ഹൂസ്റ്റണില്‍ നിന്ന് എം രാഖി ഒമ്പത് മാസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം ഭൂമിയിലേക്ക് സുരക്ഷിതരായി തിരിച്ചെത്തിയ സുനിതാ വില്യംസും ബുച്ച് വില്‍...
ഹൂസ്റ്റണില്‍ നിന്ന് എം രാഖി
ഒമ്പത് മാസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം ഭൂമിയിലേക്ക് സുരക്ഷിതരായി തിരിച്ചെത്തിയ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഇനി എന്തെല്ലാം കഠിനപരീക്ഷകള്‍ നേരിടണമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ലോകമെമ്പാടും നടക്കുന്നത്.
എട്ടു ദിവസത്തെ മാത്രം തയ്യാറെടുപ്പുമായി പോയവര്‍ ഒമ്പത് മാസമാണ് ബഹിരാകാശത്തു കുടുങ്ങിക്കിടന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ആസൂത്രണം ചെയ്യാതെ താമസിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ബഹിരാകാശത്തെ കഠിനമായ സാഹചര്യങ്ങളില്‍ മാസങ്ങളോളം ചെലവഴിച്ചത് ചെറിയ കാര്യമല്ല. അവരുടെ ശരീരത്തിനുണ്ടായ പേടിപ്പെടുത്തുന്ന മാറ്റം യാത്രയ്ക്കു മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. യാത്രയ്ക്കു മുമ്പുള്ള ചിത്രങ്ങളില്‍ സുനിതയും വില്‍മോറും നല്ല ഊര്‍ജസ്വലരാണ്. തിരിച്ചുവരവില്‍ ഇരുബഹിരാകാശയാത്രികര്‍ക്ക് വര്‍ഷങ്ങളോളം ആരോഗ്യപരമായ സങ്കീര്‍ണതകള്‍ നേരിടേണ്ടിവരുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സ്പേസ് എക്സ് ക്രൂ ഡ്രാഗണ്‍ ക്യാപ്സ്യൂളില്‍ നിന്ന് 59 കാരിയായ സുനിതയേയും 62 കാരനായ വില്‍മോറിനെയും മറ്റു രണ്ടു യാത്രികരെയും സ്ട്രെച്ചറുകളിലാണ് മെഡിക്കല്‍ ടീമുകള്‍ പരിശോധനകള്‍ക്കായി മാറ്റിയത്. ഇവര്‍ക്ക് ബേബി ഫുട്ട് ഉള്‍പ്പെടെ പ്രശ്‌നങ്ങളുള്ളതിനാല്‍ സ്ട്രെച്ചറില്‍ തന്നെയാണ് മാറ്റേണ്ടത്. ബഹിരാകാശത്തു നിന്ന് മടങ്ങുന്ന യാത്രികള്‍ക്കുള്ള സാധാരണ നടപടിക്രമമാണിത്. അവരുടെ ദുര്‍ബലമായ പേശികള്‍ നിമിത്തം ഭൂമിയുടെ ഗുരുത്വാകര്‍ഷണബലത്തില്‍ നടക്കാനും ബുദ്ധിമുട്ടാണ്.
ഹൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ സുനിതയും വില്‍മോറും ദിവസങ്ങളോളം തീവ്രമായ വൈദ്യപരിശോധനകള്‍ക്കു വിധേയരാകും.
ബഹിരാകാശ നിലയത്തില്‍ ആയിരുന്നപ്പോള്‍ ഇരുവരുടെയും ഭംഗിയുള്ള രൂപത്തിലും ശരീരഭാരം കുറയുന്നതിലും വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നാസ പക്ഷേ, ഇക്കാര്യം നിസ്സാരവത്കരിക്കാനാണ് ശ്രമിച്ചത്.
ഇരുവരുടെയും തലയില്‍ ദ്രാവകം അടിഞ്ഞുകൂടിയതായി സംശയം ബലപ്പെട്ടിട്ടുണ്ട്. ഇതു ഗുരുതരമായ മെഡിക്കല്‍ സങ്കീര്‍ണതകളിലേക്കു ചിലപ്പോള്‍ നയിച്ചേക്കാം. തലയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍, അത് കണ്ണുകളിലും ഒപ്റ്റിക്കല്‍ ഞരമ്പുകളിലും വ്യാപിക്കാം. ഇതു സ്പേസ് ഫ്‌ലൈറ്റ് അസോസിയേറ്റഡ് ന്യൂറോ-ഓക്യുലാര്‍ സിന്‍ഡ്രോം ഉണ്ടാകാന്‍ കാരണമാവാം. ഇതു ചിലപ്പോള്‍ കണ്ണിന്റെ ആകൃതിയില്‍ പോലും ചെറിയ മാറ്റങ്ങള്‍ക്കു കാരണമാവാം. 70 ശതമാനം ബഹിരാകാശ സഞ്ചാരികളിലും കാഴ്ച പ്രശ്‌നങ്ങള്‍ പിന്നീട് ഉണ്ടാകാറുണ്ട്. ഭൂമിയില്‍ തിരിച്ചെത്തിയാല്‍ ബഹിരാകാശയാത്രികരുടെ കണ്ണുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ചില പാര്‍ശ്വഫലങ്ങള്‍ ശാശ്വതമാണെന്ന് നാസ മുന്നറിയിപ്പ് നല്‍കുന്നു.
ബഹിരാകാശ വാസം കൂടുന്നതിനനുസരിച്ച് കാഴ്ച തകരാറിലാകാനുള്ള സാധ്യത കൂടുതലാണെന്നും നാസ പറയുന്നു. സുനിതയുടെയും വില്‍മോറിന്റെയും അസാധാരണമായി നീണ്ട ദൗത്യം എന്തു പാര്‍ശ്വഫലമുണ്ടാക്കുമെന്നു കണ്ടു തന്നെ അറിയണം.
അതുപോലെ, തലച്ചോറിലെ സമ്മര്‍ദങ്ങള്‍ ഉറക്കക്കുറവിലേക്കു നയിക്കാം. ചില ബഹിരാകാശയാത്രികരുടെ ബുദ്ധിശക്തി പോലും പിന്നീട് ബാധിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
ബഹിരാകാശയാത്രികര്‍ ചില ജോലികള്‍ ബഹിരാകാശത്ത് ചെയ്യുമ്പോള്‍ ഭൂമിയിലേതിനേക്കാള്‍ വളരെ സാവധാനത്തിലാണ് പ്രോസസ്സ് ചെയ്യുന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബഹിരാകാശയാത്രികര്‍ക്ക് പ്രവര്‍ത്തന മെമ്മറിയും ശ്രദ്ധയും തകരാറിലായതായും റിസ്‌ക് എടുക്കുന്ന സ്വഭാവത്തിലും മാറ്റം വരുത്തിയതായും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ബഹിരാകാശയാത്രികര്‍ ഭൂമിയിലേക്ക് മടങ്ങുമ്പോള്‍ ഈ മാറ്റങ്ങള്‍ മാറുന്നതാണ് പതിവ്.
പേശികളുടെയും അസ്ഥികളുടെയും ബലക്ഷയം മറ്റൊരു വലിയ പ്രശ്‌നം. ബഹിരാകാശ നിലയത്തിലെ മൈക്രോഗ്രാവിറ്റിയാണ് ഇവിടെ വില്ലനാവുന്നത്.
ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം നമ്മുടെ പേശികള്‍ക്കു കാഠിന്യം നല്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നു. എന്നാല്‍, ബഹിരാകാശയാത്രികരുടെ പേശികള്‍ അവിടുത്തെ സാഹചര്യം നിമിത്തം പെട്ടെന്നു ദുര്‍ബലമാകുന്നു. പേശികള്‍ക്കുണ്ടാവുന്ന കടുത്ത ക്ഷതം ഭൂമിയിലെത്തിയാലും എത്രമാത്രം പരിഹരിക്കപ്പെടുന്നു വ്യക്തമല്ല.
കുറഞ്ഞ ഗുരുത്വാകര്‍ഷണത്തില്‍ ജീവിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിന് ബഹിരാകാശയാത്രികര്‍ നിലയത്തില്‍ പ്രതിദിനം കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും വ്യായാമം ചെയ്യാറുണ്ട്. എന്നാല്‍, പേശികളുടെയും അസ്ഥികളുടെയും ബലക്ഷയം തടയാന്‍ ഇത് ഇപ്പോഴും പര്യാപ്തമല്ലെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
'മനുഷ്യശരീരത്തിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണം ആവശ്യമാണ്, അതിന്റെ അഭാവത്തില്‍, പലതും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെ'ന്നാണ് വിദഗ്ദ്ധരുടെ പക്ഷം.
ആറ് മാസം ബഹിരാകാശത്ത് ചെലവഴിക്കുന്ന 30 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള ഒരു ബഹിരാകാശയാത്രികന്റെ ശക്തിയുടെ പകുതിയോളം നഷ്ടപ്പെടുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഗൈഡഡ് വ്യായാമവും പോഷകാഹാര പദ്ധതിയും ഉള്‍പ്പെടെ ബഹിരാകാശയാത്രികര്‍ക്ക് അവരുടെ ശക്തി വീണ്ടെടുക്കാന്‍ ആറാഴ്ച വരെ പുനരധിവാസം ആവശ്യമായി വരുമെന്ന് പള്‍മണോളജിസ്റ്റും വ്യേമ സേനാംഗവുമായ ഡോ. വിനയ് ഗുപ്ത പറഞ്ഞു.
സൈനസുകളിലെ സമ്മര്‍ദ്ദം മൂലം ഇടയ്ക്കിടെയുള്ള ഓക്കാനം, മണവും രുചിയും നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥ ബഹിരാകാശയാത്രികരെ ബാധിക്കാറുണ്ട്. ഇതു പിന്നീട് വിശപ്പ് നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കാം. ബഹിരാകാശയാത്രികര്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഉയര്‍ന്ന കലോറി ഭക്ഷണക്രമം ഐഎസ്എസിലായിരിക്കുമ്പോള്‍ സുനിതാ വില്യംസിന് പാലിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് 'ദൗത്യത്തില്‍ നേരിട്ട് പങ്കാളിയായ' പേര് വെളിപ്പെടുത്താത്ത ജീവനക്കാരന്‍ ന്യൂയോര്‍ക് ടൈംസിനോടു പറഞ്ഞിരുന്നു.
സുനിതയ്ക്കു വലിയ ഭാരനഷ്ടമുണ്ടായി. അവര്‍ ഇപ്പോള്‍ എല്ലും തൊലിയുമായി. ശരീരഭാരം തിരിച്ചുപിടിക്കുന്നതിനാണ് മുന്‍ഗണനയെന്നു നാസ വൃത്തങ്ങള്‍ പറഞ്ഞു.
മനുഷ്യ ശരീരത്തില്‍ 70 ശതമാനം വെള്ളമാണ്. ഗുരുത്വാകര്‍ഷണം കുറവായിരിക്കുമ്പോള്‍ ഈ ദ്രാവകം 5.6 ലിറ്ററിലധികം ശരീരത്തിലൂടെ മുകളിലേക്ക് നീങ്ങാം.
ചില സന്ദര്‍ഭങ്ങളില്‍, ഇത് 'പഫി ഫേസ് സിന്‍ഡ്രോം' എന്ന് വിളിക്കുന്ന തലയിലെ കോശങ്ങളുടെ കടുത്ത വീക്കത്തിന് കാരണമായേക്കാം. ഇതേസമയം, ശരീരത്തിന്റെ താഴത്തെ ഭാഗത്തു നിന്ന് ദ്രാവകം നഷ്ടപ്പെടുന്നത് നാസ 'ചിക്കന്‍ ലെഗ്' എന്നും 'ബേബി ഫുട്ട്' എന്നും വിളിക്കുന്ന അവസ്ഥയുമുണ്ടാക്കാം. കാലുകള്‍ അസാധാരണമാം വിധം മെലിഞ്ഞതും ദുര്‍ബലവുമായി കാണപ്പെടുന്ന അവസ്ഥയാണിത്.
ഈ സങ്കീര്‍ണതകള്‍ സാധാരണ ഗുരുത്വാകര്‍ഷണത്തില്‍ ഏകദേശം മൂന്ന് ദിവസത്തിനുള്ളില്‍ മാറുമെങ്കിലും, ഭാവിയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ഐഎസ്എസില്‍ ശരീരത്തിന്റെ മുകളിലേക്ക് ദ്രാവക വ്യതിയാനം അനുഭവപ്പെടുന്നത് ബഹിരാകാശയാത്രികരുടെ രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. സ്പേസ് ഫ്‌ലൈറ്റ് വെനസ് ത്രോംബോസിസ് (എസ്വിടി) എന്നറിയപ്പെടുന്ന അവസ്ഥയുമുണ്ടാക്കാം.
സുനിതയും വില്‍മോറും അവരുടെ അപ്രതീക്ഷിത ഐഎസ്എസ് ദൗത്യത്തില്‍ ബഹിരാകാശ വികിരണം വളറെയേറെ ശരീരം കൊണ്ട് ഏറ്റുവാങ്ങിയിട്ടുണ്ട്.
ബഹിരാകാശത്ത് അനുഭവപ്പെടുന്ന വികിരണം ഭൂമിയിലെ സാധാരണ വികിരണ സ്രോതസ്സുകളേക്കാള്‍ അപകടകരമാണ്. ബഹിരാകാശ വികിരണം ആറ്റങ്ങളാല്‍ നിയന്ത്രിതമാണ്. അവയുടെ ഇലക്ട്രോണുകള്‍ക്ക് പ്രകാശത്തിന്റെയത്രയും വേഗമുണ്ട്.
സൗരയൂഥത്തിന് പുറത്തുനിന്നുള്ള സൗരജ്വാലകള്‍, ഗാലക്‌സി കോസ്മിക് കിരണങ്ങള്‍, ഉയര്‍ന്ന ഊര്‍ജ്ജ പ്രോട്ടോണുകള്‍, കനത്ത അയോണുകള്‍ എന്നിവയ്‌ക്കൊപ്പം സൂര്യനില്‍ നിന്ന് പുറന്തള്ളുന്ന കണങ്ങളുമായും ബഹിരാകാശയാത്രികര്‍ക്ക് പോരാടേണ്ടതുണ്ട്.
ഈ കണികകള്‍ ബഹിരാകാശയാത്രികരുടെ ശരീരത്തില്‍ തട്ടുമ്പോള്‍ അവ നമ്മുടെ കോശങ്ങളിലെ ഡിഎന്‍എയുടെ ശൃംഖലകളെ നശിപ്പിക്കുകയും കാന്‍സറിനു കാരണമാവുന്ന വ്യതിയാനങ്ങള്‍ക്കു കാരണമാവുകയും ചെയ്യുന്നു. ഇത് കാന്‍സര്‍, കേന്ദ്ര നാഡീവ്യൂഹത്തിന് കേടുപാടുകള്‍, അസ്ഥികളുടെ ബലക്ഷയം, ഹൃദയ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഡോ. ഗുപ്ത പറഞ്ഞു.
കുറഞ്ഞ ഗുരുത്വാകര്‍ഷണവും അവരുടെ ഹൃദയാരോഗ്യത്തെ ബാധിക്കുന്നു. കാരണം, രക്തവും മറ്റ് ശരീരസ്രവങ്ങളും തലയിലേക്ക് ഇരച്ചു കയറുമ്പോള്‍ ഹൃദയതാളം വ്യത്യാസപ്പെടുന്നു. ഇത് രക്തത്തിന്റെ അളവ് കുറയുന്നതിനും ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും പ്രവര്‍ത്തനം കുറയുന്നതിനും കാരണമാകുമെന്ന് നാസ പറയുന്നു.
ഐഎസ്എസില്‍ ആറുമാസം ചെലവഴിക്കുന്നത് ചര്‍മ്മത്തിനു നാശമുണ്ടാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബഹിരാകാശയാത്രികരുടെ പുറംതൊലി ബഹിരാകാശത്ത് ഏകദേശം 20 ശതമാനത്തോളം കനം കുറഞ്ഞതായി ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഒരുപക്ഷേ കുറഞ്ഞ ഗുരുത്വാകര്‍ഷണമാവാം കാരണം. ഇത് ചര്‍മ്മത്തിന്റെ സ്വയം നന്നാക്കാനുള്ള കഴിവിനെ ക്രമരഹിതമാക്കിയേക്കാം. ബഹിരാകാശ യാത്രികര്‍ക്കു ശരീരം തിണര്‍ക്കുകയും പതിവാണ്. ചര്‍മ്മത്തിലെ മുറിവുകള്‍ ബഹിരാകാശത്ത് സുഖപ്പെടാന്‍ കൂടുതല്‍ സമയമെടുക്കുമെന്നു നാസ പറയുന്നു.
ഈ ദീര്‍ഘകാല ആഘാതങ്ങളെ മറികടക്കാന്‍ ബഹിരാകാശത്ത് നിന്ന് മടങ്ങുന്നവര്‍ക്കായി നാസയ്ക്ക് ഒരു പ്രത്യേക പുനരധിവാസ പരിപാടിയുണ്ട്.
ക്യാപ്സ്യൂളില്‍ നിന്ന് പുറത്തുകടന്ന ഉടന്‍ തന്നെ പരിശോധനകള്‍ ആരംഭിക്കുന്നു. തുടര്‍ന്ന് ഹൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററിലെ അവരുടെ ക്രൂ ക്വാര്‍ട്ടേഴ്സിലേക്ക് പതിവ് ആരോഗ്യ പരിശോധനകള്‍ക്കായി അവരെ കൊണ്ടുപോകും.
ദൈര്‍ഘ്യമേറിയ ദൗത്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന ബഹിരാകാശയാത്രികര്‍ 45 ദിവസത്തെ പുനരധിവാസ പരിപാടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. അവര്‍ക്ക് ദിവസവും രണ്ട് മണിക്കൂര്‍ വ്യായാമം ആവശ്യമാണ്. ഓരോ യാത്രികന്റെയും പ്രത്യേക ആവശ്യങ്ങള്‍ക്കനുസൃതമായാണ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഘട്ടം ഒന്ന്
നാസ ബഹിരാകാശയാത്രികന്റെ ദൗത്യത്തിനു ശേഷമുള്ള പുനരധിവാസ പദ്ധതിയുടെ ആദ്യ ഘട്ടം ശക്തി, വഴക്കം, നടക്കാനുള്ള കഴിവ് എന്നിവ വീണ്ടെടുക്കുന്നതിനാണ് പ്രാധാന്യം നല്കുന്നത്.
ഇതില്‍ നടത്ത പരിശീലന വ്യായാമങ്ങള്‍, ചലന വ്യായാമങ്ങള്‍, തടസ്സ പരിശീലനം എന്നിവ ഉള്‍പ്പെടുന്നു. നടത്തത്തില്‍ ശക്തി, ബാലന്‍സ്, ഏകോപനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത ചലന വ്യായാമങ്ങളാണ് പ്രധാനം. സ്‌ക്വാറ്റുകള്‍, സ്ട്രെയിറ്റ് ലെഗ് ഉയര്‍ത്തല്‍, ഒരു കാലില്‍ നില്‍ക്കുക, ഇരുന്ന് മാര്‍ച്ച് ചെയ്യുക എന്നിവയൊക്കെ ഇതിലുണ്ട്.
ഘട്ടം രണ്ട്
ആദ്യ ഘട്ടത്തില്‍ കുറച്ച് പുരോഗതി വരുത്തിയ ശേഷം, ബഹിരാകാശയാത്രികര്‍ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുന്നു, ഇത് പ്രോപ്രിയോസെപ്റ്റീവ് വ്യായാമങ്ങളും കാര്‍ഡിയോ റീകണ്ടീഷനിംഗും ഉള്‍പ്പെട്ടതാണ്.
ഈ വ്യായാമങ്ങള്‍ ശരീരത്തെ ശക്തിപ്പെടുത്തുകയും ചലനത്തെയും സ്ഥാനത്തെയും കുറിച്ചുള്ള മനസ്സിന്റെ ധാരണ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ട്രെഡ്മില്‍, സ്റ്റേഷണറി ബൈക്ക് തുടങ്ങിയവയുടെ സഹായത്തോടെയാണ് കാര്‍ഡിയോ എക്‌സര്‍സൈസുകള്‍.
സുനിതയും സംഘവും സുരക്ഷിതരായി മടങ്ങിയെത്തി; പുഞ്ചിരിയോടെ ലോകത്തെ അഭിവാദ്യം ചെയ്ത് യാത്രികര്‍
ഘട്ടം മൂന്ന്
മൂന്നാമത്തെ ഘട്ടം ഏറ്റവും ദൈര്‍ഘ്യമേറിയതാണ്. ഫങ്ഷണല്‍ ഡെവലപ്മെന്റ് പരിശീലനത്തിലൂടെ ബഹിരാകാശയാത്രികനെ അവരുടെ ശാരീരിക പ്രകടനത്തിന്റെ ഒപ്റ്റിമല്‍ ലെവലിലേക്ക് തിരികെ കൊണ്ടുവരുന്നതാണിത്. ഈ പരിശീലനം ബഹിരാകാശയാത്രികര്‍ക്ക് അവരുടെ ജോലികള്‍ ചെയ്യുന്നതിനും അവരുടെ ദൈനംദിന ജീവിതത്തില്‍ അനായാസവും കാര്യക്ഷമതയോടെയും പൂര്‍ണമായി പങ്കെടുക്കുന്നതിനും ആവശ്യമായ കഴിവുകള്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്നു.
ഭൂരിഭാഗം ബഹിരാകാശയാത്രികരും 45 ദിവസങ്ങള്‍ക്ക് ശേഷം അവരുടെ റീ-മിഷന്‍ ഫിറ്റ്‌നസ് ലെവലിലേക്ക് മടങ്ങുകയാണ് പതിവ്. എന്നാല്‍ ചിലര്‍ക്ക് സുഖം പ്രാപിക്കാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. കൂടാതെ പല ബഹിരാകാശ സഞ്ചാരികളും അസ്ഥികളുടെ സാന്ദ്രത പൂര്‍ണ്ണമായി പുനഃസ്ഥാപിക്കപ്പെടുന്നില്ലെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
COMMENTS