കൊച്ചി: സിനിമയിൽ ഒരു ശക്തി കേന്ദ്രവുമില്ലെന്നും ശക്തികേന്ദ്രങ്ങൾക്ക് സിനിമയിൽ നിലനിൽക്കാനാവില്ലെന്നും നടൻ മമ്മൂട്ടി. താര സംഘടനയായ അമ്മയുടെ...
കൊച്ചി: സിനിമയിൽ ഒരു ശക്തി കേന്ദ്രവുമില്ലെന്നും ശക്തികേന്ദ്രങ്ങൾക്ക് സിനിമയിൽ നിലനിൽക്കാനാവില്ലെന്നും നടൻ മമ്മൂട്ടി.
താര സംഘടനയായ അമ്മയുടെ മുൻപ്രസിഡന്റ് മോഹൻലാൽ ഇന്നലെ മാധ്യമങ്ങളെ കണ്ടതിനു പിന്നാലെയാണ് മമ്മൂട്ടിയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ഉണ്ടായ വിവാദങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും പുലർത്തിയ നിശ്ശബ്ദത വലിയ വിവാദങ്ങൾക്ക് ഇടവച്ചിരുന്നു.
ഫേസ്ബുക്കിലെ കുറിപ്പിലൂടെയാണ് മമ്മൂട്ടി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ പ്രതികരണത്തിന്റെ പ്രസക്തഭാഗങ്ങൾ :
മലയാള സിനിമ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് ഈ കുറിപ്പിന് ആധാരം. പ്രശ്നത്തിൽ സംഘടനയുടെ നേതൃത്വം ആദ്യം പ്രതികരിക്കുക എന്നതാണ് സംഘടനാ രീതി. അതിനുശേഷമാണ് അംഗങ്ങളുടെ പ്രതികരണം വരേണ്ടത്. അതിനാലാണ് പ്രതികരിക്കാൻ വൈകിയത്.
സമൂഹത്തിൻറെ പരിച്ഛേദമാണ് സിനിമ. അതിനാൽ തന്നെ സമൂഹത്തിലെ എല്ലാ നന്മ തിന്മകളും സിനിമയിലും ഉണ്ട്.
സിനിമാ രംഗത്തെ സമൂഹം സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സിനിമയിലെ ചെറുതും വലുതുമായ കാര്യങ്ങൾ സമൂഹത്തിൽ വലിയ ചർച്ചയ്ക്കിടയാക്കും.
അനഭിലഷണീയമായതൊന്നും സിനിമയിൽ സംഭവിക്കാതിരിക്കാൻ ജാഗരൂകരാകേണ്ടതുണ്ട്.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ചിലത് സിനിമയിൽ ഉണ്ടായതിനാൽ ആണ് പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ ജസ്റ്റിസ് ഹേമാ കമ്മിറ്റിയെ നിയോഗിച്ചത്.
റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പരിഹാര മാർഗങ്ങൾ നടപ്പാക്കുന്നതിനെ സർവ്വാത്മനാ പിന്തുണയ്ക്കുന്നു. ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്.
കമ്മിറ്റി റിപ്പോർട്ട് ഇപ്പോൾ കോടതിയുടെ മുന്നിലുണ്ട്. പൊലീസ് ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കട്ടെ. ശിക്ഷാവിധികളും കോടതി തന്നെ തീരുമാനിക്കട്ടെ.
സിനിമയിൽ ഒരു ശക്തി കേന്ദ്രവുമില്ല. അങ്ങനെ ഒന്ന് നിലനിൽക്കാൻ പറ്റിയ ഇടവുമല്ല സിനിമ.
ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ആവശ്യമെങ്കിൽ സർക്കാർ നിയമനിർമാണം തന്നെ നടത്തണമെന്നും അഭ്യർത്ഥിക്കുന്നു.
Keywords: Mammootty, Mohanlal, Amma, Malayalam cinema, Justice Hema, Hema committee, WCC
COMMENTS