Charge sheet on health minister's office bribe case
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിനെതിരായ കോഴ ആരോപണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കന്റോണ്‍മെന്റ് പൊലീസ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് പറയുന്നത്.
മന്ത്രിയുടെ പി.എ അഖില്‍ മാത്യുവിനും ആരോഗ്യവകുപ്പിനും തട്ടിപ്പില്‍ പങ്കില്ലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ രാഷ്ട്രീയ ഗൂഢാലോചന ഇല്ലെന്നും സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടാണെന്നും പറയുന്നു.
എ.ഐ.എസ്.എഫ് മുന്‍ നേതാവ് കെ.പി ബാസിത്, ലെനിന്‍ രാജ്, പത്തനംതിട്ടയിലെ സി.ഐ.ടി.യു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവ് എന്നിവരടക്കം നാലു പ്രതികള്‍ നടത്തിയ തട്ടിപ്പാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഡോക്ടറുടെ നിയമനത്തിനു വേണ്ടി ആരോഗ്യമന്ത്രിയുടെ പി.എ അഖില്‍ മാത്യു സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ച് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നതായിരുന്നു മലപ്പുറം സ്വദേശിയായ ഹരിദാസിന്റെ ആരോപണം.
എന്നാല്‍ മന്ത്രിയുടെ ഓഫീസിനെതിരായ കോഴ ആരോപണം കെട്ടിച്ചമച്ചത് മാത്രമാണെന്നാണ് കുറ്റപത്രത്തില്‍ പ്രധാനമായും പറയുന്നത്.
Keywords: Bribe case, Health minister office, Charge sheet , Court
COMMENTS