നിലമ്പൂര്‍: പി.വി. അന്‍വറിനെതിരെ നിലമ്പൂരില്‍ നടത്തിയ പ്രതിഷേധത്തില്‍ വാക്കുകള്‍ അതിരു കടന്നു. 'ഗോവിന്ദന്‍ മാഷൊന്നു ഞൊടിച്ചാല്‍ കയ്യും ക...
നിലമ്പൂര്‍: പി.വി. അന്‍വറിനെതിരെ നിലമ്പൂരില്‍ നടത്തിയ പ്രതിഷേധത്തില്‍ വാക്കുകള്‍ അതിരു കടന്നു. 'ഗോവിന്ദന്‍ മാഷൊന്നു ഞൊടിച്ചാല്‍ കയ്യും കാലും വെട്ടിയെടുത്ത് പുഴയില്‍ തള്ളും', 'പൊന്നേയെന്ന് വിളിച്ച നാവില്‍ പോടായെന്ന് വിളിക്കാനറിയാം' തുടങ്ങിയ കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു അന്‍വറിനെതിരെ പ്രതിഷേധക്കാര്‍ എത്തിയത്.
അന്‍വര്‍ നടത്തുന്ന ആക്ഷേപങ്ങള്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എം.വി.ഗോവിന്ദന്‍ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് നിലമ്പൂരില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. ചെങ്കൊടി തൊട്ട് കളിക്കണ്ട എന്ന ബാനറും അന്‍വറിന്റെ കോലവുമായാണ് പ്രകടനം നീങ്ങിയത്. ഇരുന്നൂറിലധികം ആളുകള്‍ പങ്കെടുത്ത നിലമ്പൂരിലെ പ്രതിഷേധ പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ അന്‍വറിന്റെ കോലം കത്തിച്ചു. മലപ്പുറത്തെ 18 ഏരിയാ കമ്മറ്റികളും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
സിപിഎമ്മുമായി അന്‍വറിന് ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്നും ഗോവിന്ദന്‍ പ്രഖ്യാപിച്ചിരുന്നു. തനിക്കെതിരെ മൂര്‍ദ്ധാബാദ് വിളിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പിന്നീട് തനിക്ക് സിന്ദാബാദ് വിളിച്ചിട്ടുണ്ടെന്ന് ഗോവിന്ദന്റെ ആഹ്വാനത്തോട് അന്‍വര്‍ പ്രതികരിച്ചു.
പാര്‍ട്ടി സഖാക്കളുടെ വിഷയങ്ങളില്‍ താന്‍ നടത്തിയ അന്വേഷണം പോലും സി പി എം നടത്തുന്നില്ല'. ഞാന്‍ കമ്യൂണിസം പഠിച്ച് വന്നതല്ല. സാധാരണക്കാര്‍ക്ക് വേണ്ടി പോരാടുന്ന സംഘടനയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. സാധാരണ പാര്‍ട്ടിക്കാര്‍ക്ക് ഒപ്പമാണ് ഞാന്‍. ആര്‍ക്കൊപ്പം വേണമെന്ന് പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടേയെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.
Key words: PV Anwar, Slogan, CPM, MV Govindan
COMMENTS