Mohanlal's movie 'L2: Empuraan' opened the way for political discussion outside Kerala as well. The BJP-RSS leadership feels that the film is a slam
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ 'എല്‍2: എമ്പുരാന്‍' സിനിമ കേരളത്തിനു പുറത്തും രാഷ്ട്രീയ ചര്‍ച്ചയ്ക്കു വഴിതുറന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തെ അടച്ചാക്ഷേപിക്കുന്നതാണ് ചിത്രമെന്ന് ബിജെപി-ആര്‍ എസ് എസ് നേതൃത്വം കരുതുന്നു. ഇതു കൂടുതല്‍ പരസ്യമായി പറഞ്ഞു ചിത്രത്തിനു പ്രചാരം കൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടി.
ചിത്രത്തിന്റെ ആദ്യ പതിനഞ്ചു മിനിറ്റോളം ഗുജറാത്ത് കലാപകാലത്തെ ക്രൂരകൊലപാതകങ്ങളാണ് കാണിക്കുന്നത്. ഇതെല്ലാം തന്നെ മുസ്ലിങ്ങള്‍ക്കു നേരേ ഹിന്ദുക്കള്‍ നടത്തുന്ന കൊടുംക്രൂരതയായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതെല്ലാം തന്നെ രാഷ്ട്രീയ കക്ഷികള്‍ അവരുടെ നേട്ടങ്ങള്‍ക്കായി ചെയ്യുന്നതാണെന്നും അടിവരയിട്ടു പറയുന്നുണ്ട്. ഫലത്തില്‍ ഇതു ചെന്നു കൊള്ളുന്നത് ബിജെപിക്കും ആര്‍ എസ് എസിനുമാണ്.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ എതിരാളികള്‍ക്കെതിരേ ആയുധമാക്കുന്നതും ചിത്രം ഉദാഹരണ സഹിതം അടിവരയിടുന്നു.
ചിത്രം സെന്‍സര്‍ ചെയ്തവര്‍ക്കെതിരേ പാര്‍ട്ടി തല നടപടി വേണമെന്ന നിലപാടാണ് ബിജെപിയിലെ പല നേതാക്കള്‍ക്കും. ബിജെപി നോമിനികളായ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ലേ എന്ന ചോദ്യം പാര്‍ട്ടി തലത്തില്‍ ഉയരുന്നുണ്ട്. സെന്‍സര്‍ ബോര്‍ഡ് ശ്രദ്ധിച്ചിരുന്നുവെങ്കില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് ബിജെപി കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച വന്നത്.
എന്നാല്‍, ഇക്കാര്യം പരസ്യമായി പുറത്തുപറയാനും ബിജെപി ഒരുക്കമല്ല. സിനിമ അതിന്റെ വഴിക്കു പോകുമെന്നും അതു ബിജെപിയെ ബാധിക്കില്ലെന്നുമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍ പറഞ്ഞത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നേതാക്കള്‍ നടത്തുന്നത് സ്വകാര്യ അഭിപ്രായപ്രകടനമാണെന്നു സംസ്ഥാന സെക്രട്ടറി എച്ച് സുരേഷ് വ്യക്തമാക്കി.
സെന്‍സര്‍ ബോര്‍ഡില്‍ ബിജെപിക്കു നോമിനികളില്ലെന്നു പറഞ്ഞു വിവാദത്തില്‍ നിന്നു തലയൂരുകയാണ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചെയ്തത്. പുതിയ അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാകട്ടെ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ നില്ക്കാതെ ഡല്‍ഹിക്കു വിമാനം കയറുകയാണ് ചെയ്തത്.
ഇതേസമയം, ഭരണകക്ഷിയായ സിപിഎമ്മും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും ഒന്നിച്ച് എമ്പുരാനെ ആഘോഷമാക്കുകയാണ്. സിനിമ 'സംഘ പരിവാര്‍ അജണ്ട തുറന്നുകാട്ടുന്നു' എന്നാണ് ഇരു കക്ഷികളുടെയും അഭിപ്രായം.
വിവാദം സിനിമയ്ക്കു ഗുണം ചെയ്യുന്നുണ്ട്. ഒറ്റ ദിവസം കൊണ്ട് 22 കോടി രൂപയാണ് ചിത്രം നേടിയത്. കേരളത്തില്‍ ഒരു ചിത്രത്തിനും ഉണ്ടാക്കാനാവാത്ത നേട്ടമാണിത്.
മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനുമെതിരായ വിദ്വേഷ പ്രചാരണം അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. പാന്‍-ഇന്ത്യന്‍ സിനിമ എന്നാണ് എമ്പുരാനെ രാഹുല്‍ വിശേഷിപ്പിക്കുന്നത്.
ഇതേസമയം, ചിത്രം പരോക്ഷമായി ഇടതു നേതാക്കളെയും വിമര്‍ശിക്കുന്നുണ്ട്. നേതാവിനെ പ്രകീര്‍ത്തിക്കാനായി നൂറുകണക്കിനു സ്ത്രീകളുടെ തിരുവാതിരയും കറുത്ത മുഖം മൂടി അണിഞ്ഞവനെ പൊലീസ് പിടിക്കുന്നതുമെല്ലാം ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
Summary: Mohanlal's movie 'L2: Empuraan' opened the way for political discussion outside Kerala as well. The BJP-RSS leadership feels that the film is a slam on Sangh Parivar politics. The first fifteen minutes of the film show brutal murders during the Gujarat riots.
COMMENTS