ED probe in financial source of Kannur petrol pump issue
സ്വന്തം ലേഖകന്‍
കോഴിക്കോട് : കള്ളപ്പണം വെളുപ്പിക്കലിലൂടെയാണോ കണ്ണൂരില്‍ ഏറെ വിവാദമായി മാറിയിരിക്കുന്ന പെട്രോള്‍ പമ്പിനു വേണ്ടി രണ്ടു കോടി രൂപ കണ്ടെത്തിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി.
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തിലേക്കു നയിച്ച പെട്രോള്‍ പമ്പ് ഇടപാട് ദേശീയ രാഷ്ട്രീയത്തിലേക്കും ചലനങ്ങളുണ്ടാക്കുകയാണ്. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കു പ്രത്യേക താത്പര്യവുമുണ്ട്.
പെട്രോള്‍ പമ്പ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ഭര്‍ത്താവിന്റെ ബിനാമി ഇടപാടാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ നടന്ന പെട്രോള്‍ പമ്പ് ഇടപാടുകളുടെ എന്‍ ഒ സിയെക്കുറിച്ച് അന്വേഷിക്കുമെന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഇന്നലെ പറഞ്ഞിരുന്നു. എഡിഎം കെ നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
കള്ളപ്പണം വെളുപ്പിക്കുന്നതില്‍ പി പി ദിവ്യ കൂട്ടുനിന്നോ എന്നും പരിശോധിക്കുന്നുണ്ട്. പമ്പിന് അപേക്ഷ നല്കിയ പ്രശാന്തന്‍ പരിയാരം മെഡിക്കല്‍ കോളേജിലെ സാധാരണ ജീവനക്കാരനാണ്. ഇയാള്‍ക്ക് ഇത്രയും തുക എങ്ങനെ സമാഹരിക്കാന്‍ കഴിഞ്ഞുവെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇയാള്‍ കരാര്‍ തൊഴിലാളിയായാണ്. കൊച്ചിയില്‍ നിന്നുള്ള ഇഡി സംഘമാണ് പ്രാധമിക പരിശോധന ആരംഭിച്ചിരിക്കുന്നത്. പ്രശാന്തനാണ് നവീന്‍ ബാബുവിനെതിരേ കൈക്കൂലിക്കു പരാതി നല്കിയതായി പറയുന്നത്.
ചെങ്ങളായിയിലെ പള്ളി വക സ്ഥലം 20 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് പ്രശാന്തന്‍ പെട്രോള്‍ പമ്പ് സ്ഥാപിക്കുന്നത്. പമ്പിന് നിരാക്ഷേപ പത്രം നല്കാന്‍ നവീന്‍ ബാബു 98500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പി പി ദിവ്യ ആരോപിച്ചത്. നവീന്‍ ബാബുവിന്റെ യാത്ര അയപ്പു ചടങ്ങില്‍ ക്ഷണിക്കപ്പെടാതെ ചെന്നായിരുന്നു ദിവ്യ ആക്ഷേപം ഉന്നയിച്ചത്. ഇതു പകര്‍ത്താനായി വീഡിയോഗ്രാഫറെയും നിയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൈക്കൂലി വാങ്ങിയെന്നു മുഖ്യമന്ത്രിക്കു പരാതി നല്കിയെന്നാണ് പ്രശാന്തന്‍ പറഞ്ഞത്. പരാതി കിട്ടിയിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസും പറയുന്നു. പി പി ദിവ്യ ഒളിവിലാണ്. അവരെ ഒളിവില്‍ കഴിയാന്‍ പാര്‍ട്ടിയും പൊലീസും സഹായിക്കുന്നുവെന്നാണ് ആരോപണം.
Keywords: ED, Petrol pump, Financial source, ADM, P.P Divya
COMMENTS