NASA’s historic Artemis II mission concluded successfully
എം രാഖി
ഫ്‌ളോറിഡ: ഭൂമിയില്‍ നിന്ന് 4,06,778 കിലോമീറ്റര്‍ അകലേക്ക്, ചരിത്രത്തില്‍ ഒരു മനുഷ്യനും സഞ്ചരിച്ചിട്ടില്ലാത്ത അത്രയും ദൂരേയ്ക്കു, നടത്തിയ ധീരമായ യാത്രയ്ക്ക് ശേഷം ആര്‍ട്ടെമിസ് 2 ദൗത്യം വിജയകരമായി കാലിഫോര്‍ണിയ തീരത്തിന് അടുത്തായി പസഫിക് സമുദ്രത്തില്‍ ലാന്‍ഡ് ചെയ്തു. ഭൂമിയുടെ അന്തരീക്ഷത്തിലൂടെയുള്ള തീപിടിച്ച വേഗത്തിലുള്ള തിരിച്ചിറക്കത്തിന് ഒടുവിലായിരുന്നു സമുദ്രപതനം.
പസഫിക് സമുദ്രത്തിന് മുകളില്‍ പാരച്യൂട്ടുകള്‍ വിടര്‍ന്നപ്പോള്‍, 21-ാം നൂറ്റാണ്ടിലെ മനുഷ്യന്റെ ആദ്യ ചന്ദ്രയാത്ര പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ നാല് ബഹിരാകാശ സഞ്ചാരികളുടെ വിജയകരമായ തിരിച്ചുവരവിനാണ് ലോകം സാക്ഷ്യം വഹിച്ചത്.
നാസയുടെ നേതൃത്വത്തിലുള്ള ഈ ചരിത്ര ദൗത്യം, ഭൂമിയുടെ ഭ്രമണപഥത്തിന് അപ്പുറം മനുഷ്യസാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലെ വലിയൊരു കുതിച്ചുചാട്ടമാണ്.
അഗ്നിഗോളം പോലെ ഓറിയോണ്‍ പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്നുകമാന്ഡര് റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സണ്‍ എന്നിവരടങ്ങുന്ന സംഘം 'ഓറിയോണ്‍' പേടകത്തിലാണ് യാത്ര ചെയ്തത്. മണിക്കൂറില്‍ 40,000 കിലോ മീറ്റര്‍ വേഗത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച പേടകം, പാരച്യൂട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിതമായി സമുദ്രത്തില്‍ ഇറങ്ങി. 10 ദിവസം നീണ്ടുനിന്ന ചന്ദ്രനെ ചുറ്റിയുള്ള യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ യാത്രികരെ നാസയുടെയും നേവിയുടെയും സംഘം ചേര്‍ന്ന് സ്വീകരിച്ചു.
അപ്പോളോ പ്രോഗ്രാമിന് ശേഷം ആദ്യമായാണ് മനുഷ്യന്‍ ചന്ദ്രന്റെ പരിസരത്തേക്ക് യാത്ര ചെയ്യുന്നത് എന്നത് ഈ ദൗത്യത്തെ സവിശേഷമാക്കുന്നു. മുന്‍പ് നടന്ന ആര്‍ട്ടെമിസ് 1 ദൗത്യം മനുഷ്യരില്ലാതെ സംവിധാനങ്ങള്‍ പരിശോധിക്കാനായിരുന്നെങ്കില്‍, ആര്‍ട്ടെമിസ് 2 മനുഷ്യജീവന്‍ നിലനിര്‍ത്താനുള്ള സംവിധാനങ്ങളും ആഴക്കടല്‍ നാവിഗേഷനും പരീക്ഷിക്കാനാണ് ലക്ഷ്യമിട്ടത്.
മനുഷ്യരാശിയുടെ മറ്റൊരു വന്‍കുതിപ്പ്
ദൗത്യത്തിനിടയില്‍ ചന്ദ്രനെ ഭ്രമണം ചെയ്ത യാത്രികര്‍, ചന്ദ്രോപരിതലത്തിന്റെയും ഭൂമി ഉദിച്ചുയരുന്നതിന്റെയും അതിമനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തി. ഭാവിയിലെ ചന്ദ്രനിലിറങ്ങുന്ന ദൗത്യങ്ങള്‍ക്കായി വിവിധ പരീക്ഷണങ്ങളും അവര്‍ നടത്തി.
മടക്കയാത്രയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടം ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശമായിരുന്നു. മണിക്കൂറില്‍ 40,000 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിച്ച പേടകം കഠിനമായ ചൂടിനെ അതിജീവിച്ചാണ് സമുദ്രത്തില്‍ പതിച്ചത്. തിരിച്ചിറങ്ങുമ്പോള്‍ അന്തരീക്ഷവുമായുള്ള ഘര്‍ഷണം നിമിത്തം 2,760 ഡിഗ്രി സെല്‍ഷ്യസ് ചൂട് അനുഭവപ്പെട്ടു. ഈ സമയത്ത് ആറ് മിനിറ്റോളം ആശയവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതു സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളം വരും. തിരിച്ചിറക്കത്തിനായി 11 പാരച്യൂട്ടുകള്‍ അടങ്ങുന്ന സംവിധാനമാണ് വേഗം കുറയ്ക്കാന്‍ സഹായിച്ചത്.
സമുദ്രത്തില്‍ പതിക്കുന്നതിന് 20 മിനിറ്റ് മുമ്പ് യാത്രികരെ പേറുന്ന ഓറിയോണ്‍ മാതൃപേടകത്തില്‍ നിന്ന് വേര്പെടുന്നുആര്ട്ടെമിസ് 2ല്‍ നിന്നുള്ള വിവരങ്ങള്‍ വരാനിരിക്കുന്ന ആര്‍ട്ടെമിസ് 3 ദൗത്യത്തിന് നിര്‍ണ്ണായകമാകും. അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തില്‍ എത്തിക്കുക എന്നതാണ് അടുത്ത ദൗത്യത്തിന്റെ ലക്ഷ്യം. ഇത് ചന്ദ്രനിലേക്കും അവിടെനിന്ന് ചൊവ്വയിലേക്കും നീളുന്ന മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണത്തിലെ പുതിയൊരു യുഗത്തിന്റെ തുടക്കമാണ്.
9 ദിവസം, 1 മണിക്കൂര്‍, 32 മിനിറ്റ് നീണ്ട ദൗത്യത്തിനാണ് ശുഭകരമായ പരിസമാപ്തിയായിരിക്കുന്നത്. കദേശം 11 ലക്ഷം കിലോമീറ്റര്‍ പേടകം സഞ്ചരിച്ചു. 'ഇന്റഗ്രിറ്റി' എന്ന് പേരിട്ടിരുന്ന ഓറിയോണ്‍ പേടകം വളരെ കൃത്യതയോടെയാണ് സമുദ്രത്തില്‍ പതിച്ചത്. അവസാന നിമിഷങ്ങള്‍ ഏറെ നിര്‍ണ്ണായകമായിരുന്നു.
![]() |
സംഘത്തിലുണ്ടായിരുന്ന എല്ലാവരും പൂര്‍ണ്ണ ആരോഗ്യവാന്മാരാണ്. യുഎസ് നേവിയുടെ യുഎസ്എസ് ജോണ്‍ പി. മുര്‍ത്ത എന്ന കപ്പലാണ് പേടകത്തെയും യാത്രികരെയും സ്വീകരിച്ചത്. ലൈഫ് ബോട്ടില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴി കപ്പലിലെത്തിച്ച യാത്രികരെ പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പേടകം ഇനി കെന്നഡി സ്‌പേസ് സെന്ററിലേക്ക് വിശദമായ പരിശോധനയ്ക്കായി കൊണ്ടുപോകും.
ഓറിയോണ്‍ പേടകത്തിലെ ജീവന്‍രക്ഷാ സംവിധാനങ്ങളും താപകവചവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഈ യാത്ര തെളിയിച്ചു. ഇത് 2028-ല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ആര്‍ട്ടെമിസ് 3 ദൗത്യത്തിന് വഴിതുറക്കുന്നു. മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ ഇറക്കുക എന്നതാണ് ആര്‍ട്ടെമിസ് 3-ന്റെ ലക്ഷ്യം.ഈ യാത്രയ്ക്കിടെ ഏപ്രില്‍ 6-ന് ചന്ദ്രന്റെ 4,000 മൈല്‍ അടുത്തെത്തിയ യാത്രികര്‍, ബഹിരാകാശത്ത് നിന്നുള്ള സൂര്യഗ്രഹണത്തിന്റെ മനോഹരമായ ദൃശ്യങ്ങളും പകര്‍ത്തിയിരുന്നു.
![]() | |
| ഓറിയോണ്‍ പേടകം സമുദ്രത്തില്‍ പതിക്കുന്നു |
![]() | |
| യാത്രികരെ ഹെലികോപ്ടറിലേക്കു മാറ്റുന്നു |
![]() | |
| പേടകത്തിനരികില്‍ യുഎസ് നേവി |
![]() | |
| യാത്രികര്‍ ഹെലികോപ്ടറില്‍ കപ്പലിന്റെ ഡെക്കില്‍ ഇറങ്ങുന്നു |
Summary: NASA’s historic Artemis II mission concluded successfully April 10, 2026, marking the first time humans have returned from the Moon’s vicinity in over 50 years.Splashdown OverviewDate: Friday, April 10, 2026Time: 5:07 p.m. PDT (8:07 p.m. EDT / 5:37 a.m. IST, April 11)Location: Pacific Ocean, off the coast of San Diego, CaliforniaMission Duration: Approximately 9 days, 1 hour, and 32 minutesDistance Traveled: 694,481 miles (approx. 1.1 million km)










COMMENTS