ഹൈദരാബാദ്: റൺമല ഒരുക്കി ബംഗ്ലാദേശിനെ കെട്ടുകെട്ടിക്കാൻ മുന്നിൽ നിന്ന് പട നയിച്ച മലയാളി താരം സഞ്ജു സാംസൺ ബാറ്റ് കൊണ്ട് വിമർശകർക്ക് നൽകിയത്...
ഹൈദരാബാദ്: റൺമല ഒരുക്കി ബംഗ്ലാദേശിനെ കെട്ടുകെട്ടിക്കാൻ മുന്നിൽ നിന്ന് പട നയിച്ച മലയാളി താരം സഞ്ജു സാംസൺ ബാറ്റ് കൊണ്ട് വിമർശകർക്ക് നൽകിയത് വ്യക്തമായ മറുപടി.
കേവലം 44 പന്തിൽ 111 റൺസ് അടിച്ചുകൂട്ടിയാണ് സഞ്ജു വിമർശകരുടെ നാവടപ്പിച്ചത്.
സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തിൽ ഇന്ത്യ 133 റൺസിൻ്റെ വിജയമാണ് നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയും ഇന്ത്യ തൂത്തുവാരി.
ആദ്യ രണ്ട് ടി 20 മത്സരങ്ങളിലും തിളങ്ങാൻ കഴിയാതെ പോയ സഞ്ജുവിന് മൂന്നാം മത്സരത്തിൽ അവസരം ലഭിച്ചേക്കില്ല എന്നുവരെ ശ്രുതി ഉണ്ടായിരുന്നു. എന്നാൽ ടീം മാനേജ്മെൻറ് തന്നിൽ അർപ്പിച്ച വിശ്വാസത്തിന് സഞ്ജു ബാറ്റുകൊണ്ട് മറുപടി നൽകുകയായിരുന്നു.
ചേതോഹരമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ബംഗ്ലാ സ്പിന്നർ റിഷാദ് ഹുസൈൻ പത്താം ഓവറിൽ ഉഗ്രരൂപിയായ സഞ്ജുവിന് മുന്നിൽ നിസ്സഹായനാകുന്ന കാഴ്ച മനോഹരമായിരുന്നു.
ഓവറിലെ ആദ്യ പന്തിൽ സഞ്ജുവിന് റൺസ് ഒന്നും എടുക്കാനായില്ല. തൊട്ടടുത്ത 5 പന്തുകളും ഒന്നിന് പിറകെ ഒന്നായി ഗാലറിക്ക് വെളിയിലേക്ക് കൊടുത്തുകൊണ്ട് സഞ്ജു തൻറെ ക്ലാസും ക്രാഫ്റ്റും വ്യക്തമാക്കിയപ്പോൾ ഗാലറികൾ ഇളകി മറിയുകയായിരുന്നു. 30 റൺസ് നേടിയ ഓവറിലൂടെ സഞ്ജു ടി ട്വന്റി ക്രിക്കറ്റിൽ തന്നെ വെല്ലാൻ അധികം പേരില്ലെന്ന് അടിവരയിടുകയായിരുന്നു.
കളിയുടെ തുടക്കത്തിൽ തന്നെ നാല് റൺസുമായി അഭിഷേക് ശർമ പുറത്തായെങ്കിലും സഞ്ജു ഒട്ടും പതറിയില്ല. നല്ല ബോളുകൾ മാത്രമല്ല എല്ലാ ബോളുകളും കളിക്കാനുള്ളതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.
ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മറുവശത്ത് എത്തിയതോടെ സഞ്ജു കൂടുതൽ കരുത്ത് ആർജിക്കുകയായിരുന്നു. ഒരു ഇന്ത്യക്കാരൻ വേഗമേറിയ രണ്ടാമത്തെ ടി ട്വന്റി സെഞ്ചുറി ആണ് സഞ്ജു ഹൈദരാബാദിൽ കുറിച്ചത്. 40 പന്തിലാണ് സഞ്ജു 100 തികച്ചത്.
297 റൺസിന്റെ ടോട്ടൽ ആണ് ഇന്ത്യ ഉയർത്തിയത്. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ടോട്ടലാണിത്.
മറുപടിക്ക് ഇറങ്ങിയ ബംഗ്ലാദേശിന് ഒരിക്കലും ഇന്ത്യയ്ക്ക് ഭീഷണി ഉയർത്താൻ കഴിഞ്ഞില്ല.
COMMENTS