എം രാഖി ന്യൂയോര്‍ക് : ലോകമാകെ ഉയര്‍ന്ന എതിര്‍പ്പുകളും വിപണി മാന്ദ്യവും അമേരിക്കയേയും ബാധിക്കാന്‍ തുടങ്ങിയതിനു പിന്നാലെ, ഇറക്കുമതിക്കുള്ള താര...
എം രാഖി
ന്യൂയോര്‍ക് : ലോകമാകെ ഉയര്‍ന്ന എതിര്‍പ്പുകളും വിപണി മാന്ദ്യവും അമേരിക്കയേയും ബാധിക്കാന്‍ തുടങ്ങിയതിനു പിന്നാലെ, ഇറക്കുമതിക്കുള്ള താരിഫ് വര്‍ദ്ധന 90 ദിവസത്തേയ്ക്കു മരവിപ്പിക്കുന്നതായി യു എസ്പ്ര സിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 10 ശതമാനം സാര്‍വത്രിക നിരക്കായിരിക്കും ഈ കാലയളവില്‍. ഇതേസമയം, ചൈനയ്ക്കുള്ള ഇറക്കുമതിച്ചുങ്കം 125 ശതമാനമായിരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
വിവിധ രാജ്യങ്ങളുമായി വ്യാപാര ചര്‍ച്ചകള്‍ക്കുള്ള സമയമെന്ന നിലയിലാണ് ഈ ഇളവ്. 90ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കാണ് ട്രംപ് വന്‍ ചുങ്കം പ്രഖ്യാപിച്ചത്. ഇതോടെ, അമേരിക്കയിലും പണപ്പെരുപ്പ നിരക്ക് ഉയരുന്ന സ്ഥിതിയായി. ജനം തെരുവിലിറങ്ങുന്ന സ്ഥിതിയുമായി. ഇതുകൂടി പരിഗണിച്ചാണ് ട്രംപിന്റെ താത്കാലിക വെടിനിറുത്തല്‍.
'ലോക വിപണികളോട് ചൈന കാണിക്കുന്ന ബഹുമാനക്കുറവ്' കാരണം ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് ചുമത്തിയ തീരുവ 125% ആയി ഉയര്‍ത്തുന്നതായും പ്രസിഡന്റ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
ചൈനയും ഇതിനു തിരിച്ചടി നല്കിയിട്ടുണ്ട്. യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് 34% ല്‍ നിന്ന് 84% ലെവി ചുമത്തുമെന്ന് ചൈന പ്രഖ്യാപിച്ചു.
കഴിഞ്ഞയാഴ്ച പുതിയ താരിഫുകള്‍ അവതരിപ്പിച്ചതിന് ശേഷം ചര്‍ച്ചകള്‍ക്കായി 75 ലധികം രാജ്യങ്ങള്‍ യുഎസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.
ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഹരി വിപണി സൂചികകള്‍ ബുധനാഴ്ച കുത്തനെ ഉയര്‍ന്നു. ബെഞ്ച്മാര്‍ക്ക് എസ് ആന്‍ഡ് പി ഏഴു ശതമാനം ഉയര്‍ന്ന് സൂചി 500 കടന്നു. ഇത് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ നേട്ടമാണ്. നാസ്ഡാക്ക് സൂചിക ഒമ്പത് ശതമാനം വര്‍ദ്ധിച്ചു.
ട്രംപ് താരിഫ് യുദ്ധം പ്രഖ്യാപിച്ചതുമുതല്‍ സാമ്പത്തിക വിപണികള്‍ പ്രക്ഷുബ്ധമാണ്. യുഎസ് ഓഹരി വിപണികള്‍ ചൊവ്വാഴ്ച വരെ തുടര്‍ച്ചയായി നാല് ദിവസത്തെ ഇടിവ് നേരിട്ടിരുന്നു. ഈ ഇനത്തില്‍ കോടികളുടെ നഷ്ടമാണുണ്ടായത്.* ചൈന ഒഴികെയുള്ള എല്ലാ വ്യാപാര പങ്കാളികള്‍ക്കും സാര്‍വത്രികമായ 10% നിരക്കിലേക്ക് താരിഫ് താഴ്ത്തി.
* ചൈനയുടെ താരിഫ് നിരക്ക് 125% ആയി ഉയരുകയും ഉടനടി പ്രാബല്യത്തില്‍ വരികയും ചെയ്യും.
* ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ബെയ്ജിംഗില്‍ 84% താരിഫ്.
* യു.എസ് ഇറക്കുമതിക്ക് പ്രതികാര താരിഫുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കി.
* അമേരിക്ക സന്ദര്‍ശിക്കുന്നത് സംബന്ധിച്ച് തങ്ങളുടെ പൗരന്മാര്‍ക്ക് ചൈന പുതിയ യാത്രാ മുന്നറിയിപ്പ് നല്‍കി.
* ചില സാധനങ്ങള്‍ക്ക് 25% വരെ നിരക്കുകള്‍ നേരിടുന്ന കാനഡയും മെക്സിക്കോയും 10% അടിസ്ഥാന താരിഫുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് സ്ഥിരീകരിച്ചു.
Summary: US President Donald Trump freezes import tariff increase for 90 days. 10 percent will be the universal rate during this period. At the same time, Trump also announced that the import tariff for China will be 125 percent.
COMMENTS