കൊച്ചി: കുട്ടികളുടെ മുന്നില്‍ വെച്ച് നഗ്നത പ്രദര്‍ശിപ്പിക്കുന്നതും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെ...
കൊച്ചി: കുട്ടികളുടെ മുന്നില്‍ വെച്ച് നഗ്നത പ്രദര്‍ശിപ്പിക്കുന്നതും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി. ഇത്തരം പ്രവൃത്തികള്‍ പോക്സോ വകുപ്പുകള്‍ അനുസരിച്ച് കുറ്റകരമായ പ്രവൃത്തികളാണിതെന്ന് കോടതി വ്യക്തമാക്കി. പ്രതി പോക്സോ, ഐ.പി.സി എന്നിവ പ്രകാരം വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു.
അമ്മയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ചോദ്യം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത മകനെ മര്‍ദ്ദിച്ച കേസിലാണ് ഉത്തരവ്. പോക്സോ, ഐപിസി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയുടെ മുന്നില്‍ ഹര്‍ജിയെത്തിയത്.
ലോഡ്ജില്‍ മുറിയുടെ വാതിലടക്കാതെയാണ് പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതും വാതില്‍ തുറന്നെത്തിയ കുട്ടി രംഗം കണ്ടതും പിന്നാലെ മര്‍ദനമേറ്റുവാങ്ങിയതും. ഇതിന്റെ പേരില്‍ പോക്സോ, ഐപിസി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തത് ശരിയല്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഒരാള്‍ കുട്ടിക്ക് മുന്നില്‍ തന്റെ നഗ്നശരീരം കാണിക്കുന്നത് ആ കുട്ടിയോട് ചെയ്യുന്ന ലൈംഗികാതിക്രമം ആണെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ നിരീക്ഷിച്ചു.
ഇവിടെ ഹര്ജിക്കാരന് നഗ്നനാവുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. വാതില്‍ പൂട്ടാതിരുന്നതു കൊണ്ട് കുട്ടി അകത്തേക്ക് വരികയും അവിടെ നടന്ന കാര്യങ്ങള്‍ കാണുകയും ചെയ്തു. അതുകൊണ്ടുതന്നെ പോക്സോ നിയമത്തിലെ വകുപ്പുകള്‍ നിലനില്‍ക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്. കുട്ടിയെ ഹര്ജിക്കാരന് തല്ലിയെന്ന ആക്ഷേപമുണ്ട്. അതുകൊണ്ട് ക്രിമിനല്‍ നിയമപ്രകാരമുള്ള വകുപ്പുകളും നിലനില്ക്കും.
Key Words: Nudity, Children, Physical Relation, High Court
COMMENTS