US President Donald Trump once again threatened India against buying Russian oil. Trump has again threatened to raise tariffs on products from India
അഭിനന്ദ്
ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയ്ക്കു നേരേ വീണ്ടും ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ തീരുവ ഗണ്യമായി ഉയര്‍ത്തുമെന്ന് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയിരിക്കുകയാണ്.
'ഇന്ത്യ വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും തുറന്ന വിപണിയില്‍ വലിയ ലാഭത്തില്‍ വില്‍ക്കുകയും ചെയ്യുന്നു,' ട്രംപ് ഇന്ന് ട്രൂത്ത് സോഷ്യലില്‍ പുതിയ പോസ്റ്റില്‍ പറഞ്ഞു.
'ഇക്കാരണത്താല്‍, ഇന്ത്യയ്ക്കുള്ള താരിഫ് ഞാന്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കും,' ട്രംപ് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ് വരുന്നത്. കൂടാതെ വലിയ പിഴയും ചുമത്തുമെന്നും ട്രംപ് ഭീഷണി ഉയര്‍ത്തി.
പക്ഷേ, ട്രംപിന്റെ ഭീഷണി ഇന്ത്യ കാര്യമായെടുത്തിട്ടില്ല. താരിഫ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ 'നിസ്സാരമായ' സ്വാധീനം മാത്രമേ ചെലുത്തൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ജിഡിപി നഷ്ടം 0.2 ശതമാനത്തില്‍ കൂടാന്‍ സാധ്യതയില്ലെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍.
ഇന്ത്യയുടെ എണ്ണ വാങ്ങല്‍ ദേശീയ താല്‍പ്പര്യങ്ങളും വിപണി ശക്തികളും അനുസരിച്ചാണ്. എന്നതിനാല്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ റഷ്യന്‍ ഇറക്കുമതി നിര്‍ത്തുകയില്ലെന്ന് വാരാന്ത്യത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ഉക്രെയ്നില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് റഷ്യയുമായുള്ള ബന്ധം കൂടുതല്‍ വഷളായതിനെ തുടര്‍ന്നാണ് ട്രംപിന്റെ ഭീഷണി. വെടിനിറുത്തല്‍ ഉണ്ടായില്ലെങ്കില്‍ റഷ്യയ്ക്കു മേല്‍ പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.
ചൈനയ്ക്കും യുഎസിനും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരാണ് ഇന്ത്യ. ചരിത്രപരമായി മിഡില്‍ ഈസ്റ്റില്‍ നിന്നാണ് എണ്ണയുടെ ഭൂരിഭാഗവും വാങ്ങിയിരുന്നത്. എന്നാല്‍ 2022 ഫെബ്രുവരിയില്‍ ഉക്രെയ്ന്‍ അധിനിവേശത്തിനുള്ള ശിക്ഷയായി പാശ്ചാത്യലോകം റഷ്യന്‍ എണ്ണ ഒഴിവാക്കിയതിനെത്തുടര്‍ന്ന് റഷ്യ കിഴിവ് നിരക്കില്‍ എണ്ണ വില്‍ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ അത് ഉപയോഗപ്പെടുത്താന്‍ തുടങ്ങി. പ്രതിദിനം രണ്ടു ബാരല്‍ വരെ എണ്ണ റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നുണ്ട്.
ഇന്ത്യയുമായി യുഎസിന് വലിയ വ്യാപാര കമ്മിയുണ്ടെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു. 'ഏതൊരു രാജ്യത്തേക്കാളും ഏറ്റവും കഠിനവും വൃത്തികെട്ടതുമായ സാമ്പത്തികേതര വ്യാപാര തടസ്സങ്ങള്‍' ഇന്ത്യയ്ക്കുണ്ടെന്ന് ട്രംപ് ആരോപിച്ചു.
'ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും, വര്‍ഷങ്ങളായി നമ്മള്‍ അവരുമായി താരതമ്യേന കുറച്ച് മാത്രമേ ഇടപാടുകള്‍ നടത്തിയിട്ടുള്ളൂ, കാരണം അവരുടെ താരിഫ് വളരെ ഉയര്‍ന്നതാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്നവയില്‍ ഒന്നാണിത്. കൂടാതെ ഏതൊരു രാജ്യത്തേക്കാളും ഏറ്റവും കഠിനവും അരോചകവുമായ സാമ്പത്തികേതര വ്യാപാര തടസ്സങ്ങള്‍ അവര്‍ക്കുണ്ട്,' അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പാര്‍ലമെന്റ് മണ്ഡലമായ വാരണാസിയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളിലേക്കു ജനം തിരിയണമെന്ന് ആഹ്വാനം ചെയ്തു. 'ലോക സമ്പദ്വ്യവസ്ഥ അസ്ഥിരതയും അനിശ്ചിതത്വവും നേരിടുന്നു. അത്തരം സമയങ്ങളില്‍, രാജ്യങ്ങള്‍ സ്വന്തം താല്‍പ്പര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യയും ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാനുള്ള പാതയിലാണ്. സ്വന്തം സാമ്പത്തിക മുന്‍ഗണനകളെക്കുറിച്ച് ജാഗ്രത പാലിക്കണം.
ഈ ദിശയില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ പൗരന്മാര്‍ എന്ന നിലയില്‍ നമുക്കും ഉത്തരവാദിത്തങ്ങളുണ്ട്.' പ്രാദേശിക ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒരു ദേശീയ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇത് അമേരിക്കയ്ക്കുള്ള മറുപടി കൂടിയായാണ് സാമ്പത്തിക ലോകം കാണുന്നത്.
Summary: US President Donald Trump once again threatened India against buying Russian oil. Trump has again threatened to raise tariffs on products from India significantly.
COMMENTS