ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) വായ്പാ തട്ടിപ്പ് കേസിൽ ഒളിവിൽ പോയ വജ്ര വ്യാപാരി മെഹുൽ ചോക്‌സിയെ ബെൽജിയത്തിൽ പോലീസ് അറസ്റ്റ് ചെയ്തതായ...
ന്യൂഡൽഹി:
പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) വായ്പാ തട്ടിപ്പ് കേസിൽ ഒളിവിൽ പോയ വജ്ര വ്യാപാരി മെഹുൽ ചോക്‌സിയെ ബെൽജിയത്തിൽ പോലീസ് അറസ്റ്റ് ചെയ്തതായി സിബിഐ സ്ഥിരീകരിച്ചു. 65 കാരനായ ഇയാൾ ശനിയാഴ്ച അറസ്റ്റിലായതായും നിലവിൽ ജയിലിലാണെന്നും റിപ്പോർട്ടുണ്ട്.
ചോക്‌സിയെ അറസ്റ്റ് ചെയ്യുന്നതിനിടെ മുംബയ് കോടതി പുറപ്പെടുവിച്ച രണ്ട് അൺഎൻഡഡ് അറസ്റ്റ് വാറണ്ടുകൾ പോലീസ് പരാമർശിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇവ 2018 മെയ് 23 നും 2021 ജൂൺ 15 നും തീയതികളിലുള്ളവയാണ്.
അനാരോഗ്യവും മറ്റ് കാരണങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹം ജാമ്യവും ഉടനടി മോചനവും തേടുമെന്നാണ് കരുതുന്നത്.
2018 ൽ ബാങ്കിൽ നിന്ന് 13,500 കോടിയിലധികം രൂപ തട്ടിയെടുത്തുവെന്ന കുറ്റത്തിന് ചോക്സിയേയും ലണ്ടനിൽ നിന്ന് നാടുകടത്തൽ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ അനന്തരവൻ നീരവ് മോദിയേയും വിട്ടുകിട്ടാൻ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) നാളുകളായി ശ്രമിക്കുകയാണ്.
രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായ പിഎൻബിയിലെ ഉന്നതരുടെ അറിവോടെയാണ് ചോക്സിയും മോദിയും ചേർന്ന് തട്ടിപ്പ് നടത്തിയത്.
ഇവർക്കും ഇവരുടെ സ്ഥാപനങ്ങൾക്കും നേരേ ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു.
മുംബയിലെ ബ്രാഡി ഹൗസ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി അവർ ലെറ്റർ ഒഫ് അണ്ടർടേക്കിംഗ് (LoUs) ഉം വിദേശ ലെറ്റർ ഒഫ് ക്രെഡിറ്റ് (FLC) ഉം ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു.
പിഎൻബിയിലെ തട്ടിപ്പ് പുറത്തുവരുന്നതിന് ആഴ്ചകൾക്ക് മുമ്പ്, 2018 ജനുവരിയിൽ ചോക്സിയും മോദിയും ഇന്ത്യയിൽ നിന്ന് പലായനം ചെയ്തു.
കഴിഞ്ഞ മാസം, മെഹുൽ ചോക്സി യൂറോപ്യൻ രാജ്യത്തുണ്ടെന്ന് ബെൽജിയൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ബെൽജിയം പൗരയായ ഭാര്യ പ്രീതി ചോക്സിക്കൊപ്പം ആന്റ്‌വെർപ്പിൽ ചോക്സി താമസിക്കുന്നുണ്ട്. രാജ്യത്ത് 'റെസിഡൻസി കാർഡ്' നേടിയിരുന്നു.
COMMENTS