തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കാണാതായ അസം സ്വദേശി പെൺകുട്ടിയെ വിശാഖപട്ടണത്തു വച്ച് ട്രെയിനിൽ കണ്ടെത്തുമ്പോൾ ഒരു സംഘം പുരുഷന്മാർ കു...
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കാണാതായ അസം സ്വദേശി പെൺകുട്ടിയെ വിശാഖപട്ടണത്തു വച്ച് ട്രെയിനിൽ കണ്ടെത്തുമ്പോൾ ഒരു സംഘം പുരുഷന്മാർ കുട്ടിയെ വിട്ടുകൊടുക്കാതിരിക്കാൻ ശ്രമിച്ചുവെന്ന് മലയാളി അസോസിയേഷൻ പ്രവർത്തകർ.
1 3 കാരിയെ കയറി കണ്ടെത്തുമ്പോൾ ജനറൽ കമ്പാർട്ട്മെന്റിൽ ഒരു സംഘം പുരുഷന്മാർക്കിടയിലായിരുന്നു കുട്ടി. ബർത്തിൽ കിടന്നുറങ്ങുന്ന കുട്ടിയെ പുറത്തിറക്കാൻ ശ്രമിച്ചപ്പോൾ കുട്ടി തങ്ങൾക്കൊപ്പമുള്ളതാണെന്ന് പറഞ്ഞ് ഇവർ എതിർക്കുകയായിരുന്നു.
എന്നാൽ, മലയാളി അസോസിയേഷൻ പ്രവർത്തകർ ചോദ്യം ചെയ്തതോടെ ഇവർ പിൻവാങ്ങുകയായിരുന്നു.
താംബരത്തുനിന്ന് പശ്ചിമ ബംഗാളിലേക്ക് പോയ ട്രെയിനിലെ ജനറൽ കമ്പാർട്ട്മെൻറിലാണ് കുട്ടി ഉണ്ടായിരുന്നത്.
രണ്ടു ദിവസമായി ഭക്ഷണം കഴിക്കാതെ വെള്ളം മാത്രം കുടിച്ചു കഴിഞ്ഞിരുന്ന കുട്ടി തീരെ അവശയായിരുന്നു. രക്ഷിച്ച ഉടൻതന്നെ കുട്ടിയെ റെയിൽവേ പൊലീസിന് കൈമാറുകയും ഭക്ഷണം വാങ്ങി നൽകുകയും ചെയ്തു. ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം ഒഴിച്ചാൽ മറ്റ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് വനിതാ പൊലീസ് ഉൾപ്പെടെയുള്ള സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്.
അമ്മ തല്ലിയതിന്റെ വിഷമത്തിലാണ് വീടുവിട്ടതെന്ന് കുട്ടി റെയിൽവേ പൊലീസിനോട് പറഞ്ഞു.
കഴക്കൂട്ടത്തെ സ്കൂളിൽ തോട്ടപ്പണി ചെയ്യുന്ന അസം സ്വദേശിയുടെ മകളാണ് കുട്ടി. കേരളം ജീവിക്കാൻ നല്ല സ്ഥലമാണെന്നു പറഞ്ഞ് ഒരു മാസം മുൻപാണ് ഇദ്ദേഹം കുടുംബത്തെ ഇവിടെ കൊണ്ടുവന്നത്. ഇപ്പോൾ ഭാര്യയും ഭർത്താവിനെ സഹായിക്കാനായി സ്കൂളിൽ പോകാറുണ്ട്.
ഇതിനിടെ, ചേച്ചി അടിച്ചതായി ഇളയ കുട്ടി അമ്മയെ വിളിച്ച് പരാതി പറഞ്ഞു. ഇങ്ങനെയാണ് അമ്മ വീട്ടിലെത്തി മൂത്ത കുട്ടിയെ ശകാരിച്ചതും ഒരു അടി കൊടുത്തതും.
അമ്മ പോയതിന് പിന്നാലെ ഏതാനും വസ്ത്രങ്ങളും എടുത്ത് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. കുട്ടിയുടെ കൈവശം ഉണ്ടായിരുന്നത് 50 രൂപ മാത്രമാണ്.
കന്യാകുമാരിയിലേക്കുള്ള ഐലൻഡ് എക്സ്പ്രസിലാണ് കുട്ടി കയറിയത്. ട്രെയിനിൽ സഹയാത്രികയായിരുന്നു നെയ്യാറ്റിൻകര സ്വദേശി ബബിത എടുത്ത ചിത്രമാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായത്.
എതിർവശത്ത് കണ്ണീർ തുടച്ച് ഇരുന്ന കുട്ടിയുടെ ചിത്രം ബബിത എടുക്കുകയായിരുന്നു. ചിത്രം എടുത്തതിന് കുട്ടി ദേഷ്യപ്പെടുകയും ചെയ്തു. കമ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന മറുനാടൻ തൊഴിലാളികളുടെ ഒപ്പമുള്ള കുട്ടിയായിരിക്കുമെന്ന് കൂട്ടുകാരികൾ പറഞ്ഞതിനാൽ ബബിത അധികം ശ്രദ്ധ കൊടുത്തില്ല. പിന്നീട് പെൺകുട്ടിയെ കാണാതായ വാർത്ത മാധ്യമങ്ങളിൽ വന്നപ്പോഴാണ് താൻ എടുത്ത ഫോട്ടോ ബബിത പരിശോധിച്ചത്. കാണാതായ കുട്ടി തന്നെയാണ് അതെന്ന് ഉറപ്പിച്ചതോടെ ബബിത വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.. കുട്ടിയെ കണ്ടതായി കന്യാകുമാരിയിലെ ഓട്ടോ ഡ്രൈവർമാരും ശുചീകരണ തൊഴിലാളിയും പറഞ്ഞതോടെ പൊലീസ് കൂടുതൽ ജാഗ്രതയിലായി.
മകളെ കണ്ടെത്തുന്നതിൽ സഹായിച്ച എല്ലാവർക്കും രക്ഷിതാക്കൾ നന്ദി പറഞ്ഞു. മകളെ കാണാതായ നിമിഷം മുതൽ കരച്ചിലിലായിരുന്ന അമ്മയ്ക്കും ആശ്വാസമായി. കുട്ടിയെ ഫോണിൽ വിളിച്ച് സമാശ്വസിപ്പിക്കുകയും ചെയ്തു രക്ഷിതാക്കൾ.
Keywords: Kerala, Train, Assam, Missing child, Police, Malayali association, Visakhapatnam
COMMENTS