദ്ധതി വിവാദത്തില്‍ നിലപാട് മയപ്പെടുത്തേണ്ടതില്ലെന്നും ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് തങ്ങളുടെ മന്ത്രിമാര്‍ വിട്ടുനില്‍ക്കാനും സിപിഐ തീരുമാനിച്ചു. കെ. രാജന്‍, ജി.ആര്‍. അനില്‍, പി. പ്രസാദ്, ചിഞ്ചുറാണി എന്നിവരാണ് സിപിഐ മന്ത്രിമാര്‍.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മില്‍ ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രശ്‌നപരിഹാരമുണ്ടായില്ല. ബിനോയ് വിശ്വം തന്റെ കടുത്ത നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് കൂടിക്കാഴ്ച ഫലം കാണാതെ പോയത്.
മുഖ്യമന്ത്രിയുമായി മുക്കാല്‍ മണിക്കൂറോളം സംസാരിച്ചെങ്കിലും, നിലപാട് മാറ്റാന്‍ ബിനോയ് വിശ്വം തയ്യാറായില്ല. ഈ വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും നിലപാടില്‍ മാറ്റം വരുത്തരുതെന്നുമാണ് സിപിഐ എക്‌സിക്യൂട്ടീവ് നിര്‍ദ്ദേശിച്ചിരുന്നത്.
പി.എം. ശ്രീ പദ്ധതി വഴി ലഭിക്കുന്ന ഫണ്ടിലും പ്രധാനം നയപരമായ കാര്യങ്ങളാണെന്നു ബിനോയ് വിശ്വം മുഖ്യമന്ത്രിയോടു പറഞ്ഞു. ഇക്കാര്യത്തില്‍ ദേശീയ തലത്തില്‍ തന്നെ സിപിഐ നിലപാട് എടുത്തതിനാല്‍ പിന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയോടു വ്യക്തമാക്കി.
മുക്കാല്‍ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സിപിഐ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഞങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ല. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. ആവശ്യമായ ആലോചനകള്‍ക്ക് ശേഷം എല്ലാം അറിയിക്കും,' ബിനോയ് വിശ്വം പറഞ്ഞു.
പി.എം. ശ്രീയില്‍ കേരള സര്‍ക്കാര്‍ ഒപ്പിട്ട വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും വഞ്ചന നേരിട്ടെന്നുമാണ് സിപിഐ കരുതുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, എങ്ങനെയും സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം.
എന്നാല്‍, ഇന്ന് ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ ബിനോയ് വിശ്വത്തെ വേദിയിലിരുത്തി പിണറായി നടത്തിയ കുത്തുവാക്കുകളുടെ പ്രസംഗം സി പി ഐയെ കൂടുതല്‍ ചൊടിപ്പിച്ചിട്ടുണ്ട്. പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ എപ്പോഴും നിലകൊള്ളുന്നതെന്നും, പദ്ധതികള്‍ തടസ്സപ്പെടുത്തുന്നവരുടെ കൂടെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ നടന്ന പുന്നപ്ര-വയലാര്‍ വാര്‍ഷിക ദിനാചരണത്തില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഈ പരിപാടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പങ്കെടുക്കുന്നുണ്ടായിരുന്നു.
കേരളം ഇന്നത്തെ അവസ്ഥയില്‍ എത്തിയത് പുന്നപ്ര-വയലാര്‍ പോലുള്ള ത്യാഗങ്ങളുടെയും സമരങ്ങളുടെയും ഫലമാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. നവോത്ഥാനത്തിന് കമ്യൂണിസ്റ്റുകള്‍ നല്‍കിയ തുടര്‍ച്ചയും, ആധുനിക കേരളത്തിന് അടിത്തറയിട്ട ഇ.എം.എസ്. സര്‍ക്കാരിന്റെ നടപടികളും അദ്ദേഹം എടുത്തുപറഞ്ഞു.
Summary: In response to the PM Shri project controversy, the CPI has decided not to soften its stance, creating a serious crisis in the ruling front (LDF). The party has decided that its ministers will boycott the cabinet meeting scheduled for Wednesday. The CPI ministers are K. Rajan, G.R. Anil, P. Prasad, and Chinchu Rani.
The meeting held between Chief Minister Pinarayi Vijayan and CPI State Secretary Binoy Viswam at the Alappuzha Guest House failed to resolve the issue. The discussion was inconclusive as Binoy Viswam stood firm on his strong position.
Despite speaking with the Chief Minister for about forty-five minutes, Binoy Viswam was unwilling to change his stance. The CPI executive had instructed that there should be no compromise on this matter and that the party's position must not be altered.


COMMENTS