Iran finally confirmed the Israeli attack. Iran says its air defense system successfully countered the Israeli attacks, but suffered "limited damage"
മാത്യു കെ തോമസ്
ദുബായ്: ഒടുവില്‍ ഇസ്രയേലി ആക്രമണം ഇറാന്‍ സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനംവിജയകരമായി നേരിട്ടെങ്കിലും ചില സ്ഥലങ്ങളില്‍ 'പരിമിതമായ നാശനഷ്ടങ്ങള്‍' ഉണ്ടായതായി ഇറാന്‍ പറയുന്നു.
ടെഹ്റാന്‍, ഖുസെസ്ഥാന്‍, ഇലാം പ്രവിശ്യകളിലെ സൈനിക ലക്ഷ്യങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായും ഇറാനിയന്‍ വ്യോമ പ്രതിരോധ വിഭാഗം പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രയേലിന്റെ ഏത് ആക്രമണത്തിനും മറുപടി നല്‍കാന്‍ ഇറാന്‍ തയ്യാറാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നിം റിപ്പോര്‍ട്ടു ചെയ്തു.
''ഇസ്രായേല്‍ എടുക്കുന്ന ഏത് നടപടിക്കും ആനുപാതികമായ പ്രതികരണം നേരിടേണ്ടിവരുമെന്നതില്‍ സംശയമില്ല,'' തസ്‌നിം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ, നിറുത്തിവച്ച വിമാന സര്‍വീസുകള്‍ ഭാഗികമായി ഇറാന്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇറാന്റെ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ടു ചെയ്തു.
ഇതേസമയം, ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ഇസ്രയേല്‍ നല്കിയ മറുപടിയായി ഇപ്പോഴത്തെ ആക്രമണത്തെ കണ്ടാല്‍ മതിയെന്നും ഇനിയും സംഘര്‍ഷം രൂക്ഷമാക്കരുതെന്നും അമേരിക്ക ടെഹ്‌റാനോട് അഭ്യര്‍ത്ഥിച്ചു.
'ഇറാന്‍ ഒരിക്കല്‍ കൂടി പ്രതികരിക്കാന്‍ തീരുമാനിച്ചാല്‍, ഗുരുതരമായ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നും അതു കാണാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും യുഎസ് അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ആക്രമണത്തിന്റെ അവസാനമായിരിക്കണം ഇത്. ലെബനനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കാനും തയ്യാറാണെന്നും ഗാസയിലുള്ള ബന്ദികളുടെ മോചനവും അനിവാര്യമാണെന്നും പ്രസ്താവന തുടരുന്നു.
ഇതേസമയം, ടെഹ്റാന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് ഇസ്രയേല്‍ ലക്ഷ്യം വെച്ചതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ആക്രമണത്തിലെ നാശനഷ്ടങ്ങളെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
ഇതേസമയം, ഇനി എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഇറാന്‍ നേതൃത്വമാണ്. 'ആനുപാതികമായ പ്രതികരണം' ഇസ്രയേല്‍ നേരിടേണ്ടിവരുമെന്നതില്‍ സംശയമില്ലെന്ന് തസ്‌നിം റിപ്പോര്‍ട്ടില്‍ പറയുന്നത് മുഖവിലയ്‌ക്കെടുക്കേണ്ട കാര്യമാണെന്ന് ഇറാനിയന്‍ നിരീക്ഷകര്‍ പറയുന്നു.
ഇനിയൊരു ആക്രമണം എന്ന തെറ്റ് ഇറാന്‍ വരുത്തിയാല്‍, തിരിച്ചടിക്കാന്‍ ബാധ്യസ്ഥരായിരിക്കുമെന്ന് ഇസ്രായേല്‍ സേനാ വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി ഇതിനകം പറഞ്ഞിട്ടുണ്ട്. ഇറാന്‍ ആക്രമണങ്ങളോടുള്ള ഇസ്രയേല്‍ പ്രതികരണം ഞങ്ങള്‍ അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
''ഞങ്ങള്‍ ഇറാനിലെ സൈനിക ലക്ഷ്യങ്ങളില്‍ ടാര്‍ഗെറ്റുചെയ്തതും കൃത്യവുമായ ആക്രമണങ്ങള്‍ നടത്തി. ഇസ്രായേല്‍ രാഷ്ട്രത്തിനെതിരായ അടിയന്തര ഭീഷണികളെ പരാജയപ്പെടുത്തി. ഇസ്രായേല്‍ പ്രതിരോധ സേന അതിന്റെ ദൗത്യം നിറവേറ്റി,'' ഹഗാരി പറഞ്ഞു.
''ഞങ്ങളുടെ സന്ദേശം വ്യക്തമാണ്: ഇസ്രയേല്‍ രാഷ്ട്രത്തെ ഭീഷണിപ്പെടുത്തുകയും പ്രദേശത്തെ സംഘര്‍ഷത്തിലേക്കു വലിച്ചിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന എല്ലാവരും കനത്ത വില നല്‍കേണ്ടിവരും. നിര്‍ണ്ണായകമായി പ്രവര്‍ത്തിക്കാനുള്ള കഴിവും നിശ്ചയദാര്‍ഢ്യവും ഞങ്ങള്‍ക്കുണ്ടെന്ന് ഞങ്ങള്‍ ഇന്ന് തെളിയിച്ചു - ആക്രമണത്തിനും പ്രതിരോധത്തിനും - ഇസ്രയേല്‍ രാഷ്ട്രത്തെയും ഇസ്രയേല്‍ ജനതയെയും പ്രതിരോധിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, ''ഹഗാരി കൂട്ടിച്ചേര്‍ത്തു.
ഇതേസമയം, കാര്യമായ നാശനഷ്ടമൊന്നും തങ്ങള്‍ക്കു സംഭവിച്ചിട്ടില്ലെന്ന് ഇറാന്‍ പറയുന്നത് അവര്‍ ഇനി തിരിച്ചടിക്കില്ലെന്നതിനു തെളിവാണെന്നു മറ്റു ചില വിശകലന വിദഗ്ദ്ധര്‍ പറയുന്നു. ഇറാന്റെ സായുധ സേനയില്‍ നിന്നുള്ള പ്രസ്താവന സ്റ്റേറ്റ് ടെലിവിഷനില്‍ വായിക്കുകയും ചെയ്തു. നാശത്തിന്റെ ചിത്രങ്ങളൊന്നും അതിനൊപ്പം കാണിച്ചതുമില്ല. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ മികവുകൊണ്ടാണ് ഇതു സാദ്ധ്യമായതെന്നും ഇറാന്‍ പറയുന്നു.
ഒക്ടോബര്‍ ഒന്നിന് 200 ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ, സമീപ മാസങ്ങളില്‍ ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാനിയന്‍ സൈനിക സൈറ്റുകള്‍ക്കെതിരായ ഒറ്റരാത്രികൊണ്ട് വ്യോമാക്രമണം പൂര്‍ത്തിയാക്കിയതായി ഐഡിഎഫ് പറഞ്ഞു.
യുദ്ധവിമാനങ്ങള്‍, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍, ചാരവിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ ഡസന്‍ കണക്കിന് ഇസ്രയേലി വ്യോമസേനാ വിമാനങ്ങള്‍ ഇസ്രായേലില്‍ നിന്ന് 2,000 കിലോമീറ്റര്‍ പിന്നിട്ടുള്ള ആക്രമണത്തില്‍ പങ്കെടുത്തു. 'സങ്കീര്‍ണ്ണമായ നടപടിക്കു ശേഷം വിമാനങ്ങള്‍ സുരക്ഷിതമായി ഇസ്രയേലില്‍ തിരിച്ചെത്തിയെന്നും സേനാ വക്താവ് അറിയിച്ചു.
ഒക്ടോബര്‍ 1, ഏപ്രില്‍ 14 തീയതികളില്‍ ഇസ്രയേലിനെതിരായ നേരിട്ടുള്ള ഇറാന്‍ ആക്രമണങ്ങളില്‍ ഉപയോഗിച്ചിരുന്ന വ്യോമ പ്രതിരോധ ബാറ്ററികളും ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണ സൈറ്റുകളും ഉള്‍പ്പെടെയുള്ള ഇറാനിയന്‍ സൈനിക സൈറ്റുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഐഡിഎഫ് പറയുന്നു.
''ഇറാനിലെ വ്യോമാക്രമണത്തിനുള്ള വിശാലമായ സ്വാതന്ത്ര്യം'' തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഭാവി ഓപ്പറേഷനുകള്‍ നടത്തുമെന്നും ഇസ്രയേലി സേന വ്യക്തമാക്കിയിട്ടുണ്ട്.
Summary: Iran finally confirmed the Israeli attack. Iran says its air defense system successfully countered the Israeli attacks, but suffered "limited damage" in some areas.
COMMENTS