Only One Sanju: 97 off 50 Balls; India Crushes West Indies to Reach Semis, Will Face England on March 5
കൊല്‍ക്കത്ത : സഞ്ജു സാംസണ്‍ എന്ന ഒരേയൊരു താരത്തിന്റെ മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ടി 20 ലോക കപ്പിന്റെ സെമിയില്‍ കടന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശകരമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 5 വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്.
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. നാലു പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചു. 50 പന്തില്‍ പുറത്താകാതെ 97* റണ്‍സ് നേടിയ സഞ്ജുവാണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് മികച്ച തുടക്കത്തിന് ശേഷം കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. റോസ്റ്റണ്‍ ചേസും (40) ഷായ് ഹോപ്പും (32) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഇടയ്ക്ക് ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസിനെ സമ്മര്‍ദ്ദത്തിലാക്കി (2/36). അവസാന ഓവറുകളില്‍ റോവ്മാന്‍ പവലും (34*) ജേസണ്‍ ഹോള്‍ഡറും (37*) ചേര്‍ന്ന് നടത്തിയ തകര്‍പ്പന്‍ പ്രകടനം വെസ്റ്റ് ഇന്‍ഡീസ് സ്‌കോര്‍ 195-ല്‍ എത്തിച്ചു.
196 റണ്‍സ് എന്ന വലിയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ സഞ്ജു സാംസണ്‍ ഒറ്റയ്ക്ക് മുന്നില്‍ നിന്ന് നയിച്ചു. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നാണ് കാഴ്ചവച്ചത്.
തന്നെ പലപ്പോഴും തഴയുകയും ബെഞ്ചില്‍ ഇരുത്തുകയും ആക്ഷേപിക്കുകയും ചെയ്തവര്‍ക്കെല്ലാം ബാറ്റുകൊണ്ട് സഞ്ജു മറുപടി നല്കുകയായിരുന്നു. രണ്ടു കളികള്‍ക്കു മുന്‍പ് പോലും സഞ്ജു ടീമിലുണ്ടാവുമോ എന്നു ചോദിച്ചപ്പോള്‍ ക്യാപ്ടന്‍ സൂര്യകുമാര്‍ യാദവ് ആക്ഷേപച്ചിരിയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു നല്കിയത്. അതേ സഞ്ജുവിലൂടെ ഇന്ത്യ സെമിയില്‍ കടക്കുകയാണ്.
തിലക് വര്‍മ്മയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും ചെറിയ പിന്തുണകള്‍ സഞ്ജുവിന് കരുത്തേകി. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടി20 ക്രിക്കറ്റില്‍ വിജയകരമായി പിന്തുടരുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
26 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി തികച്ച സഞ്ജു 50 പന്തില്‍ 97 റണ്‍സ് നേടി. തിലക് വര്‍മ്മ 15 പന്തില്‍ 27 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി.
ഈ മത്സരം ഒരു സെമിഫൈനല്‍ പോലെയായിരുന്നു. വിജയിക്കുന്ന ടീം നേരിട്ട് സെമിയിലേക്ക് യോഗ്യത നേടും, പരാജയപ്പെടുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും എന്നതായിരുന്നു സ്ഥിതി.
സൂപ്പര്‍ 8 ഗ്രൂപ്പ് 1-ല്‍ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ സെമിഫൈനലില്‍ എത്തി. മാര്‍ച്ച് 5-ന് മുംെബയില്‍ നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.


COMMENTS