V.D Satheesan is against Kerala startup ecosystem report
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെപ്പറ്റിയുള്ള റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. റിപ്പോര്‍ട്ട് പണം നല്‍കിയാണ് തരപ്പെടുത്തിയതെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
സര്‍ക്കാര്‍ പണം നല്‍കിവരുന്ന ജെനോം എന്ന ഏജന്‍സിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് 2021 മുതല്‍ 2024 വരെ 48,000 യു.എസ് ഡോളര്‍ (42 ലക്ഷം രൂപ) സര്‍ക്കാര്‍ നല്‍കിയതായി അദ്ദേഹം ആരോപണം ഉന്നയിച്ചു. ഇവരുടെ റിപ്പോര്‍ട്ട് ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിലടക്കം മുഖ്യമന്ത്രി അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
ആ റിപ്പോര്‍ട്ട് വച്ചാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വലുതായെന്നു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ജെനോമിന്റെ ഇടപാടുകാരാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മിഷനെന്നും ഇതുവഴിയാണ് പണം നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2021 ല്‍ 13,500 യു.എസ് ഡോളര്‍, 2022 ല്‍ 4,500, 2023 ല്‍ 15,000, 2024 ല്‍ 15,000 എന്നിങ്ങനെയാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം സര്‍ക്കാര്‍ ഊതിപ്പെരുപ്പിച്ചതാണെന്നും തന്റെ ആരോപണം സര്‍ക്കാര്‍ നിഷേധിക്കുകയാണെങ്കില്‍ തെളിവ് സഹിതം ഹാജരാക്കാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Keywords: V.D Satheesan, Startup ecosystem report, Startup mission
COMMENTS