The Justice Hema Committee report on malpractices in Malayalam cinema turns out to be a boomerang for the state government
ദീപക് നമ്പ്യാര്‍
കൊച്ചി: മലയാള സിനിമയിലെ കൊള്ളരുതായ്മകള്‍ സംബന്ധിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ബൂമറാങ്ങായി മാറുന്നു. ഇടതു സഹയാത്രികനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ വന്ന ആരോപണങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ കൂടി ബാധിക്കുന്ന വിഷയമായി മാറുകയാണ്.
പാലേരിമാണിക്യം എന്ന സിനിമ ചെയ്യുന്ന സമയത്ത് രഞ്ജിത്ത് ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് ബംഗാളി നടി ശ്രീലേഖാ മിത്ര വെളിപ്പെടുത്തിയിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായാണ് ശ്രീലേഖാ മിത്രയുടെ വെളിപ്പെടുത്തലും വന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് സാക്ഷിയുമുണ്ട്.
ശ്രീലേഖ പറയുന്നത് കള്ളമാണെന്നും അവര്‍ വേട്ടക്കാരിയും താന്‍ ഇരയുമെന്നാണ് ഇപ്പോള്‍ രഞ്ജിത്ത് ന്യായവാദം നിരത്തുന്നത്. ഇത് പക്ഷേ ആരും മുഖവിലക്ക് എടുക്കുന്നില്ല. രഞ്ജിത്തിനെ ചുമന്ന് പാര്‍ട്ടിയും സര്‍ക്കാരും നാറേണ്ടതില്ലെന്ന് സിപിഎമ്മില്‍ ഒരു വിഭാഗം സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
രഞ്ജിത്തിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കേരളത്തില്‍ ആരെങ്കിലും സഹായിക്കാന്‍ തയ്യാറായാല്‍ കേസുമായി മുന്നോട്ടു പോകുമെന്നും ശ്രീലേഖാ മിത്ര ഇന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
രഞ്ജിത്ത് വിഷയവും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയവും കൈകാര്യം ചെയ്യുന്ന സിനിമാ മന്ത്രി സജി ചെറിയാന് ഒരു വിവരവുമില്ലല്ലെന്നും സംവിധായകന്‍ ആഷിഖ് അബു ഇന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്.
സംവിധായകനും അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് ഇന്ത്യ കണ്ടപ്രഗല്‍ഭനായ കലാകാരനാണെന്നും രേഖാമൂലം പരാതി കിട്ടാതെ കേസെടുക്കാന്‍ പറ്റില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. രഞ്ജിത്തിനെ വെള്ളപൂശിയും സംരക്ഷിച്ചും മന്ത്രി നടത്തിയ പരാമര്‍ശം വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ കേസെടുക്കാനാവില്ലെന്നും പരാതി കിട്ടിയാല്‍ എത്ര ഉന്നതന്‍ ആണെങ്കിലും നടപടി എടുക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. രഞ്ജിത്തിന്റെ കാര്യത്തിലും അതാണ് പറയാനുള്ളതെന്നും സജി ചെറിയാന്‍ പറഞ്ഞു. ഇതോടെ, രഞ്ജിത്തിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ മൗനപിന്തുണയുണ്ടെന്നു സജി ചെറിയാന്‍ പറയാതെ പറയുകയാണ്.
സിപിഎമ്മിന് വളരെ വേണ്ടപ്പെട്ട ആളാണ് ആഷിക് അബുവും. അദ്ദേഹം സര്‍ക്കാരിനെതിരെ രംഗത്തുവന്നത് ഇടതുപക്ഷത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
മന്ത്രിയെ തിരുത്താന്‍ പാര്‍ട്ടി തയ്യാറാകണമെന്നും രഞ്ജിത്തിനെ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ആഷിക് അബു ആവശ്യപ്പെട്ടു. ബംഗാളി നടിയുടേത് ആരോപണമല്ല വെളിപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു.
ആരെയൊക്കെയോ സംരക്ഷിക്കാനാണ് സജി ചെറിയാന്‍ ശ്രമിക്കുന്നതെന്നും അത് നടക്കുന്ന കാര്യമല്ലെന്നും സാമാന്യബുദ്ധിയുള്ള ആരെങ്കിലും സര്‍ക്കാരില്‍ നിന്ന് ഈ വിഷയം സംസാരിക്കാന്‍ മുന്നോട്ട് വരണമെന്നും ആഷിക് അബു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രരഞ്ജിത്ത് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സജി ചെറിയാന്‍ കേരളത്തിന് സാംസ്‌കാരിക മന്ത്രി അല്ല സാംസ്‌കാരിക ബാധ്യതയാണെന്നും രാഹുല്‍ പറഞ്ഞു.
ഇതിനിടെ, രഞ്ജിത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്തു വരികയാണ്. ധാര്‍മികത അല്പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ അക്കാഡമി ചെയര്‍മാനെ ഉടന്‍ പുറത്താക്കണമെന്ന് സംവിധായകന്‍ ഡോ. ബിജു ആവശ്യപ്പെട്ടു.
ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുന്ന ആള്‍ക്കെതിരേ ലൈംഗിക ആരോപണം ഉയര്‍ന്നത് നിസ്സാരമായി കാണാന്‍ സാധിക്കില്ലെന്ന് ഡോ. ബിജു പറഞ്ഞു.
Summary: The Justice Hema Committee report on malpractices in Malayalam cinema turns out to be a boomerang for the state government. The allegations leveled against Ranjith, a fellow leftist and chairman of the State Film Academy, are becoming an issue affecting the government's image as well.
COMMENTS