അഭിനന്ദ് ന്യൂഡല്‍ഹി : ബംഗ്ലാദേശില്‍ നടന്ന അട്ടിമറിക്കും അക്രമങ്ങള്‍ക്കും പിന്നില്‍ അമേരിക്കയാണെന്ന് സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന...
അഭിനന്ദ്
ന്യൂഡല്‍ഹി : ബംഗ്ലാദേശില്‍ നടന്ന അട്ടിമറിക്കും അക്രമങ്ങള്‍ക്കും പിന്നില്‍ അമേരിക്കയാണെന്ന് സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന.
സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് രാജ്യത്തോട് നടത്താന്‍ ഹസീന തയ്യാറാക്കിയ പ്രസംഗത്തിലാണ് ഈ വിവരമുള്ളത്.
അട്ടിമറിക്ക് മുന്‍പ് രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഹസീന ആഗ്രഹിച്ചിരുന്നുവെങ്കിലും നടന്നില്ല. ഇതിനായി തയ്യാറാക്കിയ പ്രസംഗത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ബംഗ്ലാദേശില്‍ അമേരിക്കയ്ക്ക് രഹസ്യ താത്്പര്യങ്ങള്‍ ഉണ്ടായിരുന്നു. രാജ്യത്തിന്റെ ഭാഗമായ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് അമേരിക്കയ്ക്ക് താത്പര്യമുള്ള ഒന്നാണ്. അവിടെ സൈനിക താവളം സ്ഥാപിക്കുന്നതിന് അമേരിക്ക ശ്രമിച്ചിരുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ അധീശത്വം സ്ഥാപിക്കുന്നതിനാണ് അമേരിക്ക സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് ആവശ്യപ്പെട്ടത്. രാജ്യത്തിന്റെ പരമാധികാരത്തിന് തന്നെ ഭീഷണിയാകുന്ന ഈ നടപടിക്ക് താന്‍ കൂട്ടുനില്‍ക്കാതിരുന്നതുകൊണ്ടാണ് അമേരിക്ക രാജ്യത്ത് അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയതും തന്നെ പുറത്താക്കിച്ചതുമെന്ന് ഹസീന പ്രസംഗത്തില്‍ പറയാനിരുന്നതാണ്.
പ്രക്ഷോഭകാരികള്‍ ഢാക്കയിലെ ഔദ്യോഗിക വസതിയില്‍ കടക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്യാനാവാതെ ഹസീന ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
ബംഗ്ലാദേശിന്റെ തെക്കേ അറ്റത്ത് ഒഡീഷയ്ക്ക് അഭിമുഖമായാണ് സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് വരുന്നത്. അമേരിക്ക കുറെ കാലമായി നോട്ടമിട്ടിട്ടുള്ള പ്രദേശമാണിത്. ഇവിടെ സൈനിക താവളം സ്ഥാപിച്ചാല്‍ സുരക്ഷിതമായി ബംഗാള്‍ ഉള്‍ക്കടലിലും തുടര്‍ന്ന് അറബിക്കടലിലും മേധാവിത്വം പുലര്‍ത്താം എന്നാണ് അമേരിക്കയുടെ പ്രതീക്ഷ. മാത്രമല്ല മെഡഗാസ്‌കറിന് സമീപമുള്ള അവരുടെ അരിവോ നിമാമോ വ്യോമ താവളത്തിലേക്ക് നേരിട്ട് ബന്ധപ്പെടാനും സെന്റ് മാര്‍ട്ടിന്‍സില്‍ നിന്ന് കഴിയും.
ബംഗാള്‍ ഉള്‍ക്കടലില്‍ അമേരിക്കയുടെ അപ്രമാദിത്വം അനുവദിച്ചുകൊടുത്തിരുന്നുവെങ്കില്‍ തനിക്ക് ഭരണത്തില്‍ തുടരാന്‍ കഴിയുമായിരുന്നു.
വിദ്യാര്‍ത്ഥികളെ കരുവാക്കി രാജ്യത്ത് അസ്ഥിരത ഉണ്ടാക്കുകയായിരുന്നു. മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് അധികാരം ഉപേക്ഷിച്ചത്. വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ക്ക് മുകളിലൂടെ അധികാരം പിടിച്ചെടുക്കാനാണ് അവര്‍ ആഗ്രഹിച്ചത്. അത് എനിക്ക് അനുവദിക്കാന്‍ കഴിയില്ല.
മതമൗലികവാദികളുടെ കൈകളില്‍ വീണുപോകരുതെന്ന് രാജ്യത്തോട് അപേക്ഷിക്കുകയാണ്. പ്രധാനമന്ത്രിസ്ഥാനം ഞാന്‍ ഒഴിയുന്നു. ഞാന്‍ ഇനിയും ബംഗ്ലാദേശില്‍ തുടര്‍ന്നാല്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാന്‍ അത് കാരണമായേക്കാം.
പ്രതീക്ഷ നഷ്ടപ്പെടരുത്. ഞാന്‍ തിരിച്ചു വരും. രാജിവയ്ക്കാനും രാജ്യം വിടാനുമുള്ള തീരുമാനം വളരെ പ്രയാസമേറിയതാണ്. ജനങ്ങള്‍ തിരഞ്ഞെടുത്തതുകൊണ്ടാണ് ഞാന്‍ അവരുടെ നേതാവായത്. ജനങ്ങളാണ് എന്റെ ശക്തി, വായിക്കാനാകാതെ പോയ പ്രസംഗത്തില്‍ ഹസീന പറയുന്നു.
Keywords: Sheik Hasina, US, India, St. Martins Island
COMMENTS