Told to pay for excess baggage, army officer gets angry and attacks airline staff in Srinagar, breaking one's spine, another's jaw
സ്വന്തം ലേഖകന്‍
ശ്രീനഗര്‍ വിമാനത്താവളത്തില്‍ നടന്ന ഞെട്ടിക്കുന്ന ആക്രമണത്തില്‍ ഒരു ജീവനക്കാരന്റെ നട്ടെല്ലിന് ഒടിവുണ്ടെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഏഴ് കിലോയില്‍ കൂടുതലുള്ള ക്യാബിന്‍ ലഗേജ് അധിക ചാര്‍ജ് ഈടാക്കി കൊണ്ടുപോകാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് സൈനിക ഉദ്യോഗസ്ഥന്‍ എയര്‍ലൈന്‍ ജീവനക്കാരെ ആവര്‍ത്തിച്ച് ഇടിക്കുകയും ചവിട്ടുകയും ചെയ്തു. ക്യൂവില്‍ നിന്നയാളെയും ആക്രമിച്ചു.
മര്‍ദ്ദനമേറ്റ് ഒരു ജീവനക്കാരന്‍ തറയില്‍ ബോധരഹിതനായി വീണു. നിലത്തിട്ടും ഇയാളെ ചവിട്ടി. അങ്ങനെയാണ് നട്ടെല്ലിനു പരിക്കു പറ്റിയത്.
വിമാനത്താവളത്തിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥര്‍ ഉടനടി ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
വിഷയം അന്വേഷിക്കുകയാണെന്നും സിവില്‍ അന്വേഷണത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും സേനാ വക്താവ് പറഞ്ഞു.
ജൂലായ് 26 ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവരുന്നത്. ജൂലായ് 26 ന് ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എസ് ജി 386 വിമാനത്തിന്റെ ബോര്‍ഡിംഗ് ഗേറ്റില്‍ വച്ചായിരുന്നു സംഭവം. ക്യൂ സ്റ്റാന്‍ഡ് എടുത്ത് അടിച്ചതിനെ തുടര്‍ന്ന് ഒരു ജീവനക്കാരന്റെ താടിയെല്ലിനു പരിക്കേറ്റുവെന്നും എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
16 കിലോഗ്രാം ഭാരമുള്ള രണ്ട് ക്യാബിന്‍ ബാഗേജുകളാണ് ഉദ്യോഗസ്ഥന്‍ കൊണ്ടുവന്നത്. അനുവദനീയമായ ഏഴു കിലോഗ്രാം എന്ന പരിധിയുടെ ഇരട്ടിയിലധികമായിരുന്നു ഇത്. അധിക ലഗേജിന് പണം നല്‍കണമെന്ന് അറിയിച്ചപ്പോള്‍, അദ്ദേഹം വിസമ്മതിക്കുകയും സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ച് ബോര്‍ഡിംഗ് പ്രക്രിയ പൂര്‍ത്തിയാക്കാതെ എയ്റോബ്രിഡ്ജില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
'ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ ഗേറ്റിലേക്ക് തിരികെ കൊണ്ടുപോയി. ഗേറ്റില്‍ വെച്ച് യാത്രക്കാരന്‍ കൂടുതല്‍ ആക്രമണകാരിയായി. സ്‌പൈസ്‌ജെറ്റ് ഗ്രൗണ്ട് സ്റ്റാഫിലെ നാല് അംഗങ്ങളെ ശാരീരികമായി ആക്രമിച്ചു,' എയര്‍ലൈന്‍ പറയുന്നു.
അടിയേറ്റ് ഒരു സ്‌പൈസ്‌ജെറ്റ് ജീവനക്കാരന്‍ ബോധരഹിതനായി തറയില്‍ വീണു.അയാളെ അവിടെയിട്ടു വീണ്ടും ചവിട്ടി. ബോധരഹിതനായ സഹപ്രവര്‍ത്തകനെ സഹായിക്കാന്‍ കുനിഞ്ഞപ്പോള്‍ താടിയെല്ലിന് ശക്തമായ ചവിട്ടേറ്റതിനെ തുടര്‍ന്ന് മറ്റൊരു ജീവനക്കാരന് മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവമുണ്ടായി. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഗുരുതരമായ പരിക്കുകള്‍ക്ക് ചികിത്സയിലാണ്,' എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളത്തിലെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സ്പൈസ് ജെറ്റ് ലോക്കല്‍ പോലീസിനു കൈമാറി. യാത്രക്കാരനെ വിമാനയാത്രാ വിലക്കില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 'കൊലപാതക സമാനമായ ആക്രമണം' സംബന്ധിച്ച് എയര്‍ലൈന്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തെ അറിയിക്കുകയും അയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിയമങ്ങള്‍ അനുസരിച്ച്, ഈ സംഭവം ലെവല്‍ 2 (ശാരീരിക പീഡനം) ലും ലെവല്‍ 3 (ജീവന് ഭീഷണിയായ പെരുമാറ്റം) യിലും പെടുന്നു. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ യാത്രാ വിലക്ക് ഉള്‍പ്പെടെ ഇയാള്‍ക്കു മേല്‍ ചുമത്താം. ആക്രമിച്ചതിനുള്ള നിമയ നടപടികള്‍ പുറമേ ആയിരിക്കും.
Summary: Told to pay for excess baggage, army officer gets angry and attacks airline staff in Srinagar, breaking one's spine, another's jaw


COMMENTS