സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഒരു വിഭാഗം ആളുകളില്‍നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്‍ 17 രംഗങ്ങ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഒരു വിഭാഗം ആളുകളില്‍നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്‍ 17 രംഗങ്ങള്‍ ഒഴിവാക്കിയും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്തും വീണ്ടും സെന്‍സര്‍ ചെയ്യാന്‍ തീരുമാനമായി.
നിര്‍മ്മാതാക്കള്‍ തന്നെയാണ് സ്വമേധയാ ഈ മാറ്റം കൊണ്ടുവരുന്നത്. സെന്‍സര്‍ ചെയ്ത ചിത്രം ബുധനാഴ്ചയോടെ തിയറ്ററുകളില്‍ എത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. ചിത്രത്തിന്റെ പ്രധാന വില്ലന്റെ പേരും മാറ്റും.
ഈ മാസം 27നാണ് എമ്പുരാന്‍ റിലീസ് ചെയ്തത്. മലയാളത്തിലെ ഏറ്റവും വലിയ ആരാധക കാത്തിരിപ്പ് ഉണ്ടായ ചിത്രമാണ് എമ്പുരാന്‍. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വന്‍തോതില്‍ വിറ്റുപോയിരുന്നു.
എന്നാല്‍, ചിത്രം പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തിയുള്ള ദൃശ്യങ്ങളാണ് വിവാദത്തിലേക്ക് നയിച്ചത്. ചിത്രത്തിലെ പ്രധാന വില്ലന്റെ പേര് ബജ്‌രംഗി എന്നാണ്. ഇയാള്‍ ഒരു വിഭാഗം ജനതയ്ക്ക് നേരെ അതികിരാതമായ നടപടികള്‍ കൈക്കൊള്ളുന്ന വ്യക്തിയായാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഗര്‍ഭിണികളെ വരെ ബലാത്സംഗം ചെയ്തു കൊല്ലാന്‍ കൂട്ടുനിന്ന വ്യക്തിയായിട്ടാണ് ഇയാളെ ചിത്രീകരിച്ചിരിക്കുന്നത്.
ഇത് സംഘപരിവാര്‍ അനുകൂല സംഘടനകളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ബിജെപിയില്‍ തന്നെ ഒരു വിഭാഗം ആളുകള്‍ ചിത്രത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് നിര്‍മ്മാതാക്കള്‍ തന്നെ സ്വയം റീ സെന്‍സറിംഗിന് സന്നദ്ധരായത്. അല്ലാത്തപക്ഷം ആരെങ്കിലും കോടതിയില്‍ പോയാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം തന്നെ വിലക്കപ്പെടുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇത് ഒഴിവാക്കാന്‍ കൂടിയാണ് സ്വമേധയാ 17 കട്ടുകള്‍ നടത്താന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.
ഹിന്ദുവിരുദ്ധതയാണ് ചിത്രത്തിന്റെ അടിസ്ഥാന സന്ദേശമെന്ന് സംഘപരിവാര്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സെന്‍സര്‍ ചെയ്ത പുതിയ കോപ്പി വരുന്നതുവരെ ഇപ്പോഴുള്ള സിനിമ തന്നെ പ്രദര്‍ശനം തുടരാനാണ് തീരുമാനം. സെന്‍സറിങ് അല്ല റീ മോഡിഫിക്കേഷന്‍ ആണ് വരുത്തുന്നതെന്നാണ് സിനിമയുമായി ബന്ധപ്പെട്ട ഒരു വിഭാഗം പറയുന്നത്.
എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍ നിയമം അനുസരിച്ച് ഒരു ചിത്രം സെന്‍സര്‍ ചെയ്താല്‍ ആ ചിത്രം മൊത്തത്തില്‍ കാണിക്കേണ്ടതുണ്ട്. അതില്‍ നിന്ന് മാറ്റം വരുത്താന്‍ നിര്‍മാതാക്കള്‍ക്ക് അവകാശമില്ല. അതിനാല്‍ റീ സെന്‍സര്‍ തന്നെ ചെയ്യേണ്ടിവരും എന്നാണ് അറിയാന്‍ കഴിയുന്നത്.
ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജണ്ടയാണ് എമ്പുരാന്‍ നടപ്പാക്കുന്നതെന്ന് ഓര്‍ഗനൈസര്‍ പറയുന്നു. മോഹന്‍ലാലിന്റെ ആരാധകരെ ചിത്രം വഞ്ചിച്ചു എന്നും ഓര്‍ഗനൈസര്‍ പറയുന്നുണ്ട്.
ഇതേസമയം ചിത്രത്തില്‍ നിന്ന് വെറും 10 സെക്കന്‍ഡ് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് വെട്ടിക്കുറച്ചതെന്ന് സിനിമയുമായി അടുപ്പമുള്ളവര്‍ പറയുന്നു. സ്ത്രീകള്‍ക്ക് എതിരായ അക്രമത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാനും ദേശീയ പതാകയെ കുറിച്ചുള്ള ഡയലോഗ് ഒഴിവാക്കാനുമാണ് സെന്‍സര്‍ ബോര്‍ഡ് നേരത്തെ നിര്‍ദ്ദേശിച്ചതതത്രേ.
രണ്ട് ദിവസം കൊണ്ട് 100 കോടി രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്. വിവാദം പൊട്ടിപ്പുറപ്പെട്ടതും വീണ്ടും സെന്‍സര്‍ ചെയ്യുന്നതും സിനിമയെ എങ്ങനെ ബാധിക്കുമെന്നു കണ്ടറിയേണ്ടതുണ്ട്.
സംഘ രാഷ്ട്രീയത്തെ അലക്കി എമ്പുരാന്‍, ബിജെപിയില്‍ മുറുമുറുപ്പ്, തുറന്നു പറഞ്ഞു വിവാദമാക്കി സിനിമയ്ക്കു മൈലേജ് കൂട്ടേണ്ടെന്നു തീരുമാനം, തങ്ങള്‍ക്കും തട്ടുകിട്ടിയെങ്കിലും ഇടതിനും കോണ്‍ഗ്രസിനും സന്തോഷം
Summary: After severe criticism from a section of people, it was decided to censor Mohanlal's film Empuraan again by omitting 17 scenes and muting some references. The film collected Rs 100 crore in two days. It remains to be seen how the controversy and re-censoring will affect the film.
COMMENTS