The serious allegations leveled by left-wing Nilambur MLA PV Anwar against Chief Minister's Political Secretary P Shashi and law and order in-charge
സ്വന്തം ലേഖകന്‍
കോഴിക്കോട് : ഇടതു പക്ഷക്കാരനായ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനും എതിരേ നടത്തിയ ഗുരുതര ആരോപണങ്ങള്‍ സര്‍ക്കാരിനു തലവേദനയായി മാറുന്നു.
സ്വന്തം പക്ഷത്തെ എം എല്‍ എ തന്നെ നടത്തിയ ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ പിടിപ്പുകേടിലേക്കു കൂടിയാണ് വിരല്‍ ചൂണ്ടുന്നതെന്നതും സര്‍ക്കാരിന് അപമാനമായി മാറുന്നു.
മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏല്‍പിച്ച പി ശശി പരാജയമാണെന്നും അദ്ദേഹം ഉത്തരവാദിത്വം നിര്‍വഹിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു. പല പ്രമുഖ പൊലീസ് ഓഫീസര്‍മാരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്നും അന്‍വര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
എഡിജിപി എം ആര്‍ അജിത് കുമാര്‍ സ്വര്‍ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിം ആണോ എന്നു സംശയിച്ചുപോകുമെന്നും അന്‍വര്‍ എംഎല്‍എ പറഞ്ഞു.
മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ഫോണ്‍ ചോര്‍ത്താന്‍ എഡിജിപിക്ക് സംവിധാനമുണ്ട്. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാതെ പാര്‍ട്ടിയെയും ഗവണ്‍മെന്റിനെയും ഇല്ലായ്മ ചെയ്യാന്‍ അജിത് കുമാറിന്റെ ഒപ്പമുള്ള കേരള പൊലീസിലെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു.
പത്തനംതിട്ട എസ് പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം ഉപയോഗിച്ച് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നു. അജിത് കുമാറും സുജിത് ദാസുമൊക്കെ ചെയ്യുന്ന കാര്യങ്ങളുടെ പഴി മുഖ്യമന്ത്രിക്കാണ്. 29 വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നു. നാലു ചായപ്പീടിക കൈകാര്യം ചെയ്യാന്‍ ഒരാള്‍ക്ക് കഴിയുമോ എന്നും അന്‍വര്‍ ചോദിക്കുന്നു. ഇതോടെ, മുഖ്യമന്ത്രി വകുപ്പുകള്‍ മറ്റാര്‍ക്കും കൊടുക്കാതെ കൈവശം വച്ചിരിക്കുകയാണെന്നും അതൊന്നും നന്നായി നോക്കി നടത്താന്‍ കഴിയുന്നില്ലെന്നുമുള്ള വ്യംഗ്യവും ഈ വാക്കുകളിലുണ്ട്.
വിശ്വസിച്ച് ഏല്‍പ്പിച്ചത് പി ശശിയെയാണ്. അദ്ദേഹം പരാജയപ്പെട്ടു. അദ്ദേഹം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു കൊള്ളനടക്കുമോയെന്നും അന്‍വര്‍ ചോദിക്കുന്നു. മുഖ്യമന്ത്രിയെ പിതാവിന്റെ സ്ഥാനത്താണ് കാണുന്നത്. അദ്ദേഹത്തിന് പാര വയ്ക്കാനുള്ള ശ്രമം മകനെന്ന നിലയില്‍ തടുക്കേണ്ടത് എന്റെ ബാധ്യതയാണ്. അതാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്റെ ജീവന്‍ അപകടത്തിലാണെന്ന് അറിയാം. കൊന്നും കൊല്ലിച്ചും പരിചയമുള്ള ടീമിനോടാണ് ഏറ്റുമുട്ടുന്നത്.
ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസര്‍മാര്‍ രാജ്യവിരുദ്ധ പ്രവൃത്തികള്‍ ചെയ്യുന്ന ക്രിമിനലുകളായിരിക്കുന്നു. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ജനങ്ങളെയും ഇക്കാര്യം ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യം.
അരീക്കോട്ടെ നവകേരള സദസ് അലങ്കോലമാക്കിയപ്പോള്‍ പൊലീസ് ഇടപെടാതെ നോക്കി നിന്നു. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഇല്ലായ്മ ചെയ്യുന്ന ഗ്രൂപ്പാണിത്.
മറ്റൊരാളുമായി അജിത് കുമാറിന്റെ ഭാര്യ സംസാരിക്കുന്ന കോള്‍ റെക്കോര്‍ഡ് എന്റ പക്കലുണ്ട്. അപ്പുറത്ത് മറ്റൊരാളുണ്ട്. കൊലപാതകം നടത്തിച്ചിട്ടുണ്ട്. വാദിയും പ്രതിയും നിങ്ങളുടെ മുമ്പില്‍ വരുമെന്നും അന്‍വര്‍ പറയുന്നു.
സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് മാമി എന്ന കോഴിക്കോട്ടെ കച്ചവടക്കാരനെ ഒരുവര്‍ഷമായി കാണാനില്ല. കൊണ്ടുപോയി കൊന്നതായിരിക്കണം. അതും കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ്.
ദുബായില്‍ നിന്ന് സ്വര്‍ണം വരുമ്പോള്‍ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസില്‍ നല്ല ബന്ധമുണ്ട് സുജിത് ദാസ് അറിയും. കസ്റ്റംസില്‍ അയാള്‍ നേരത്തെ ഉദ്യോഗസ്ഥനായിരുന്നു. സ്‌കാനിങ്ങില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം കാണ്ടാലും അത് കണ്ടതായി നടിക്കില്ല. പകരം അവര്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വര്‍ണം അടിച്ചുമാറ്റും. ഇത് പൊലീസും കസ്റ്റംസും പങ്കിട്ടെടുക്കും. ഇതാണ് ഇവരുടെ രീതി. എം ആര്‍ അജിത്കുമാറാണ് സുജിത് ദാസിനെ നിയന്ത്രിക്കുന്നത്.
ഇന്ദിരാഗാന്ധി പേഴ്സണല്‍ സ്റ്റാഫിന്റെ വെടിയേറ്റാണ് മരിച്ചത്. അതുപോലെ മുഖ്യമന്ത്രിയെ കൊലച്ചതിക്ക് വിട്ടുകൊടുക്കില്ല. പാര്‍ട്ടിക്ക് വേണ്ടി മരിക്കാനും തയ്യാറാണെന്നും അന്‍വര്‍ പറഞ്ഞു.
Summary: The serious allegations leveled by left-wing Nilambur MLA PV Anwar against Chief Minister's Political Secretary P Shashi and law and order in-charge ADGP MR Ajith Kumar are becoming a headache for the government.
Officers who are supposed to maintain law and order have become criminals committing anti-national acts. His mission is to convince the party, the government and the people about this.
COMMENTS